അച്ഛനും മമ്മൂക്കയും തമ്മിലുളള വഴക്ക് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്; ഒരുമിച്ച് ചെയ്യാനിരുന്ന സിനിമകളുടെ അഡ്വാന്‍സ് അച്ഛന്‍ തിരിച്ച് കൊടുത്തു: ഷോബി തിലകന്‍
Entertainment news
അച്ഛനും മമ്മൂക്കയും തമ്മിലുളള വഴക്ക് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്; ഒരുമിച്ച് ചെയ്യാനിരുന്ന സിനിമകളുടെ അഡ്വാന്‍സ് അച്ഛന്‍ തിരിച്ച് കൊടുത്തു: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th October 2021, 1:27 pm

നടന്‍ തിലകന്റെ മകനും മലയാളത്തിലെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് ഷോബി തിലകന്‍. നിരവധി സീരിയലുകളിലും സിനിമകളിലും ഷോബി അഭിനയിച്ചിട്ടുണ്ട്.

തന്റെ അച്ഛനും നടന്‍ മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന വഴക്കുകളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഷോബി. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പഴയകാല ഓര്‍മകള്‍ പറഞ്ഞത്.

‘തച്ചിലേടത്ത് ചുണ്ടന്‍’ സിനിമ ചെയ്യുന്ന സമയത്ത് അച്ഛന്‍ തിലകനും മമ്മൂട്ടിയും തമ്മില്‍ വഴക്കായിരുന്നെന്നും അത് എല്ലാ ദിവസവും താന്‍ കാണാറുണ്ടായിരുന്നെന്നുമാണ് ഷോബി പറയുന്നത്.

”സത്യം പറഞ്ഞാല്‍ ചിരിയോടെയാണ് ഞാനത് കാണുന്നത്. എനിക്കതില്‍ ഒരു ടെന്‍ഷനും തോന്നിയിട്ടില്ല. അച്ഛന്‍, ‘അയാളങ്ങനെ പറഞ്ഞത് ശരിയല്ലല്ലോ’ എന്നൊക്കെ പറയും. ഞാന്‍ അച്ഛനെ എതിര്‍ക്കാനോ അനുകൂലിക്കാനോ പോവാറില്ല. എനിക്കറിയാം ഇത് രണ്ട് ദിവസം കഴിഞ്ഞാല്‍ റെഡി ആവുമെന്ന്,” ഷോബി പറയുന്നു.

തിലകനും മമ്മൂട്ടിക്കുമിടയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ വലിയ വഴക്കുകളായിരുന്നില്ലെന്നും സൗന്ദര്യപ്പിണക്കം പോലെ ചെറിയൊരു ഈഗൊ ക്ലാഷ് ആയിരുന്നെന്നുമാണ് ഷോബി പറഞ്ഞത്.

”രണ്ട് പേരും ഒരേ സ്വഭാവക്കാരാ. അതുകൊണ്ടാണ്. രണ്ട് പേര്‍ക്കും തമ്മില്‍ വഴക്കുണ്ടാക്കുന്നത് ആത്മസംതൃപ്തിയാണ്. ഒരു വഴക്കുണ്ടായി ചിലപ്പൊ രണ്ട് മിനിറ്റ് കഴിയുമ്പോള്‍ അത് മാറും,” ഷോബി പറഞ്ഞു.

തച്ചിലേടത്ത് ചുണ്ടന് ശേഷം മമ്മൂട്ടിയോടൊപ്പം ചെയ്യാനിരുന്ന രണ്ടു മൂന്ന് സിനിമകളില്‍ നിന്നും തിലകന്‍ പിന്മാറിയതും പിന്നീട് മമ്മൂട്ടി വിളിച്ച് സംസാരിച്ചതുമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു.

