ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാത്തതിന് കാരണമുണ്ട്; ശ്വേത മേനോന്‍ പറയുന്നു
Movie Day
ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാത്തതിന് കാരണമുണ്ട്; ശ്വേത മേനോന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th February 2022, 12:51 pm

മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശ്വേത മേനോന്റെ അഭിനയ യാത്ര 30 വര്‍ഷം പിന്നിടുകയാണ്. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായ ശ്വേത തന്റെ യാത്ര തുടരുകയാണ്. ഒപ്പം മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ശ്വേത തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് ശ്വേത.

ശ്വേതയുടെ കരിയറുമായി ബന്ധപ്പെട്ടും വിവാഹജീവിതവുമായി ബന്ധപ്പെട്ടുമെല്ലാം ഇക്കാലയളവിനുള്ളില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകളോടൊന്നും പ്രതികരിക്കാന്‍ താരം തയ്യാറായിരുന്നില്ല. തന്റെ കുടുംബവുമായും കരിയറുമായും ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളോട് പ്രതികരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ശ്വേത.

തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കില്ലെന്നും തനിക്ക് അത് ഇഷ്ടമല്ലെന്നും ശ്വേത പറയുന്നു. ‘ഞാന്‍ ഒരു സെലിബ്രിറ്റിയും, സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളാണെന്ന ബോധത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ് സങ്കടം വരിക’, കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്വേത പറയുന്നു.

മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാത്തതിനെ കുറിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിനെ കുറിച്ചുമെല്ലാം ശ്വേത അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ അമ്മയുടെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ശ്വേതയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൊന്നും കണ്ടില്ലല്ലോ എന്ന് പലരും ചോദിച്ചു. ഞാന്‍ അവിടെ വോട്ട് ചോദിക്കുകയായിരുന്നുവെന്നും അല്ലാതെ ഫോട്ടോ എടുക്കുകയായിരുന്നില്ലെന്നുമാണ് അവരോട് മറുപടി പറഞ്ഞത്. എല്ലാ അംഗങ്ങളോടും ഞാന്‍ വോട്ട് ചോദിച്ചു. കുട്ടികളെപ്പോലെ ചാടി ഓടിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.

പിന്നെ ശ്രിയും( ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍) ഞാനും സോഷ്യല്‍ മീഡിയയില്‍ നിന്ന് മനപൂര്‍വം അകലം പാലിക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നില്ല. മകള്‍ സബൈന സാധാരണ ജീവിതം നയിക്കട്ടെ. അവള്‍ സ്വയം ഒരു സെലിബ്രിറ്റിയായി മാറട്ടെ. എന്റെ വിലാസം അതിന് വേണ്ട’, ശ്വേത പറയുന്നു.

സോഷ്യല്‍മീഡിയ ഇടക്കിടെ തനിക്ക് ഡിവോഴ്‌സ് വാങ്ങിത്തരാറുണ്ടെന്നും താന്‍ നല്ല തിരക്കുള്ള ആളായതുകൊണ്ടാണ് അവര്‍ അത് ചെയ്തു തരുന്നതെന്നും ശ്വേത മേനോന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. പിന്നെ ഇങ്ങനെയൊക്കെ കേള്‍ക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും ശ്വേത പറയുന്നു.

നല്ല വാര്‍ത്തകള്‍ മാത്രമേ വരികയുള്ളൂ എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. എന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളെല്ലാം സത്യമാണോ എന്ന് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാല്‍ പറയാറുമില്ല. അത്രയേ ഉള്ളൂ, ശ്വേത പറയുന്നു.

Content Highlight: Actress Swetha Menon About Her Personal life and Career