സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് ഉണ്ടാവില്ല; മനസുതുറന്ന് ശാലിനി
Indian Cinema
സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് ഉണ്ടാവില്ല; മനസുതുറന്ന് ശാലിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd February 2021, 3:42 pm

ഇരുപത്തൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിന്‍ ശെല്‍വത്തിലൂടെ ശാലിനി വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തുമെന്നായിരുന്നു ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശാലിനി. സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് ഇനി സാധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശാലിനി കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വീണ്ടും സിനിമയില്‍ സജീവമാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യം തങ്ങളുടെ വിവാഹശേഷം ഉയരുന്ന ചോദ്യങ്ങളിലൊന്നാണെന്നും എന്നാല്‍ അത് സാധ്യമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നുമാണ് താരം പറയുന്നത്.

‘ അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവ്, സ്‌കൂളില്‍ പോകുന്ന രണ്ടു കുഞ്ഞുങ്ങളും. ഇവരെയെല്ലാം ശ്രദ്ധിക്കുന്ന കാര്യത്തില്‍ നിന്ന് അകന്നു നിന്നുകൊണ്ട് ക്യാമറയുടെ മുന്‍പില്‍ അഭിനയിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.

പല നടിമാരും വിവാഹശേഷവും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടുമുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം വീണ്ടും സിനിമയിലേക്ക് വരികയാണെങ്കില്‍ അത് സന്തോഷകരമായും സംതൃപ്തിയോടെയും പോകുന്ന കുടുംബ ജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട്, ശാലിനി പറയുന്നു.

വിവാഹശേഷം ചെന്നൈയില്‍ സ്ഥിരതാമസമാണെങ്കിലും കേരളവുമായുള്ള ബന്ധം വിട്ടുപോയിട്ടില്ലെന്നും താരം പറയുന്നു. കേരളത്തോടുള്ള ബന്ധം വിട്ടുപോയോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ ചേട്ടന്‍, അച്ഛന്‍, അമ്മ, അനിയത്തി എല്ലാവരും ചെന്നൈയില്‍ തന്നെയാണ്. കേരളത്തിലുള്ള ബന്ധുക്കളുടെ വിശേഷങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ വരാറുണ്ട്. ചെന്നൈയില്‍ സെറ്റില്‍ ആയി എങ്കിലും ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, വിഷു, റംസാന്‍, ബക്രീദ്, ക്രിസ്തുമസ് തുടങ്ങി എല്ലാം ആഘോഷിക്കാറുണ്ട്. തമിഴ്‌നാടിന്റെ ആഘോഷങ്ങളായ ദീപാവലിയും പൊങ്കലും അതുപോലെ തന്നെ ആഘോഷിക്കും, ശാലിനി പറഞ്ഞു.

മണിരത്നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.
ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ശാലിനി പിന്നീട് നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിരുന്നു.

കുഞ്ചാക്കോ ബോബന്‍ നായകനായ അനിയത്തിപ്രാവാണ് കരിയറില്‍ നടിയുടെ വഴിത്തിരിവ്. അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് മാറുകയായിരുന്നു ശാലിനി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress Shalini Ajith Says She will not be coming back to cinema