നടി ശ്വേതാ മേനോനെതിരായ കേസിൽ പ്രതികരണവുമായി നടി രഞ്ജിനി. മലയാള സിനിമയിലെ താര സംഘടനയായ AMMAയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കവെയാണ് ശ്വേതക്കെതിരായ കേസ്. ശ്വേതാ മേനോനെതിരായ ഈ കേസ് ഹേമ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരമുള്ള പവർ ഗ്രൂപ്പ് ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രഞ്ജിനിയുടെ പ്രതികരണം.
നിർമാതാവ് സാന്ദ്ര തോമസിനെ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതിരിക്കുന്നതിനെയും രഞ്ജിനി വിമർശിച്ചു. സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് നിയന്ത്രണം ഏറ്റെടുക്കാൻ AMMA യോ പ്രൊഡ്യൂസർ കൗൺസിലോ തയ്യാറല്ലെന്നും ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്നും നടി ചോദിക്കുന്നു.
ഇന്ത്യയിൽ ഒരു വനിതാ പ്രസിഡന്റ് ഉള്ളതുകൊണ്ടുതന്നെ സ്ത്രീകൾക്ക് അവരുടെ ജോലിസ്ഥലങ്ങളിൽ മത്സരിക്കാൻ അവകാശമുണ്ടെന്ന് അവർ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അനുസരിച്ച് വിനോദ ട്രൈബ്യൂണൽ നടപ്പിലാക്കുമെന്ന് കരുതുന്നുവെന്നും ജുഡീഷ്യറിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും രഞ്ജിനി പറഞ്ഞു.
അതേസമയം അശ്ലീല ചിത്രത്തിൽ അഭിനയിച്ചുവെന്ന പരാതിയിലാണ് നടി ശ്വേതാ മേനോനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. അനാശാസ്യ നിരോധന നിയമപ്രകാരവും ഐ.ടി നിയമത്തിലെ സെക്ഷൻ 67 (എ)ഉം അനുസരിച്ചും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ശ്വേതക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ കോടതിയിലാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
ചൊവാഴ്ചയാണ് അശ്ലീല ചിത്രത്തിൽ അഭിനയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോനെതിരെ മാർട്ടിൻ പരാതി നൽകിയത്. ശ്വേതയുടെ അഭിനയം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇയാൾ പരാതിയിൽ പറഞ്ഞിരുന്നു. സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ ശ്വേതാ മേനോൻ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചുവെന്നും അത് സോഷ്യൽ മീഡിയയിലൂടെയും പോൺ സൈറ്റുകളിലൂടെയും പ്രചരിപ്പിച്ച് വരുമാനം നേടിയെന്നുമാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്.