കോണ്‍ഗ്രസില്‍ ചേരരുത് എന്നൊന്നുമില്ലല്ലോ: ഷക്കീല
national news
കോണ്‍ഗ്രസില്‍ ചേരരുത് എന്നൊന്നുമില്ലല്ലോ: ഷക്കീല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th March 2021, 9:36 am

ചെന്നൈ: കോണ്‍ഗ്രസ് മനുഷ്യാവകാശ വിഭാഗത്തില്‍ ചേര്‍ന്ന നടിയും നിര്‍മ്മാതാവുമായ ഷക്കീല രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള നിലപാടുകള്‍ വ്യക്തമാക്കുകയാണ്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ആശയങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും കോണ്‍ഗ്രസില്‍ ചേരരുത് എന്നൊന്നുമില്ലല്ലോയെന്നും ഷക്കീല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു നടിയുടെ പ്രതികരണം.

‘കോണ്‍ഗ്രസില്‍ ചേരരുത് എന്നൊന്നുമില്ലല്ലോ, എനിക്ക് കോണ്‍ഗ്രസിനെ ഇഷ്ടമാണ്. അവരുടെ നയങ്ങളും ആശയങ്ങളും ഇഷ്ടമാണ്. അതുകൊണ്ടാണ് ചേര്‍ന്നത്. എന്റെ അച്ഛന്‍ കോണ്‍ഗ്രസിന്റെ വളരെ വിശ്വസ്തനായ പ്രവര്‍ത്തകനായിരുന്നു. ഞാന്‍ നേരത്തെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞിരുന്നു. പക്ഷെ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരുന്നില്ല. പിന്നീട് അവിടെ നിന്ന് ഓഫര്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മറ്റു സ്ഥലങ്ങളില്‍ നിന്നൊക്കെ വന്നിരുന്നു. പക്ഷെ കോണ്‍ഗ്രസിനെ ആണ് എനിക്ക് ഇഷ്ടമായത്. ഞാന്‍ നാളുകളായി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലൂടെ കുറച്ചുകൂടെ ശക്തമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ എനിക്ക് ഇഷ്ടമാണ്. നെഹ്‌റു കുടുംബത്തിലെ പലരുടെയും ജീവചരിത്രങ്ങള്‍ വായിച്ചിട്ടുണ്ട്. വെറും പൂജ്യമായിരുന്ന ഇന്ത്യയെ നെഹ്‌റു എങ്ങനെയാണ് വളര്‍ത്തിക്കൊണ്ടുവന്നതെന്ന് അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്,’ ഷക്കീല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലെ മനുഷ്യാവകാശ വിഭാഗത്തില്‍ ഷക്കീല ചേര്‍ന്നത്. തമിഴ്‌നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വകുപ്പ് മേധാവി ശ്രീനിവാസനാണ് താരത്തിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം ചാനല്‍ ഷോകളിലും ശ്രദ്ധേയയാണ്.
സിനിയ്ക്ക് പുറമെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താരം നേരത്തെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. തമിഴ്നാട്ടിലെ നിരവധി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഷക്കീല സഹായങ്ങള്‍ ചെയ്തിരുന്നു.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഫാഷന്‍ ഡിസൈനറുമായ മില്ലയെ ഷക്കീല ദത്തെടുത്ത് മകളാക്കിയ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress Shakeela about joining Congress