എന്തിന്റെ അടിസ്ഥാനത്തിലാണ് ജൂറി അവാര്‍ഡുകള്‍ തീരുമാനിച്ചത്; സുരേഷ് ഗോപിയെല്ലാം ഉള്ളതല്ലേ, ഉത്തരം പറയട്ടെ: ഉര്‍വശി
Malayalam Cinema
എന്തിന്റെ അടിസ്ഥാനത്തിലാണ് ജൂറി അവാര്‍ഡുകള്‍ തീരുമാനിച്ചത്; സുരേഷ് ഗോപിയെല്ലാം ഉള്ളതല്ലേ, ഉത്തരം പറയട്ടെ: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th August 2025, 11:27 am

ദേശീയ അവാർഡിനെ വിമർശിച്ച് സംസാരിക്കുകയാണ് നടി ഉർവശി. തനിക്ക് കിട്ടിയ അവാർഡുകളെല്ലാം ജയപ്രിയ സിനിമകൾക്കാണെന്നും ആരും കാണാത്ത സിനിമകൾക്കല്ലെന്നും ഉർവശി പറഞ്ഞു. ഉള്ളൊഴുക്ക് ഏറ്റവും ജനപ്രിയ സിനിമയല്ലേയെന്നും എല്ലാവരും പറയുന്നത് തനിക്ക് സഹനടിക്ക് അവാർഡ് കിട്ടിയതിനെപ്പറ്റിയാണെന്നും അതുകൊണ്ടാണ് താനും പ്രതികരിക്കുന്നതെന്ന് ഉർവശി കൂട്ടിച്ചേർത്തു.

ജൂറിയാണല്ലോ അവാർഡ് തീരുമാനിക്കുന്നതെന്നും താൻ ചോദിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിൽ എങ്ങനെ അവാർഡ് തീരുമാനിച്ചു എന്നാണെന്നും ഉർവശി പറയുന്നു. കാരണം പറഞ്ഞാൽ തൃപ്തിയാണെന്നും ആരെയും കുറ്റപ്പെടുത്താൻ അല്ലെന്നും നടി കൂട്ടിച്ചേർത്തു.

‘ഇതിലൊരു ന്യായം ഉണ്ടല്ലോ. എല്ലാകാലത്തും തന്നല്ലോ വലിയ സന്തോഷം എന്ന് പറഞ്ഞ് വാങ്ങിക്കാൻ ഇത് പെൻഷൻ കാശ് അല്ലല്ലോ. കാരണം അറിയണം. ഇത്രയും വർഷമായിട്ട് സിനിമയിലാണ് നിൽക്കുന്നത്. എന്തുകൊണ്ട് മികച്ച നടി എന്നത് ഷെയർ ചെയ്തില്ല. കഴിഞ്ഞ വർഷം പോലും ഷെയർ ചെയ്തിട്ടുണ്ട്.

ഒരു അവാര്‍ഡ് എന്തിന് വേണ്ടി, എന്ത് മാനദണ്ഡത്തിലാണ് കൊടുക്കുന്നത് എന്ന് വ്യക്തമാക്കണമല്ലോ. ഏത് മേഖലയിലായാലും. അല്ലാതെ ഞങ്ങള്‍ ഞങ്ങള്‍ക്ക് തോന്നിയപോലെ കൊടുക്കും. എല്ലാവരും വന്ന് വാങ്ങിക്കണമെന്ന നിലപാട് ഇങ്ങനെ കാലങ്ങളായി തുടര്‍ന്ന് പോയാല്‍ അര്‍ഹിക്കുന്ന പലരും ഉണ്ട്. ഇനിയും വരും. എനിക്ക് പുറമെ ഒരുപാട് ആളുകള്‍ വരും,’ ഉർവശി പറയുന്നു.

തൻ്റെ കാര്യത്തിലെങ്കിലും ചോദിച്ച് ക്ലാരിഫൈ ചെയ്തിട്ടില്ലെങ്കില്‍ പുറകെ വരുന്ന ആളുകള്‍ക്ക് എന്താണ് വിശ്വാസമെന്നും ഉർവശി ചോദിച്ചു.

‘ഒരിക്കല്‍ റിമ കല്ലിങ്കല്‍ പറഞ്ഞു ഉര്‍വശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ ഒക്കെ അവസ്ഥ ആലോചിച്ച് നോക്കൂ.

കുട്ടേട്ടന്റെ പെര്‍ഫോമന്‍സും ഷാരൂഖ് ഖാന്റെ പെര്‍ഫോമന്‍സും തമ്മില്‍ കണക്കാക്കിയത് എന്താണ്. എന്ത് മാനദണ്ഡത്തിലാണ് കണ്ടത്. എന്താണ് ഏറ്റക്കുറച്ചിലുകള്‍. ഇതെങ്ങനെ സഹനടനായി. അതെങ്ങനെ മികച്ച നടനായി.

കാലം മാറണം. മറ്റെല്ലാ കാര്യങ്ങളിലേതും പോലെ. നികുതി കെട്ടിവച്ചാണ് ഞങ്ങളൊക്കെ അഭിനയിക്കുന്നത്.  ഞങ്ങള്‍ ചുമ്മാ അഭിനയിച്ച് പോകുകയല്ല ചെയ്യുന്നത്. കുട്ടേട്ടൻ്റെ ജോഡിയായിട്ട് ഞാൻ ആണ് അഭിനയിക്കാൻ ഇരുന്നത്.

മികച്ച നടിക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ. ബഹുമാനപ്പെട്ട സുരേഷ് ഗോപിയൊക്കെ നില്‍ക്കയല്ലേ. അദ്ദേഹം ചോദിച്ച് ഉത്തരം പറയട്ടെ,’ ഉർവശി പറഞ്ഞു.

Content Highlight: Actress Urvashi criticizes National Awards