അനിമല്‍ പോലുള്ള സിനിമകള്‍ ഒരിക്കലും ചെയ്യില്ലെന്ന് നടി രസിക ദുഗാല്‍, പിന്നാലെ സൈബര്‍ ആക്രമണം
Indian Cinema
അനിമല്‍ പോലുള്ള സിനിമകള്‍ ഒരിക്കലും ചെയ്യില്ലെന്ന് നടി രസിക ദുഗാല്‍, പിന്നാലെ സൈബര്‍ ആക്രമണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th December 2025, 2:52 pm

റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഹിന്ദി ചിത്രം അനിമലിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം ഹിന്ദി താരം രസിക ദുഗാല്‍ അനിമലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അനിമല്‍ പോലൊരു സിനിമ താന്‍ ഒരിക്കലും ചെയ്യില്ലെന്നായിരുന്നു രസിക പറഞ്ഞത്.

സ്ത്രീവിരുദ്ധതയെ അങ്ങേയറ്റം വെളുപ്പിക്കുന്ന ചിത്രമാണ് അനിമലെന്നും അത്തരം സിനിമകള്‍ ഒരിക്കലും ആഘോഷിക്കപ്പെടാന്‍ പാടില്ലെന്നുമാണ് രസിക പറഞ്ഞത്. തന്റെ രാഷ്ട്രീയത്തിന് എതിരായി നില്‍ക്കുന്ന സിനിമകള്‍ ചെയ്യാന്‍ താത്പര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ നടക്കുന്ന ‘വീ ദ വുമണ്‍ ഏഷ്യ’ ഇവന്റില്‍ സംസാരിക്കുകയായിരുന്നു രസിക.

അനിമല്‍ പോലൊരു സ്ത്രീവിരുദ്ധ സിനിമക്ക് ഞാന്‍ ഒരിക്കലും ഓക്കെ പറയില്ല. സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമ എന്നതിലുപരി അതൊരു പ്രൊപ്പഗണ്ട ചിത്രം കൂടിയാണ്. അത്തരം സിനിമകള്‍ ആഘോഷിക്കപ്പെടരുത് എന്നാണ് എന്റെ അഭിപ്രായം. മിര്‍സാപൂരില്‍ എന്റെ കഥാപാത്രം നെഗറ്റീവ് ഷെയ്ഡാണെങ്കിലും അതിലെ കഥ ഒരിക്കലും സ്ത്രീവിരുദ്ധമല്ല’ രസിക പറയുന്നു.

എന്നാല്‍ അനിമലിനെതിരെ രസിക സംസാരിച്ച ഭാഗം മാത്രം തെരഞ്ഞെടുത്ത് ഒരുകൂട്ടമാളുകള്‍ താരത്തിനെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മിര്‍സാപൂരില്‍ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പോസ്റ്റുകളാണ് കൂടുതലായും പ്രചരിക്കുന്നത്. താരത്തെ സ്ലട്ട് ഷെയിം ചെയ്യുന്ന പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.

മിര്‍സാപൂരില്‍ ഭര്‍ത്താവിന്റെ അച്ഛനോടൊപ്പവും വളര്‍ത്തുമകനോടൊപ്പവും വീട്ടിലെ ജോലിക്കാരനൊപ്പവും ബന്ധം പുലര്‍ത്തുന്ന കഥാപാത്രം മഹത്തരമാണ്. അനിമല്‍ സ്ത്രീവിരുദ്ധവും. ഇവരുടെ ലോജിക് കൊള്ളാം’, ‘ഫെമിനിസ്റ്റിന് ഇതുവരെ അനിമലിനോടുള്ള ദേഷ്യം തീര്‍ന്നില്ലേ’ എന്നിങ്ങനെയാണ് പല കമന്റുകളും.

കുറച്ച് വിവരവും വിദ്യാഭ്യാസവുമുള്ള നടിയാണെന്ന് വിചാരിച്ചെന്നും അത് മാറിക്കിട്ടിയെന്നും വീഡിയോക്ക് താഴെ കമന്റുകളുണ്ട്. സിനിമയെ സിനിമയായി മാത്രം കാണാന്‍ പഠിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനിമല്‍. ബോക്‌സ് ഓഫീസില്‍ 900 കോടിയിലേറെ നേടിയ ചിത്രം വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്.

Content Highlight: Actress Rasika Dugal speaks  against Animal movie and got cyber attack