ഒരുപാട് അഭിമാനമുണ്ട്, ഞാന്‍ തന്നെ ഒരു സി.എം ആയത് പോലെ തോന്നുന്നു; വിജയ്‌യെ കുറിച്ച് ഷീല
Malayalam Cinema
ഒരുപാട് അഭിമാനമുണ്ട്, ഞാന്‍ തന്നെ ഒരു സി.എം ആയത് പോലെ തോന്നുന്നു; വിജയ്‌യെ കുറിച്ച് ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th August 2026, 12:54 pm

മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ എന്നും പ്രത്യേക സ്ഥാനമുള്ള അഭിനേത്രിയാണ് ഷീല. 1960കളിലും എഴുപതുകളിലും മലയാള സിനിമയിലെ നായികനടിയായി തിളങ്ങിയ ഷീല മലയാള സിനിമയുടെ അമരക്കാരിലൊരാളാണ്. 1960ല്‍ പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത ഭാഗ്യജാതകം എന്ന ചിത്രത്തിലൂടെയാണ് ഷീല സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രേം നസീറിനൊപ്പം നായികയായി അഭിനയിച്ച ഷീല 130 ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം ജോഡിയായി അഭിനയിക്കുകയും ഒരുമിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നായിക-നായക ജോഡി എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഷീല. Photo: X.com

പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഷീല, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളില്‍ മലയാളത്തില്‍ താരം വീണ്ടും സജീവമായിരുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴ്‌നാട് സൂപ്പര്‍താരവും മുഖ്യമന്ത്രിയുമായ വിജയ്‌യെ കുറിച്ച് ഷീല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘അദ്ദേഹം സി.എം ആയി എന്ന വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് ഒരുപാട് അഭിമാനം തോന്നി. ഞാന്‍ തന്നെ ഒരു മുഖ്യമന്ത്രിയായ പോലെയാണ് എനിക്ക് തോന്നിയത്. ഒരു ആര്‍ടിസ്റ്റ് ഈ നിലയില്‍ എത്തി എന്ന് പറയുമ്പോള്‍ തന്നെ നമുക്ക് എല്ലാവര്‍ക്കും അഭിമാനമാണ്. ഭയങ്കര സന്തോഷമാണ്, കാരണം എന്റെ വീട്ടില്‍ നിന്നും ഒരാള്‍ സി.എം ആയത് പോലെയാണ് എനിക്ക് തോന്നിയത്.

ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് ദൈവം നല്‍കട്ടെ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അധികാരത്തില്‍ വന്നിട്ട് മൂന്ന് മാസം മാത്രമല്ലേ ആയിട്ടുള്ളൂ. അദ്ദേഹത്തിന് കുറച്ച് കൂടെ സമയം കൊടുക്കേണ്ടതുണ്ട്. അതിന് മുമ്പ് തന്നെ അത് ചെയ്തില്ല, ഇത് ചെയ്തില്ല എന്ന് പറഞ്ഞ് ഓരോരുത്തര്‍ ബഹളം വെക്കുകയാണ്. ഒരു അഞ്ച് കൊല്ലം കഴിഞ്ഞ് ഇതെല്ലാം പറയുകയാണെങ്കില്‍ ഒരു അര്‍ത്ഥമുണ്ട്.

വിജയ്‌. Photo: Reddif

ഞാന്‍ വിജയ്‌യെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. പക്ഷേ സിനിമകളിലെല്ലാം കണ്ട് ഒരു പ്രത്യേക സ്‌നേഹമാണ് അദ്ദേഹത്തോട്. ആ ലുക്ക് പോലും കണ്ടാല്‍ നമുക്ക് അങ്ങനെയാണല്ലോ തോന്നുക. വിജയ്‌യെ കാണുമ്പോള്‍ നമ്മുടെ വീട്ടിലെ ഒരു പയ്യനെ പോലെയാണ് തോന്നുക,’ ഷീല പറഞ്ഞു.

Content Highlight: Actress Sheela talks about Chief Minister Vijay