അക്യൂപങ്ചര്‍ പ്രചാരകയുടെ മകന്റെ മരണം മഞ്ഞപ്പിത്തം ബാധിച്ച് തന്നെ; പോസ്റ്റുമാർട്ടം റിപ്പോർട്ട്
Kerala News
അക്യൂപങ്ചര്‍ പ്രചാരകയുടെ മകന്റെ മരണം മഞ്ഞപ്പിത്തം ബാധിച്ച് തന്നെ; പോസ്റ്റുമാർട്ടം റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th June 2025, 3:23 pm

മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ മരിച്ച ഒന്നരവയസുകാരന്റെ മരണം മഞ്ഞപ്പിത്തം ബാധിച്ച് തന്നെയെന്ന് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധനാ ഫലം ലഭിച്ചതിന് പിന്നാലെ പൊലീസ് നടപടിയെടുക്കാനൊരുങ്ങുകയാണെന്ന് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു. ഒരുവയസുകാരൻ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന ആരോപണത്തിന് പിന്നാലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാർട്ടം നടത്തുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറയുടെയും നവാസിന്റെയും മകൻ എസൻ എർഹാൻ മരണപ്പെട്ടത് . മാതാപിതാക്കൾ കുഞ്ഞിന് മതിയായ ചികിത്സ നൽകാത്തതിനെ തുടർന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്ന ആരോപണങ്ങളിൽ കോട്ടക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

കുട്ടിയുടെ അമ്മ മോഡേൺ മെഡിസിനെ എതിർത്തുകൊണ്ടുള്ള പ്രചാരണം സോഷ്യൽ മീഡിയ വഴി നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അക്യുപങ്ചർ ചികിത്സയെ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ ധാരാളമായി പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്.

മരണപ്പെട്ട കുഞ്ഞിന്റെ ജനനത്തിന്  വീട്ടിലെ പ്രസവത്തെക്കുറിച്ച് 2024 ൽ ഹിറ ഹറീറ പങ്കുവെച്ച കുറിപ്പ് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ശാസ്ത്രീയ ചികിത്സയോ ഡോക്ടർമാരുടെ സഹായമോ ഇല്ലാതെ കുഞ്ഞിന് ജന്മം നൽകിയെന്നുമായിരുന്നു പോസ്റ്റ്. വീട്ടിലെ പ്രസവത്തിൽ സങ്കീർണതകളില്ലെന്നും വളരെ ലളിതമാണെന്നുമുള്ള തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റായിരുന്നു ഇവരുടേത്.

‘ഗർഭിണിയായാൽ വെള്ളവും ഭക്ഷണവും രണ്ടാൾക്കുള്ളത് കഴിക്കണമെന്നും, വൈറ്റമിൻസ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണമെന്നുമുള്ള തെറ്റായ പൊതുബോധത്തിന് വിപരീതമായി, ദാഹത്തിനനുസരിച്ച് മാത്രം വളരെ കുറച്ച് വെള്ളവും ഒന്നോ രണ്ടോ നേരം മാത്രം എനിക്ക് ഇഷ്ടം തോന്നുന്ന ഭക്ഷണങ്ങൾ മാത്രവും കഴിച്ച്, ഈത്തപ്പഴവും വത്തക്കയും ഒരു മുറുക്ക് വെള്ളവും മാത്രമുള്ള അത്താഴം കൊണ്ട് മുഴുവൻ നോമ്പുമെടുത്ത് ഗർഭകാലം കഴിച്ചു കൂട്ടിയതിനാലാണ് എൻ്റെ ഗർഭകാലവും പ്രസവവും ഇത്ര സുഖമമായതെന്ന് എനിക്ക് പറയാൻ കഴിയും’ തുടങ്ങിയ അശാസ്ത്രീയമായ വാദങ്ങൾ നിറഞ്ഞതായിരുന്നു ഹിറ ഹറീറയുടെ പോസ്റ്റ്.

 

Content Highlight: Acupuncture campaigner’s son died of jaundice; postmortem report