മുംബൈ: വിവാദമായ എപ്സ്റ്റീന്‍ ഫയല്‍സില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വംശജനായ ആത്മീയ നേതാവും എഴുത്തുകാരനുമായ ദീപക് ചോപ്രക്കെതിരെ നടി റിച്ച ഛദ്ദ. എപ്‌സ്റ്റീന്‍ ഫയല്‍സില്‍ നിരവധി തവണ ആവര്‍ത്തിക്കപ്പെട്ട ദീപക് ചോപ്രയ്ക്ക് പകരം ഉത്തരാഖണ്ഡിലെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്നും മുസ്‌ലിം കടയുടമയെ രക്ഷിച്ച ‘മുഹമ്മദ്’ ദീപക് ആയിരിക്കണം മാതൃകയെന്ന് നടി പരാമര്‍ശിച്ചു.
‘ജീവിതം നിങ്ങളെ ഒരു ദീപക് ആക്കി മാറ്റിയാല്‍ നിങ്ങള്‍ ചോപ്രയാകരുത്, മുഹമ്മദാവുക’, റിച്ച എക്‌സില്‍ കുറിച്ചു.
എപ്സ്റ്റീന്‍ ഫയല്‍സില്‍ നിന്നും പുറത്തെത്തിയ വിവരങ്ങളെ തള്ളിക്കൊണ്ടുള്ള ദീപക് ചോപ്രയുടെ എക്‌സ് കുറിപ്പ് പങ്കുവെച്ചായിരുന്നു നടിയുടെ പോസ്റ്റ്.
പിന്നീട്, ദീപക് മര്‍ദനം തടഞ്ഞതില്‍ രോഷാകുലരായ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് മതം തിരിച്ചറിയാനായി പേര് ചോദിച്ചിരുന്നു. ‘മുഹമ്മദ് ദീപക്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ദീപക് കുമാറിന്റെ പ്രവര്‍ത്തിക്ക് വലിയ രീതിയിലുള്ള പ്രശംസകള്‍ ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ആക്രമണകാരികളായ ജനക്കൂട്ടത്തെ തടഞ്ഞ ദീപക് കുമാറിനെതിരെ പൊലീസ് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മോശം ഭാഷ ഉപയോഗിച്ചു, ആക്രമണ ഭീഷണി മുഴക്കി തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
If life makes you a Deepak,
be a Mohammad, not Chopra.
അതേസമയം, ദീപക് ചോപ്രയാകട്ടെ, യു.എസ് തടവറയില്‍ വെച്ച് മരണപ്പെട്ട ലൈംഗിക കുറ്റവാളിയും ധനകാര്യ വിദഗ്ധനുമായ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് വിവരം.
എപ്സ്റ്റീന്‍ ഫയല്‍സില്‍ ദീപക് ചോപ്രയുടെ പേര് മൂവായിരത്തിലേറെ തവണയാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ സംസാരിക്കുന്ന നിരവധി ഇ-മെയിലുകളാണ് പുറത്തെത്തിയിരിക്കുന്നത്.
ഇസ്രഈല്‍ വംശജരായ സുന്ദരികളായ പെണ്‍കുട്ടികളെ എത്തിച്ചുനല്‍കാന്‍ എപ്സ്റ്റീനോട് ആവശ്യപ്പെടുന്നതും ദൈവം സൃഷ്ടിക്കപ്പെട്ടതാണെന്നും എന്നാല്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ ഒരു യാഥാര്‍ത്ഥ്യവുമാണെന്ന ചോപ്രയുടെ മെയിലിലെ പരാര്‍ശവും വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിരുന്നു.
യു.എസ് നീതി ന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ ദീപക് ചോപ്ര നിരന്തരം എപ്സ്റ്റീനുമായി ഇ-മെയിലിലൂടെ ആശയവിനിമയം നടത്തിയിരുന്നെന്ന് വ്യക്തമായിരുന്നു.
എന്നാല്‍, ‘ഞാന്‍ ഒരു കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിട്ടില്ല. ചൂഷണത്തില്‍ പങ്കെടുത്തിട്ടുമില്ല. എനിക്കുണ്ടായിരുന്ന ബന്ധങ്ങള്‍ക്ക് പരിധികളുണ്ടായിരുന്നു. അതിന് ചൂഷണപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ല’, എന്നായിരുന്നു ദീപക് ചോപ്രയുടെ പ്രതികരണം.
എപ്‌സിറ്റീന്റെ ഇരകളുടെ അവസ്ഥയില്‍ തനിക്ക് അഗാധ ദുഖമുണ്ടെന്നും എല്ലാത്തരം ചൂഷണങ്ങളെയും താന്‍ അപലപിക്കുന്നുവെന്നും ദീപക് ചോപ്ര എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു.
എന്നാല്‍, മെയിലുകളില്‍ താനുപയോഗിച്ച ഭാഷ മോശമായിരുന്നെന്നും അതില്‍ ഖേദമുണ്ടെന്നും ചോപ്ര വിശദീകരിക്കുന്നുണ്ട്.
Content Highlight: Actress Richa Chadha against Deepak Chopra