ന്യൂദല്‍ഹി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദീര്‍ഘകാല കല്‍ക്കരി വൈദ്യുതി കരാറുകള്‍ കൂട്ടത്തോടെ സ്വന്തമാക്കി അദാനി ഗ്രൂപ്പ്. ‘ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2024ല്‍ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘകാല കല്‍ക്കരി വൈദ്യുതി വാങ്ങല്‍ കരാറുകള്‍ പുനരാരംഭിച്ചതിന് പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കരാറുകള്‍ അദാനി ഗ്രൂപ്പ് കൂട്ടത്തോടെ സ്വന്തമാക്കിയത്.
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഏകദേശം 13.27 ലക്ഷം കോടി രൂപയുടെ വന്‍ വരുമാനമാണ് ഈ കരാറുകളിലൂടെ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
2024 മാര്‍ച്ചിനും 2026 ജനുവരിക്കും ഇടയില്‍ രാജ്യത്ത് ആകെ 12 ദീര്‍ഘകാല വൈദ്യുതി കരാറുകളാണ് ലേലം ചെയ്തത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആകെ എട്ട് ടെന്‍ഡറുകളും അദാനി ഗ്രൂപ്പ് സ്വതന്ത്രമായോ അല്ലെങ്കില്‍ മറ്റ് കമ്പനികളോടൊപ്പമോ സ്വന്തമാക്കി.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആകെ നടന്ന നാല് ടെന്‍ഡറുകളില്‍ ഒന്നില്‍ മാത്രമാണ് അദാനിക്ക് കരാര്‍ ലഭിച്ചത്. പശ്ചിമ ബംഗാളില്‍ ലേലത്തിന് യോഗ്യത നേടിയിട്ടും കമ്പനി സ്വയം പിന്മാറുകയായിരുന്നു.
ചില ബി.ജെ.പി സംസ്ഥാനങ്ങള്‍ അദാനി ഗ്രൂപ്പിന് മാത്രം ഗുണകരമാകുന്ന രീതിയില്‍ ടെണ്ടര്‍ നിബന്ധനകളില്‍ വ്യത്യാസം വരുത്തിയതായി റിപ്പോര്‍ട്ട് ആരോപിക്കുന്നു.
മഹാരാഷ്ട്രയില്‍ താപവൈദ്യുതിയും സൗരോര്‍ജവും ഒരേ കമ്പനിക്ക് കരാര്‍ തന്നെ നല്‍കണമെന്ന കര്‍ശന നിബന്ധന വെച്ചു. ഇതോടെ വന്‍കിട കമ്പനികള്‍ക്ക് മാത്രമായി മത്സരം ചുരുങ്ങി. ഇതോടെ അദാനി ഗ്രൂപ്പായി ഫ്രണ്ട് റണ്ണേഴ്‌സ്.
ബീഹാറില്‍ താപവൈദ്യുത പദ്ധതിക്കായി അദാനി ഗ്രൂപ്പിന് 1,000 ഏക്കര്‍ ഭൂമിയാണ് പ്രതിവര്‍ഷം വെറും ഒരു രൂപ ലീസിന് സര്‍ക്കാര്‍ നല്‍കിയത്.
അദാനി നിര്‍മിക്കുന്ന പ്ലാന്റില്‍ ആവശ്യത്തിലധികം വരുന്ന അധിക വൈദ്യുതി വാങ്ങുന്നതിനായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് നല്‍കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ നയിക്കുന്ന അസം സര്‍ക്കാര്‍ പ്രത്യേക ഉറപ്പുനല്‍കിയിട്ടുണ്ട്.
മധ്യപ്രദേശില്‍ പുതിയ ലേലം വിളിച്ച് സമയം കളയാതെ, കൂടുതല്‍ വൈദ്യുതി നല്‍കാന്‍ അദാനിക്ക് നേരിട്ട് അനുമതി നല്‍കുന്ന ‘ഗ്രീന്‍ഷൂ ഓപ്ഷന്‍’ നടപ്പിലാക്കി.
‘രാഷ്ട്രീയ പരിഗണനകള്‍ ഈ കരാറുകളെ ഒട്ടും സ്വാധീനിച്ചിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. പൂര്‍ണമായും സുതാര്യമായ ലേല നടപടികളിലൂടെയാണ് കമ്പനി കരാറുകള്‍ നേടിയത്. വൈദ്യുതി നിയന്ത്രണ കമ്മീഷനുകളുടെ കൃത്യമായ അംഗീകാരത്തോടെയാണ് നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളതെന്നും ഗ്രൂപ്പ് വിശദീകരിക്കുന്നു.
ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലും തങ്ങള്‍ കരാറുകള്‍ നേടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി പവര്‍ ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.
വൈദ്യുത നിലയങ്ങള്‍ അവയുടെ മൊത്തം ശേഷിയുടെ 75 ശതമാനമെങ്കിലും പ്രവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് അടുത്ത 25 വര്‍ഷത്തേക്ക് 13.27 ലക്ഷം കോടി രൂപയുടെ വരുമാനം പ്രവചിക്കുന്നത്.
എന്നാല്‍, ഭാവിയില്‍ ഇന്ധനവിലയിലോ ഗതാഗത ചെലവിലോ ഉണ്ടാകാവുന്ന വര്‍ധനവ് ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ അദാനി ഗ്രൂപ്പിന് ലഭിക്കുന്ന യഥാര്‍ത്ഥ വരുമാനം ഇതിലും വളരെ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
രാജ്യത്ത് അതിവേഗം വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യം നേരിടുന്നതിനും ‘എനര്‍ജി സെക്യൂരിറ്റി’ ഉറപ്പാക്കുന്നതിനുമായാണ് കല്‍ക്കരി വഴിയുള്ള താപവൈദ്യുതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2031-32 സാമ്പത്തിക വര്‍ഷത്തോടെ 80 ജിഗാവാട്ട് (GW) താപവൈദ്യുതി ഉത്പാദനം അധികമായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആഗോള കാലാവസ്ഥാ വ്യതിയാന കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, ആഭ്യന്തര ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ കല്‍ക്കരിക്ക് മുന്‍ഗണന നല്‍കുന്ന ഈ സാഹചര്യം അദാനി ഗ്രൂപ്പ് പോലുള്ള സാമ്പത്തികമായി ശക്തരായ സ്വകാര്യ കമ്പനികള്‍ക്ക് വലിയ ബിസിനസ് അവസരങ്ങളാണ് തുറന്നുനല്‍കുന്നത്.
Content highlight: Adani Group wins coal contracts in BJP-ruled states