ഇതിന്റെയെല്ലാം എന്ത് ആവശ്യമാണുണ്ടായിരുന്നത്?; തെളിവെടുപ്പിനിടെ രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ശില്‍പ ഷെട്ടി
national news
ഇതിന്റെയെല്ലാം എന്ത് ആവശ്യമാണുണ്ടായിരുന്നത്?; തെളിവെടുപ്പിനിടെ രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ശില്‍പ ഷെട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th July 2021, 3:36 pm

മുംബൈ: പോണ്‍ ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് നടിയും പങ്കാളിയുമായ ശില്‍പ ഷെട്ടി. രാജ് കുന്ദ്രയെ വെള്ളിയാഴ്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ശില്‍പ, രാജ് കുന്ദ്രയോട് ദേഷ്യപ്പെട്ടതെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘നമുക്കെല്ലാം ഉണ്ട്. ഇതെല്ലാം ചെയ്യേണ്ട എന്ത് ആവശ്യമാണുണ്ടായിരുന്നത്,’ ശില്‍പ, രാജ് കുന്ദ്രയോട് ചോദിച്ചതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ കേസ് കൊണ്ട് കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടെന്നും വലിയ സാമ്പത്തിക നഷ്ടമുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ശില്‍പ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കരാറായ നിരവധി പ്രൊജക്ടുകളില്‍ നിന്ന് ഒഴിവായെന്നും ശില്‍പ പറഞ്ഞു.

വെള്ളിയാഴ്ചയാണ് ശില്‍പയുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. നേരത്തെ ശില്‍പ ഷെട്ടി രാജ് കുന്ദ്രയുടെ കമ്പനിയില്‍ നിന്നും രാജിവെച്ചിരുന്നു.

ശില്‍പ കൂടി ഡയറക്ടറായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസ് പരിസരം ഹോട്ട്ഷോട്സ് ആപ്പിലേക്കുള്ള വീഡിയോകള്‍ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.

ജെ.എല്‍. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാളായിരുന്നു. 2019 മുതലാണ് രാജ് കുന്ദ്ര പോണ്‍ ചിത്രനിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ഒന്നര വര്‍ഷം കൊണ്ട് കോടികളാണ് ഈ ബിസിനസിലൂടെ സമ്പാദിച്ചത്.

അന്ധേരിയിലുള്ള രാജ് കുന്ദ്രയുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ഇത് സംബന്ധിക്കുന്ന ഡാറ്റയും കണ്ടെടുക്കുകയായിരുന്നു. ടി.ബി (ടെറാബൈറ്റ്) കണക്കിന് ഡാറ്റയാണ് കണ്ടെടുത്തത്.

ഹോട്ട് ഷോട്‌സ് എന്ന ആപ് വഴിയാണ് രാജ് കുന്ദ്ര തന്റെ പ്രൊഡക്ഷന്‍ ഹൗസ് വഴി നിര്‍മിച്ച പോണ്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പണം നല്‍കി ഈ ആപ്പ് ഉപയോഗിച്ചിരുന്നത് 20 ലക്ഷത്തിന് മുകളില്‍ ആളുകളാണെന്നും അന്വേഷണസംഘം കണ്ടെത്തി.

ലോകത്തെ ആദ്യത്തെ 18+ ആപ്ലിക്കേഷനായിരുന്നു ഹോട്ട് ഷോര്‍ട്‌സ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Shilpa Shetty Shouted At Raj Kundra During Search on Porn Film Case