വേഷം തരാമെന്ന് പറഞ്ഞ് തടി കുറപ്പിച്ചു: പിന്നീട് ചിത്രത്തില്‍ നിന്ന് ഒഴിവാക്കി: വിന്‍സി അലോഷ്യസ്
Entertainment news
വേഷം തരാമെന്ന് പറഞ്ഞ് തടി കുറപ്പിച്ചു: പിന്നീട് ചിത്രത്തില്‍ നിന്ന് ഒഴിവാക്കി: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th February 2023, 5:29 pm

മലയാളത്തിലെ യുവ നായികമാരില്‍ ശ്രദ്ധേയമായ ഒരു പിടി കഥാപ്രാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് വിന്‍സി അലോഷ്യസ്. മഴവില്‍ മനോരമയിലെ നായികാ നായകനെന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.

തുടര്‍ന്ന് വികൃതി, ഭീമന്റെ വഴി, കനകം കാമിനി കലഹം, ജന ഗണ മന തുടങ്ങിയ ചിത്രങ്ങളില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളും അവര്‍ അവതരിപ്പിച്ചു.

കരിയറിന്റെ തുടക്ക കാലത്ത് മലയാളത്തിലെ ഒരു മുന്‍നിര നായകന്റെ സിനിമയില്‍ പറഞ്ഞു വെച്ച അവസരം പിന്നീട് നഷ്ടപ്പെട്ട സന്ദര്‍ഭത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

ഈയടുത്ത് റിലീസായ ഒരു സിനിമയില്‍ ആദ്യം അഭിനയിക്കാന്‍ വിളിച്ചത് തന്നെയാണെന്നും, പിന്നീട് തന്റെ വേഷം മറ്റൊരാള്‍ക്ക് നല്‍കിയെന്നുമാണ് വിന്‍സി പറഞ്ഞത്. കഥാപാത്രത്തിനായി തടി കുറയ്ക്കാന്‍ താനൊരുപാട് കഷ്ടപ്പെട്ടെന്നും പിന്നീട് റോള്‍ മറ്റൊരാള്‍ക്ക് കൊടുത്തെന്നും അവര്‍ പറഞ്ഞു.

ബിഹൈന്‍ഡ് വുഡ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് വിന്‍സി തന്റെ അനുഭവം തുറന്ന് പറഞ്ഞത്.

”ആളുടെ പേര് ഞാന്‍ പറയുന്നില്ല, പറഞ്ഞാല്‍ എല്ലാവര്‍ക്കും കിട്ടും. ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന ഒരാളുടെ മൂവി ആണെന്ന് മാത്രം ഞാന്‍ പറയാം. അതില്‍ ആകെ ഒരു ഫീമെയില്‍ ലീഡേ ഉള്ളൂ. അതിലേക്ക് എന്നെ വിളിച്ചു. എന്നോട് പറഞ്ഞു 99 ശതമാനവും വിന്‍സിയെ തന്നെയാണ് ആ ക്യാരക്ടറായി ഞങ്ങള്‍ മനസില്‍ കാണുന്നത്. പക്ഷെ തടിയൊന്നു കുറക്കേണ്ടി വരും, അതിന് ശ്രമിച്ചോളൂ.

ഇതിന് ശേഷം ഞാനെന്നും രാവിലെ നാല് മണിക്ക് എണീറ്റ് അപ്പച്ചന്റെ കൂടെ നടക്കാന്‍ പോവും. അപ്പച്ചന്‍ ഓടുമ്പോ കൂടെ കിതച്ച് ബുദ്ധിമുട്ടി ഞാനും ഓടും. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ആ ഷൂട്ട് തുടങ്ങുന്നതിന് രണ്ടാഴ്ച മുന്നെ പറഞ്ഞു, സോറി ആ റോള്‍ തരാന്‍ കഴിയില്ല എന്ന്,” വിന്‍സി പറഞ്ഞു.

വിന്‍സി അലോഷ്യസും ഉണ്ണി ലാലുവും ഒന്നിച്ചെത്തിയ രേഖ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ വിന്‍സിയുടെ പ്രകടനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. കാസര്‍ഗോഡന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ജിതിന്‍ ഐസക്കാണ് സംവിധാനം ചെയ്തത്.

Content Highlight: Actress vincy aloshious share her struggling  experience in malayalam film industry