അപ്പനിലെ ആ സീനില്‍ ഞാന്‍ സാറ്റിസ്‌ഫൈഡ് അല്ല, കഥാപാത്രം ചെയ്ത ക്രൂരതകള്‍ അലന്‍സിയര്‍ ചേട്ടന്‍ പറയുമായിരുന്നു: രാധിക
Entertainment news
അപ്പനിലെ ആ സീനില്‍ ഞാന്‍ സാറ്റിസ്‌ഫൈഡ് അല്ല, കഥാപാത്രം ചെയ്ത ക്രൂരതകള്‍ അലന്‍സിയര്‍ ചേട്ടന്‍ പറയുമായിരുന്നു: രാധിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th November 2022, 11:48 pm

മജു സംവിധാനം ചെയ്ത് സോണി ലിവില്‍ റിലീസ് ചെയ്ത സണ്ണി വെയ്ന്‍ ചിത്രമാണ് അപ്പന്‍. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സണ്ണി വെയ്നൊപ്പം അലന്‍സിയര്‍, പൗളി വല്‍സന്‍, രാധിക, അനന്യ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഷീല എന്ന കഥാപാത്രത്തെയാണ് രാധിക ചിത്രത്തില്‍ അവതരിപ്പിച്ചത്. വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് ഷീല. സിനിമയില്‍ തനിക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായ സീനുകളെക്കുറിച്ച് പറയുകയാണ് രാധിക. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അപ്പന്‍ സിനിമയെക്കുറിച്ച് താരം പറഞ്ഞത്.

”മുഖത്തേക്ക് തുപ്പുന്ന സീന്‍ എടുക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഈ ഷോട്ട് കുറേ സമയം എടുക്കേണ്ടി വന്നിരുന്നു. എത്ര എടുത്തിട്ടും ശരിയാവാതെ പോയി. ലൈറ്റിന്റെ പ്രശ്‌നം കൊണ്ട് വൈകുന്നതിന് അനുസരിച്ച് അടുത്ത ദിവസത്തിലേക്ക് മാറ്റി വെക്കേണ്ടി വന്നിരുന്നു.

ചോറും കറിയും മിക്‌സ് ചെയ്ത് എന്റെ മുഖത്ത് പുരട്ടി വെച്ച് കുറേ നേരം ഇരുന്നു. കുറച്ച് കഴിയുമ്പോഴേക്കും അതെല്ലാം നീറാന്‍ തുടങ്ങും. മജു ചേട്ടന്‍ വിചാരിച്ച സാധനമല്ല ഞാന്‍ ചെയ്യുന്നത്. സിനിമയില്‍ കാണിച്ച സീന്‍ അല്ല ഞാന്‍ ചെയ്തത്.

എനിക്ക് ഇത് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് അലന്‍സിയര്‍ ചേട്ടന്‍ തന്നെ ഇട്ടി എന്ന കഥാപാത്രം ഷീലയോട് ചെയ്ത കാര്യങ്ങള്‍ എന്നോട് പറയുമായിരുന്നു. ആയാള്‍ എത്ര ക്രൂരനാണെന്നും എന്റെ കഥാപാത്രത്തോട് എന്തെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെയാണ് അതിന് പറ്റിയ മൂഡ് ഞാന്‍ ക്രിയേറ്റ് ചെയ്യുന്നത്. ആ സീന്‍ ഇപ്പോള്‍ കാണുമ്പോള്‍ കുറച്ച് കൂടെ നന്നാക്കാമായിരുന്നെന്ന് എനിക്ക് തോന്നാറുണ്ട്. ബാക്കി സീനിലെല്ലാം ഞാന്‍ സാറ്റിസ്‌ഫൈഡാണ്,” രാധിക പറഞ്ഞു.

content highlight: actress radhika about appan movie