എനിക്ക് നയന്‍താരയാകണം, ഷാരൂഖ് ഖാന്റെ നായികയാവണം, പിന്നെ റഷ്യന്‍ പ്രധാനമന്ത്രിയെ ഒന്ന് കാണണം
Entertainment news
എനിക്ക് നയന്‍താരയാകണം, ഷാരൂഖ് ഖാന്റെ നായികയാവണം, പിന്നെ റഷ്യന്‍ പ്രധാനമന്ത്രിയെ ഒന്ന് കാണണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th January 2023, 9:27 am

നായന്‍താരയെ പോലെയൊരു നടിയാകാനാണ് തനിക്ക് ആഗ്രഹമെന്ന് ടി.വി, സിനിമാ താരം ശ്രീവിദ്യ മുല്ലശേരി. നയന്‍താരയെ പോലെയൊരു വലിയ സിനിമാ നടിയായാല്‍ എന്തൊക്കെ ചെയ്യുമെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരമിപ്പോള്‍. വലിയ നടിയായാല്‍ തനിക്ക് ഷാരൂഖ് ഖാന്റെ നായികയായി അഭിനയിക്കാനാണ് ആഗ്രഹമെന്നും ശ്രീവിദ്യ പറഞ്ഞു.

ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒരുപാടുള്ള ആളാണ് താനെന്നും റഷ്യയില്‍ പോയി അവിടുത്തെ പ്രധാനമന്ത്രിയെ കാണാന്‍ ആഗ്രഹമുണ്ടെന്നും ശ്രീവിദ്യ പറഞ്ഞു. സൈന പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എനിക്ക് നയന്‍താരയാകാനാണ് ആഗ്രഹം. നയന്‍താരയുടെ ഒക്കെ ലെവലില്‍ വളര്‍ന്ന് കഴിഞ്ഞാല്‍ ഒരു പത്ത് കോടിയായിരിക്കും ഞാന്‍ വാങ്ങുന്ന പ്രതിഫലം. അതെന്താ അത്രയും മേടിച്ചൂടെ. തരുമെങ്കില്‍ ഉറപ്പായും ഞാനത് മേടിക്കും. എന്റെ ആഗ്രഹങ്ങള്‍ക്ക് അങ്ങനെ പരിധിയൊന്നുമില്ല. എനിക്ക് റൊമാന്റിക് സിനിമകള്‍ ചെയ്യാനാണ് ഇഷ്ടം. റൊമാന്‍സ് വരുവോ എന്നെനിക്കറിയില്ല. പക്ഷെ ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്.

അതുപോലെ തന്നെ ഫൈറ്റ് ചെയ്യാനും ഭയങ്കര ഇഷ്ടമാണ്. ആരുടെ കൂടെ അഭിനയിക്കാനാണ് ഇഷ്ടമെന്നൊക്കെ ചോദിച്ചാല്‍, ഷാരൂഖ് ഖാനായിക്കോട്ടെ സിനിമയിലെ നായകന്‍. ഒട്ടും കുറക്കാന്‍ പാടില്ലല്ലോ. ശരിക്കും പറഞ്ഞാല്‍ ആഗ്രഹങ്ങളെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചും എന്റെയടുത്ത് സംസാരിക്കരുത്. അത് ഒരുപാട് കൂടുതലുള്ള ആളാണ് ഞാന്‍. നായന്‍താരയെ പോലെയായാല്‍ എനിക്ക് കുറച്ച് കാറൊക്കെ വാങ്ങണം.

എല്ലാ വണ്ടിയുടെയും ലിമിറ്റഡ് എഡിഷന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് അതൊക്കെ ഞാനെടുക്കും. എന്റെ കയ്യിലുള്ള വണ്ടി റോഡില്‍ അധികം കാണുന്നത് എനിക്ക് അത്ര ഇഷ്ടമല്ല. ഞാന്‍ എല്ലാ കാര്യത്തിലും അങ്ങനെയാണ്. ഞാന്‍ ഇടുന്ന ഡ്രസ് പോലും വേറെ ഒരാള്‍ ഇടുന്നത് എനിക്ക് ഇഷ്ടമല്ല. അത് കാണുമ്പോള്‍ എനിക്ക് വിഷമമായി പോകും.

പിന്നെ എനിക്കൊന്ന് റഷ്യ വരെ പോകാനുണ്ട്. അവിടെ ചെന്നിട്ട് എനിക്കൊന്ന് പ്രധാനമന്ത്രിയെ കാണണം. കുറച്ച് കാര്യങ്ങളൊക്കെ ഒന്ന് സംസാരിക്കാനുണ്ട്. ഇന്ത്യയിലേക്കൊരു പാലം പണിയുന്നതിനെ കുറിച്ചാണ് എനിക്ക് അദ്ദേഹത്തോട് സംസാരിക്കാനുളളത്. അങ്ങനെയാകുമ്പോള്‍ ഇടക്കൊക്കെ റഷ്യയില്‍ പോകാമല്ലോ,’ ശ്രീവിദ്യ മുല്ലശേരി പറഞ്ഞു.

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് ശ്രീവിദ്യ. സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.

content highlight: actress sreevidhya mullacherry talks about dreams