അഡ്വാന്‍സ് കൊടുത്തിട്ടും മമ്മൂട്ടിയുമായുള്ള പ്രശ്‌നം കാരണം ആ നടി സിനിമയില്‍ നിന്ന് ഇറങ്ങിപോയി; കിരീടം ഉണ്ണി
Entertainment news
അഡ്വാന്‍സ് കൊടുത്തിട്ടും മമ്മൂട്ടിയുമായുള്ള പ്രശ്‌നം കാരണം ആ നടി സിനിമയില്‍ നിന്ന് ഇറങ്ങിപോയി; കിരീടം ഉണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th April 2023, 6:18 pm

നടി സുകന്യയും മമ്മൂട്ടിയും തമ്മിലുള്ള പിണക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് കിരീടം ഉണ്ണി. സാഗരം സാക്ഷി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഷോട്ടിനിടെ മമ്മൂട്ടി സുകന്യയോട് കയര്‍ത്തെന്നും അതിന് ശേഷം വന്ന ചിത്രത്തില്‍ അഭിനിയിക്കാന്‍ സുകന്യ വിസമ്മതിച്ചെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താന്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നായികയായി തീരുമാനിച്ചത് സുകന്യയെയാണെന്നാണ് കിരീടം ഉണ്ണി പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിനായി സുകന്യക്ക് അഡ്വാന്‍സ് നല്‍കിയെന്നും എന്നാല്‍ ഷൂട്ടിങ് ആരംഭിച്ചതോടെ സുകന്യ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് സെറ്റില്‍ നിന്ന് പോയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മമ്മൂട്ടിയോടുള്ള പിണക്കം കാരണമാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയത് താന്‍ പിന്നീട് അറിഞ്ഞെന്നും സത്യാവസ്ഥ എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തമിഴ് നടി സുകന്യയെയായിരുന്നു എന്റെ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്. ഞാന്‍ അവരെ പോയി കണ്ടു, സംസാരിച്ച് അഡ്വാന്‍സും കൊടുത്തു. പിന്നീട് ഷൂട്ടിങ് ആരംഭിച്ച സമയത്ത് ആ കുട്ടി ഷൊര്‍ണൂര്‍ വന്നു. പണിയൊക്കെ തുടങ്ങിയ രാത്രി ആ കുട്ടി പറഞ്ഞു ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന്. ഞാന്‍ പോവാണ്, എനിക്ക് ഈ പടം ശരിയാവില്ല എന്നൊക്കെ.

ഞാന്‍ ചോദിച്ചു എന്താണ് കാരണം. പെട്ടെന്ന് സിനിമ വേണ്ടാന്ന് വെക്കാനെന്താണ് കാരണം എന്നറിയണമല്ലോ. അവര്‍ സിനിമയുടെ കോസ്റ്റിയൂമിനെ കുറിച്ചുള്ള പ്രശ്‌നമാണെന്നാണ് പറഞ്ഞത്. തോര്‍ത്തൊക്കെ ഇട്ട് അഭിനയിക്കേണ്ട സീനുണ്ട്. അത് ചെയ്യാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞു. ഞാന്‍ പറഞ്ഞു, ക്യരക്ടര്‍ അങ്ങനെയല്ലെ അതുകൊണ്ടല്ലെ അത്തരം ഡ്രസുകള്‍ ഇടേണ്ടി വരുന്നത്, ഒരു പുള്ളോത്തിയാണ് കഥാപാത്രം. സ്വാഭാവികമായും അതുപോലെയുള്ള വസ്ത്രം ധരിക്കേണ്ടി വരും.

പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും അവര്‍ കേട്ടില്ല. എനിക്ക് ആ ഡ്രസ്സൊന്നും ശരിയാവില്ല, ഞാന്‍ എന്തായാലും പോവാന്ന് പറഞ്ഞ് അവര്‍ പോയി. പിന്നീടാണ് എനിക്കതിന്റെ യഥാര്‍ത്ഥ കാരണം മനസിലായത്. മമ്മൂട്ടിക്കയും സുകന്യയും തമ്മില്‍ സാഗരം സാക്ഷി എന്നൊരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഷോട്ടിനിടയില്‍ മമ്മൂട്ടിയും സുകന്യയും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടായെന്നും മമ്മൂട്ടി എന്തോ പറഞ്ഞെന്നും അതിന് ശേഷം രണ്ടാളും തമ്മില്‍ പ്രശ്‌നത്തിലായെന്നുമാണ് ഞാന്‍ അറിഞ്ഞത്. വാസ്തവമെന്താണെന്ന് എനിക്ക് കൃത്യമായി അറിയില്ല,’ കിരീടം ഉണ്ണി പറഞ്ഞു.

Content Highlight: actress sukanya leave mammootty film