ഇപ്പോള്‍ സംസാരിക്കാനും പേടിയാണ്, ഏതെങ്കിലും തെറ്റായി പോയാല്‍ അപ്പോള്‍ തുടങ്ങും ട്രോളുകള്‍: ഷംന കാസിം
Movie Day
ഇപ്പോള്‍ സംസാരിക്കാനും പേടിയാണ്, ഏതെങ്കിലും തെറ്റായി പോയാല്‍ അപ്പോള്‍ തുടങ്ങും ട്രോളുകള്‍: ഷംന കാസിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th May 2022, 5:48 pm

ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന താരം 2004ല്‍ പുറത്തിറങ്ങിയ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

താരം എന്ന നിലയില്‍ താന്‍ നേരിടേണ്ടി വരാറുള്ള വെല്ലുവിളികളെ കുറിച്ച് പറയുകയാണ് ഷംന കാസിം. ട്രോളുകള്‍ ആലോചിച്ച് സംസാരിക്കാന്‍ പേടിയാണെന്ന് ഷംന പറയുന്നു. ബിഹൈന്റ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഒരു നായിക എന്ന നിലയില്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒരു സ്വകാര്യ ജീവിതമില്ല. നിങ്ങള്‍ ഒരു ഓഫീസില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളാണെങ്കില്‍ അസുഖം വന്നാല്‍ അവധിയെടുക്കാം. അതേസമയം, ഒരു സിനിമയില്‍ നമുക്ക് അസുഖമായാലും വര്‍ക്കിന് പോകണം. ഒരു സിനിമയില്‍ വളരെയധികം പണം നിക്ഷേപിച്ചിട്ടുണ്ടാവും. അവിടെ ഷൂട്ടിംഗ് സെറ്റ് റെഡിയായിരിക്കും, ഒരുപാട് ആര്‍ട്ടിസ്റ്റുകളും വന്നിട്ടുണ്ടാവും. അസുഖമാണ്, അല്ലെങ്കില്‍ പനിയാണെന്ന് കരുതി നമുക്ക് കിടക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്ക് ജോലിക്ക് പോകണം.

എല്ലാവര്‍ക്കും ഇമോഷണലാവുന്ന അവസ്ഥ ഉണ്ടാവുമല്ലോ. എന്തെങ്കിലും പ്രശ്നങ്ങളുമുണ്ടാവും. ഇന്ന് എന്റെ മൂഡ് നല്ലതല്ല, എന്തോ എന്നെ ശല്യപ്പെടുത്തുന്നുണ്ട് എന്നൊക്കെ തോന്നിയാലും അന്ന് ക്യാമറയുടെ മുമ്പില്‍ എത്തിയാല്‍ നമ്മള്‍ സന്താഷമായിരിക്കണം. രസകരമായ സീനുകളായിരിക്കും നമ്മള്‍ ചെയ്യുന്നത്, എന്നാല്‍ നമ്മുടെ മനസിനുള്ളില്‍ നമ്മള്‍ ഇമോഷണലായിരിക്കും,’ ഷംന കാസിം പറഞ്ഞു.

ട്രോളുകള്‍ ആലോചിച്ച് സംസാരിക്കാന്‍ പേടിയാണെന്നും സെല്‍ഫിയെടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ആറ്റിറ്റിയൂഡാണെന്ന് പറയുമെന്നും ഷംന പറഞ്ഞു.

‘അതുപോലെ ഒരുപാട് സംഭവങ്ങളുണ്ട്. ചിലപ്പോള്‍ നമ്മള്‍ കോമാളികളായിരിക്കും. നിങ്ങള്‍ക്ക് ഒരു ഓഫീസില്‍ നിന്ന് ഒരു ദിവസത്തേക്കോ അല്ലെങ്കില്‍ നീണ്ട അവധിയോ എടുക്കാം. അതുപോലെ നമ്മള്‍ ഒരുപാട് ദിവസം വര്‍ക്ക് ചെയ്ത് കഴിഞ്ഞ് ബ്രേക്ക് എടുക്കാം എന്ന് വിചാരിച്ച് ഒരാഴ്ച അവധിയെടുത്താല്‍ രണ്ട് ദിവസം കഴിഞ്ഞ് നമ്മളെ ആരും വിളിക്കുന്നില്ലല്ലോ ആലോചിച്ചിരിക്കും. ചില സമയങ്ങളില്‍ നമുക്ക് നിര്‍ത്താതെ ജോലി ചെയ്യേണ്ടിയും വരും.

നമ്മള്‍ ഒരാളുടെ കൂടെ കോഫി കുടിക്കാന്‍ പോയത് കണ്ടാല്‍, ഞാന്‍ അവരെ ഡേറ്റ് ചെയ്യുന്നുണ്ട് എന്ന വാര്‍ത്ത വരും. ഇപ്പോള്‍ സംസാരിക്കാനും പേടിയാണ്. അത് ട്രോളാക്കും. ഏതെങ്കിലും ഒരു വാചകം തെറ്റായി പോയാല്‍ അപ്പോള്‍ തുടങ്ങും ട്രോളുകള്‍.

നമ്മള്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ ഫ്ളൈറ്റിന്റെ അവസാന കോളായിരിക്കും. പെട്ടെന്ന് ആരെങ്കിലും സെല്‍ഫി ചോദിക്കുമ്പോള്‍ ഇപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ തീര്‍ന്നു. നമുക്ക് ആറ്റിറ്റിയൂഡാണെന്ന് പറയും. ഇത് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്,’ ഷംന കാസിം കൂട്ടിച്ചേര്‍ത്തു.

ഷംന കാസിം നായികയായ ‘വിസിതിരന്‍’ എന്ന തമിഴ് ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. എം. പത്മകുമാറാണ് സംവിധാനം. അദ്ദേഹത്തിന്റെ തന്നെ മലയാള ചിത്രമായ ജോസഫിന്റെ റീമേക്കാണ് ഈ ചിത്രം. ആര്‍.കെ. സുരേഷാണ് നായകനായി അഭിനയിച്ചത്.

ബാലയാണ് ചിത്ര നിര്‍മിച്ചത്. തിരക്കഥ ഷാഹി കബീറും സംഭാഷണം ജോണ്‍ മഹേന്ദ്രനുമാണ്. സംഗീതം ജി.വി. പ്രകാശ്. മധു ശാലിനി, ഭഗവതി പെരുമാള്‍, ഇളവരസു, ജോര്‍ജ് മരിയന്‍, അനില്‍ മുരളി, ജി.മാരിമുത്തു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മെയ് ആറിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.