തമിഴിലും തെലുങ്കിലുമൊക്കെ ആളുകള്‍ നല്‍കുന്ന ബഹുമാനം വലുതാണ്; ഇവിടെ മതിയായ ബാത്ത്‌റൂം സൗകര്യം പോലുമില്ല: സംയുക്ത
Entertainment news
തമിഴിലും തെലുങ്കിലുമൊക്കെ ആളുകള്‍ നല്‍കുന്ന ബഹുമാനം വലുതാണ്; ഇവിടെ മതിയായ ബാത്ത്‌റൂം സൗകര്യം പോലുമില്ല: സംയുക്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th February 2023, 1:22 pm

തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ആളുകള്‍ കൂടുതല്‍ ബഹുമാനം തരാറുണ്ടെന്ന് നടി സംയുക്ത. തന്റെ തുടക്കകാലത്ത് സിനിമയില്‍ നിന്നും അടിസ്ഥാന വേതനം പോലും കിട്ടിയിരുന്നില്ലെന്നും നല്ല ബാത്ത്‌റൂം സൗകര്യം പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഒട്ടും വൃത്തിയില്ലാത്ത കതക് പോലുമില്ലാത്ത ടോയ്‌ലറ്റുകളാണ് ലൊക്കേഷനുകളില്‍ ഉണ്ടായിരുന്നതെന്നും സംയുക്ത പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാന്‍ തന്നെ ഒരുപാട് സമയമെടുത്തുവെന്നും പിന്നീട് ഇതിനെതിരെ സംസാരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സിനിമ ഒരു തൊഴിലിടമാണെന്നും ഇതൊക്കെ അടിസ്ഥാന ആവശ്യങ്ങളാണെന്നും ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത വ്യക്തമാക്കി.

‘മലയാളത്തില്‍ നിന്നുമാണ് മറ്റ് ഭാഷകളിലേക്ക് ഞാന്‍ അഭിനയിക്കാന്‍ പോകുന്നത്. തെലുങ്കിലും തമിഴിലുമൊക്കെ ആളുകള്‍ നമുക്ക് തരുന്ന ബഹുമാനം വളരെ വലുതാണ്. എന്തുകൊണ്ടാണ് അങ്ങനെയെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. തുടക്കകാലത്തൊന്നും എനിക്ക് അടിസ്ഥാന വേതനം പോലും സിനിമയില്‍ നിന്നും കിട്ടിയിരുന്നില്ല.

പലപ്പോഴും ടോയ്ലെറ്റ് സൗകര്യങ്ങള്‍ പോലും ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. ആദ്യമൊക്കെ ചില ഷൂട്ടിങ് ലൊക്കേഷനുകളില്‍ ബാത്ത്റൂം പോലും ഉണ്ടാവില്ല. ചിലയിടത്ത് ഒട്ടും ക്ലീനല്ലാത്ത, കതക് പോലും അടക്കാന്‍ പറ്റാത്ത ടോയ്‌ലറ്റായിരുന്നു ഉണ്ടായിരുന്നത്. ഇത് ശരിയല്ലെന്ന് പറയാന്‍ തന്നെ എനിക്ക് കുറേകാലം വേണ്ടിവന്നു.

 

സിനിമ ഒരു ബിസിനസാണ്. ഈ ഷൂട്ടിങ് ലൊക്കേഷന്‍ എന്റെ തൊഴിലിടമാണ്. അവിടെ ലഭിക്കേണ്ട ബേസിക്കായ കാര്യങ്ങള്‍ പോലും ഇങ്ങനെയായിരുന്നു. അത് പറ്റില്ലായെന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്. ഞാനൊരിക്കലും എനിക്ക് ലക്ഷ്വറിയായി സൗകര്യങ്ങള്‍ ഒരുക്കിത്തരണം എന്നല്ല പറയുന്നത്. മറിച്ച് വൃത്തിയുള്ള ഒരു ബാത്ത്റൂം വേണമെന്നാണ് പറഞ്ഞത്.

അതൊക്കെ വര്‍ക്ക് സ്പേസിലെ ബേസിക് കാര്യമാണ്. അത് പോലും തുടക്കത്തില്‍ കിട്ടിയിരുന്നില്ല. സിനിമയില്‍ ഡിമാന്റ് ചെയ്യപ്പെടേണ്ട കാര്യങ്ങളാണ് ഇതെല്ലാം,’ സംയുക്ത പറഞ്ഞു.

content highlight: actress samyuktha about malayalam cinema