കൂട്ടുകാരനെ വീട്ടിലേക്ക് വിളിച്ചു, അമ്മായി അറിയാതിരിക്കാന്‍ കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ചു; കൗമാരത്തിലെ പ്രണയകഥ പറഞ്ഞ് പ്രിയങ്ക
Indian Cinema
കൂട്ടുകാരനെ വീട്ടിലേക്ക് വിളിച്ചു, അമ്മായി അറിയാതിരിക്കാന്‍ കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ചു; കൗമാരത്തിലെ പ്രണയകഥ പറഞ്ഞ് പ്രിയങ്ക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th February 2021, 11:24 am

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ബാല്യവും കൗമാരവും പറയുന്ന അണ്‍ഫിനിഷ്ഡ് എന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ഇതുവരെ താന്‍ ആരോടും പറയാതിരുന്ന പല കഥകളും പുസത്കത്തില്‍ പ്രിയങ്ക കുറിച്ചിട്ടുണ്ട്. ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളും നേട്ടങ്ങളുമെല്ലാം പ്രിയങ്ക തുറന്നെഴുതുന്നുണ്ട്. കുട്ടിക്കാലത്ത് തനിക്ക് ഉണ്ടായ ഒരു പ്രണയത്തെ കുറിച്ചും അതിനെ തുടര്‍ന്ന് താന്‍ നേരിടേണ്ടി വന്ന ചില വെല്ലുവിളികളെ കുറിച്ചും പ്രിയങ്ക പറയുന്നുണ്ട്.

അമേരിക്കയിലായിരുന്നു പ്രിയങ്കയുടെ സ്‌കൂള്‍ പഠനം. അമേരിക്കയില്‍ ചെലവഴിച്ച വര്‍ഷങ്ങളെക്കുറിച്ചും അമ്മായിക്കൊപ്പമുള്ള തന്റെ താമസത്തെ കുറിച്ചും അവിടെ സ്‌കൂളില്‍ വെച്ചുണ്ടായ പ്രണയത്തെ കുറിച്ചുമാണ് പ്രിയങ്ക പറയുന്നത്.

ഇന്ത്യനാപോളിസില്‍ അമ്മായിക്കൊപ്പമാണ് പ്രിയങ്ക താമസിച്ചിരുന്നത്. സ്‌കൂളില്‍ സഹപാഠിയായിരുന്ന ബോബ് എന്ന കുട്ടിയുമായി താന്‍ അഗാധപ്രണയത്തിലായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു. ബോബിനെ വിവാഹം കഴിക്കാന്‍ പോലും ആഗ്രഹിച്ചു. ബോബിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അത് അമ്മായി കയ്യോടെ പിടികൂടുകയും ചെയ്തുവെന്ന് പ്രിയങ്ക കുറിക്കുന്നു.

‘സ്‌കൂളില്‍ വെച്ചാണ് ബോബിനെ കണ്ടുമുട്ടുന്നത്. പതുക്കെ പതുക്കെ അവനുമായി പ്രണയത്തിലായി. വിവാഹം കഴിക്കാന്‍ വരെ ഞങ്ങള്‍ ആലോചിച്ചു. അങ്ങനെ ഒരു ദിവസം ബോബിനേയും കൂട്ടി ഞാന്‍ വീട്ടിലേക്ക് വന്നു. വളരെ നിഷ്‌ക്കളങ്കമായി കൈകള്‍ കോര്‍ത്തുപിടിച്ച് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങള്‍ പെട്ടെന്ന് വിന്‍ഡോയിലൂടെ അമ്മായി പടികള്‍ കയറി വരുന്നത് കണ്ടു. ഇതോടെ ഞാന്‍ പരിഭ്രാന്തയായി.
ഉച്ചയ്ക്ക് 2 മണിയായിരുന്നു. അമ്മായി മടങ്ങിവരുന്ന പതിവ് സമയമായിട്ടില്ല. ബോബിന് വീടിന് പുറത്ത് പോകാന്‍ ഒരു വഴിയുമില്ല, അവനും ഞാനും എന്റെ മുറിയിലേക്ക് ഓടി, ഞാന്‍ അവനെ എന്റെ ക്ലോസറ്റിലേക്ക് മാറ്റി( സാധനങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന കബോര്‍ഡ്).

ഞാന്‍ വേഗം ഒരു പുസ്തകം കയ്യിലെടുത്ത് പഠിക്കുന്നതുപോലെ ഇരുന്നു. കാര്യങ്ങള്‍ അറിഞ്ഞതുപോലെ അമ്മായി വീട്ടിലെ ഓരോ ഇടങ്ങളും പരിശോധിക്കാന്‍ തുടങ്ങി. ഒടുവില്‍ എന്റെ മുറിയുടെ വാതില്‍ക്കല്‍ വന്ന് കബോര്‍ഡിന്റെ വാതില്‍ തുറക്കാന്‍ ദേഷ്യത്തോടെ പറഞ്ഞു. അമ്മായിയുടെ ദേഷ്യം കണ്ട് ഞാന്‍ നടുങ്ങി. ഞാന്‍ വാതില്‍ തുറന്നതോടെ ബോബ് പുറത്തുവന്നു. അതൊരു വലിയ പ്രശ്‌നമായി.

ഇതോടെ അമ്മായി എന്റെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു, ‘അവള്‍ എന്റെ മുഖത്ത് നോക്കി നുണ പറഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു ആണ്‍കുട്ടിയെ അവള്‍ അവളുടെ ക്ലോസറ്റില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു’, എന്ന് അമ്മയോട് പറഞ്ഞു’, പ്രിയങ്ക കുറിച്ചു.

പിന്നീട് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനായി 1999 ലാണ് പ്രിയങ്ക ചോപ്ര ഇന്ത്യയിലേക്ക് മടങ്ങുന്നത്. മിസ് ഇന്ത്യ 2000 മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ലാറ ദത്തയായിരുന്നു ആ വര്‍ഷം മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുത്ത പ്രിയങ്ക കീരിടം ചൂടി. ലാറ മിസ് യൂണിവേഴ്സ് മത്സരത്തിലും വിജയിയായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Priyanka Chopra once hid her boyfriend in her closet, aunt complained to her mother