മലര്‍ മിസ്സാവാന്‍ തയ്യാര്‍; പ്രേമം രണ്ടാം ഭാഗത്തെ കുറിച്ച് സായ് പല്ലവി
Movie Day
മലര്‍ മിസ്സാവാന്‍ തയ്യാര്‍; പ്രേമം രണ്ടാം ഭാഗത്തെ കുറിച്ച് സായ് പല്ലവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th February 2022, 11:40 am

2015 ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സായ് പല്ലവി. തമിഴിലും തെലുങ്കിലും തിരക്കുള്ള താരമാണ് ഇന്നവര്‍. നടിയെന്ന നിലയിലും നര്‍ത്തകിയെന്ന നിലയിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ നായികയായി മാറാനും സായ് പല്ലവിക്കായി.

മലര്‍ മിസ്സായി എത്തി മലയാളികളുടെ ഒന്നടങ്കം ഹൃദയത്തിലേറിയ താരം പ്രേമത്തിന് ഒരു രണ്ടാം ഭാഗം വരികയാണെങ്കില്‍ ആ ചിത്രത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ്.

പ്രേമത്തിന് ഒരു രണ്ടാം ഭാഗം വരികയാണെങ്കില്‍ തീര്‍ച്ചയായും മലര്‍ ടീച്ചറായി താന്‍ ഉണ്ടാകുമെന്നാണ് സായ് പല്ലവി പറയുന്നത്. അങ്ങനെ ഒരു കഥാപാത്രത്തിനായി തന്നെ വിളിച്ചാല്‍ അഭിനയിക്കാനായി എത്തുമെന്നായിരുന്നു സായ് പല്ലവി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ആദ്യകാഴ്ചയില്‍ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാനാവില്ലെന്നും എങ്കിലും ചില കാര്യങ്ങളൊക്കെ ആദ്യമായി കാണുമ്പോള്‍ അതിനോട് കൗതുകം തോന്നാറുണ്ടെന്നുമായിരുന്നു താരത്തിന്റെ മറുപടി.

എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിങ് ഉണ്ടായിട്ടില്ല. നല്ലൊരു അപ്പിയറന്‍സില്‍ ആരെയെങ്കിലും കണ്ടാല്‍ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും. ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെണ്‍കുട്ടികളെയാണ് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നത്. നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട്. ആണുങ്ങള്‍ക്ക് പിന്നെ ഒരു പാന്റും ഷര്‍ട്ടും മാത്രമല്ലേ ഉള്ളൂ.

പുരുഷന്മാരേക്കാള്‍ താന്‍ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്. പ്രണയം തോന്നിയിരുന്നോ എന്ന ചോദ്യത്തിന് അത് തോന്നാത്തവര്‍ ഉണ്ടാവില്ലല്ലോയെന്നായിരുന്നു താരത്തിന്റെ മറുപടി.

ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ എന്തായിരിക്കും പേരിടുകയെന്ന ചോദ്യത്തിന് 50 ഷെയ്ഡ്‌സ് ഓഫ് പല്ലവി എന്നായിരുന്നു താരത്തിന്റെ മറുപടി. ”എനിക്കൊരുപാട് ഷെയ്ഡ്‌സ് ഉണ്ട്, വീട്ടില്‍ അമ്മയോടും സഹോദരിയോടും പെരുമാറുന്നതുപോലെയല്ല ഫ്രണ്ട്‌സിന്റെയടുത്ത്, പുറത്ത് മറ്റൊരാളാണ്, സെറ്റില്‍ ഇരിക്കുമ്പോള്‍ വേറെയൊരാളാണ്, എന്നായിരുന്നു താരം പറഞ്ഞത്.

റാണാ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന തെലുങ്ക് ചിത്രം ‘വിരാടപര്‍വ്വം’ ആണ് സായ് പല്ലവിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Content highlight: Actress Sai Pallavi About Premama 2 and Malar Miss