അഭിനേതാവെന്ന നിലയില്‍ എന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ട്; സിനിമകള്‍ തെരഞ്ഞെടുത്ത് ചെയ്തിട്ടേ ഇനി കാര്യമുള്ളൂ: റിമ
കരിയറിന്റെ തുടക്കകാലത്ത് ലഭിച്ചതുപോലെ ഒരുപാട് സിനിമകള്‍ ഇപ്പോള്‍ ലഭിക്കാറില്ലെന്നും ആദ്യത്തെ പോലെ ആറും ഏഴും സിനിമകള്‍ക്ക് പകരം തിരഞ്ഞെടുത്ത ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമാകും ഇനി ചെയ്യുക എന്നും നടി റിമ കല്ലിങ്കല്‍. അഞ്ജലി പിള്ള, ദ ഫോര്‍ത്ത് വാള്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

റിമ കല്ലിങ്കല്‍. Photo: OTT play
‘സിനിമകളുടെ എണ്ണം കുറക്കുക എന്നത് ഞാനെടുത്ത തീരുമാനമല്ല, ഇപ്പോഴത്തെ അവസ്ഥ വെച്ച് കിട്ടിയാല്‍ ഒരെണ്ണം എന്ന് പറയുന്ന സിറ്റുവേഷനാണ്. പക്ഷേ ആദ്യം ചെയ്തതു പോലെ ആറേഴ് സിനിമകള്‍ ഇനി ചെയ്യില്ല എന്ന് തീരുമാനം എടുത്തിട്ടുണ്ട്. കാരണം ഞാന്‍ സിനിമയെ നോക്കിക്കാണുന്ന രീതി മാറിയിട്ടുണ്ട്. ഒരു കഥാപാത്രമായി മാറാനും അതില്‍ നിന്നും പുറത്തുകടക്കാനും ആദ്യത്തെക്കാള്‍ സമയമെനിക്ക് ഇപ്പോള്‍ ആവശ്യമാണ്.
ഒരു അഭിനേതാവെന്ന നിലയില്‍ എന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ട്. കാരണം അത്രയധികം വേഷങ്ങളിലൂടെ സംവിധായകരും പ്രേക്ഷകരും എന്നെ കണ്ടുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓഡിയന്‍സിന് പുതുമയുള്ള എന്തെങ്കിലും നല്‍കണമെന്നുണ്ടെങ്കില്‍ ഓരോ കഥാപാത്രത്തിനും വേണ്ടി നമ്മള്‍ അത്രയധികം ഷൂട്ടിന് മുമ്പ് വര്‍ക്ക് ചെയ്യേണ്ടി വരും.
ആദ്യത്തെ പോലെ ലാഘവത്തോടെയല്ല ഞാനിന്ന് ആര്‍ട്ടിനെയും ക്രാഫ്റ്റിനെയും കാണുന്നത്. അന്നത്തെക്കാളുമെത്രയോ മടങ്ങ് ബഹുമാനത്തോടെയാണ് ഞാനതിനെ നോക്കിക്കാണുന്നത്. പണ്ട് അച്ഛനും അമ്മയും ചെയ്തിരുന്നതു പോലെ പ്രായം കൂടുമ്പോഴാണ് ഒരു കാര്യത്തെ അടുത്തറിഞ്ഞ് ചെയ്യാന്‍ നമുക്ക് സാധിക്കുക,’ റിമ പറയുന്നു.

അനുരാഗ് കശ്യപ്. Photo: The patriot
ഷബ്‌ന മുഹമ്മദിന്റെ ആദ്യ സംവിധാന സംരംഭമായ ഡെലുലുവില്‍ അനുരാഗ് കശ്യപിനൊപ്പം അഭിനയിക്കുന്നതില്‍ ഏറെ എക്‌സൈറ്റഡ് ആണെന്നും, അനുരാഗ് എന്നതിലുപരി ഷബ്‌നയുടെ ഡിറക്ടോറിയല്‍ എന്നതിലാണ് താനേറെ എക്‌സൈറ്റ് ചെയ്യിപ്പിച്ചത് എന്നും താരം പറഞ്ഞു.
2009 ല്‍ റിലീസായ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവാണ് റീമയുടെ ആദ്യ ചിത്രം. ഹാപ്പി ഹസ്‌ബെന്‍ഡ്‌സ്, 22 ഫീമെയ്ല്‍ കോട്ടയം, നീലത്താമര തുടങ്ങിയവയും താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
Content Highlight: Actress rima kallingal talks about her acting career upcoming film with anurag kashyap