”അച്ഛന്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനിരുന്ന മൂന്നോളം സിനിമകള്‍ തച്ചിലേടത്ത് ചുണ്ടന് ശേഷം ഉണ്ടായിരുന്നു. അച്ഛന്‍ അതിന്റെ പ്രൊഡ്യൂസര്‍മാരെ വിളിച്ചിട്ട്, ആരെയെങ്കിലും പറഞ്ഞ് വിട്ടാല്‍ അഡ്വാന്‍സ് തിരിച്ച് തന്നേക്കാം. മമ്മൂട്ടിയുടെ കോമ്പിനേഷന്‍ എനിക്ക് വേണ്ട. ഞാനയാളുടെ കൂടെ അഭിനയിക്കുന്നില്ല, എന്ന് പറഞ്ഞ് അഡ്വാന്‍സ് തിരിച്ച് കൊടുത്തു. ഉടന്‍ മമ്മൂക്ക വിളിച്ചു. മമ്മൂക്ക സംസാരിച്ച് പ്രശ്‌നങ്ങളൊക്കെ തീര്‍ത്തു. അത്രേയുള്ളു കാര്യം,” ഷോബി കൂട്ടിച്ചേര്‍ത്തു.

ഒരു സീരിയസ് പ്രശ്‌നമായിട്ടോ അത് മനസില്‍ വെച്ച് പെരുമാറുന്ന ആളായിട്ടോ താന്‍ ഒരിക്കലും മമ്മൂക്കയെ കാണില്ലെന്നും അദ്ദേഹം മനസിലുള്ളത് തുറന്ന് പറയുന്ന വ്യക്തിയാണെന്നും ഷോബി പറഞ്ഞു.

മമ്മൂട്ടിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും താന്‍ ഇതുവരെ അദ്ദേഹത്തെ വിളിച്ച് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും എന്ത് പറയുമെന്ന ടെന്‍ഷന്‍ കാരണമാണെന്നും ഷോബി പറയുന്നുണ്ട്. പക്ഷെ മമ്മൂട്ടി ഇതുവരെ മോശം പറഞ്ഞിട്ടില്ല. വേറെ ആരോടൊക്കെയോ, കുഴപ്പമില്ല നന്നായി ചെയ്തു, എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിലകന്‍ അസുഖബാധിതനായി ആശുപത്രിയിലായിരുന്നപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും കാണാന്‍ വന്നിരുന്നെന്നും ഷോബി അഭിമുഖത്തില്‍ പറയുന്നുണ്ട്. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും തിലകനും തമ്മില്‍ വഴക്കാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞ സമയത്തും ‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ തിലകനെ തെരഞ്ഞെടുത്തതിനെക്കുറിച്ചും നടന്‍ സംസാരിച്ചു.

”അന്ന് ഉസ്താദ് ഹോട്ടലിലേക്ക് അച്ഛനെ തെരഞ്ഞെടുക്കാന്‍ കാരണം ദുല്‍ഖര്‍ എന്ന അന്നത്തെ തുടക്കക്കാരനായ നടന് അച്ഛനെപ്പോലെ സീനിയറായ ഒരു നടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പോസിറ്റീവ് എനര്‍ജി കിട്ടാന്‍ വേണ്ടി മാത്രമാണ്, എന്നാണ് ഞാന്‍ മനസിലാക്കുന്നത്,” ഷോബി പറഞ്ഞു. ആ കാസ്റ്റിംഗ് മമ്മൂക്കയുടെ അറിവോടെത്തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല്ലാവൂര്‍ ദേവനാരായണന്‍, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയും തിലകനും അച്ഛന്‍-മകന്‍ കോമ്പിനേഷനില്‍ തിളങ്ങിയിട്ടുണ്ട്. തനിയാവര്‍ത്തനം, മൃഗയ, ദ്രോണ, യവനിക, സാഗരം സാക്ഷി, ഒരാള്‍ മാത്രം, കുട്ടേട്ടന്‍ എന്നീ ചിത്രങ്ങളിലും ഈ കൂട്ടുകെട്ട് വിജയം കണ്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actror and dubbing artist Shobi Thilakan opens up on the issues between Thilakan and Mammootty