കഴിഞ്ഞ ദിവസമായിരുന്നു എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചത്. കേരളത്തിനെതിരായ പ്രോപഗണ്ട ചിത്രമായ ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെൻ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയപ്പോൾ അതേ ചിത്രത്തിലെ ദൃശ്യങ്ങൾക്ക് പ്രശാന്തനു മികച്ച ഛായാഗ്രാഹകനായി. കേരള സ്റ്റോറിയുടെ അവാർഡ് നിരവധി വിവാദങ്ങൾക് വഴി വെച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ അവാർഡ് നേട്ടത്തിൽ സംസാരിക്കുകകയാണ് നായികയായ ആദ ശർമ. ശാലിനി ഉണ്ണികൃഷ്‌ണൻ എന്ന കഥാപാത്രത്തെയാണ് ആദ ശർമ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. താൻ അനുഗ്രഹിക്കപ്പെട്ടവളാണെന്ന് തോന്നുന്നുവെന്ന് ആദ ശർമ പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
‘സിനിമ നിർമിക്കുമ്പോൾ സുദീപ്തോ സാർ, വിപുല് സാർ, പ്രശാന്തനു സാർ എന്നിവർ അവാർഡുകളെക്കുറിച്ചോ കൈയ്യടികളെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. ശബ്ദമില്ലാത്തവരുടെ കഥകൾ പറയാൻ വേണ്ടി മാത്രമായിരുന്നു സിനിമയെടുത്തത്. പിന്നീട് പ്രേക്ഷകർ ഞങ്ങളുടെ ശബ്ദമായി മാറുകയും ഈ സിനിമയെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സ്ത്രീ കേന്ദ്രീകൃത ചിത്രമാക്കി മാറ്റുകയും ചെയ്തു,’ ആദ ശർമ പറഞ്ഞു.
ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രേക്ഷകരുടെയും അനുഗ്രഹങ്ങൾ തങ്ങൾക്ക് ലഭിച്ചുവെന്നും ഇപ്പോൾ രണ്ട് ദേശീയ അവാർഡുകളും ലഭിച്ചത് തനിക്ക് അനുഗ്രഹമായി തോന്നുന്നുവെന്നും ആദ പറഞ്ഞു. സിനിമയിലെ രംഗങ്ങൾ ആളുകളെ വളരെയധികം സ്വാധീനിച്ചുവെന്നും ഇപ്പോഴും പരിപാടികളിലും വിമാനത്താവളങ്ങളിലും ആളുകളെ കണ്ടുമുട്ടുമ്പോൾ സിനിമയിലെ രംഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഒരു അഭിനേതാവ് എന്ന നിലയിൽ കേരള സ്റ്റോറി പോലൊരു ചരിത്ര സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ആദ ശർമ പറഞ്ഞു.