ഇപ്പോള്‍ പറയേണ്ട എന്നുകരുതി മാറ്റിവെച്ച കാര്യങ്ങള്‍ കൂടി അപ്പോള്‍ വിളിച്ചുപറയും; മനസുതുറന്ന് പ്രയാഗ മാര്‍ട്ടിന്‍
Malayalam Cinema
ഇപ്പോള്‍ പറയേണ്ട എന്നുകരുതി മാറ്റിവെച്ച കാര്യങ്ങള്‍ കൂടി അപ്പോള്‍ വിളിച്ചുപറയും; മനസുതുറന്ന് പ്രയാഗ മാര്‍ട്ടിന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2021, 2:37 pm

നടിയായി പേരെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചു തന്നെയാണ് ഈ മേഖലയിലേക്ക് വന്നതെന്നും കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ സ്വയം പ്രൂവ് ചെയ്യുമെന്നും നടി പ്രയാഗ മാര്‍ട്ടിന്‍.

താന്‍ ആരാധിക്കുന്ന, വര്‍ക്ക് ചെയ്യണമെന്നാഗ്രഹിക്കുന്നവരുടെ കൂടെയാണ് അഭിനയിക്കേണ്ടതെന്നും താന്‍ ഫാന്‍ ആയിട്ടുള്ള സംവിധായകരുടേയും അഭിനേതാക്കളുടേയും കൂടെ വര്‍ക്ക് ചെയ്യണമെന്നും കുറേപ്പേര്‍ മനസിലുണ്ടെങ്കിലും അവരുടെ പേര് പറയാന്‍ ആയിട്ടില്ലെന്നും താരം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ വര്‍ഷം വരുത്താന്‍ പോകുന്ന ഒരു മാറ്റം എന്താണന്ന ചോദ്യത്തിന് ഇനി അഭിമുഖങ്ങള്‍ നല്‍കില്ലെന്ന് തീരുമാനിച്ചു എന്നായിരുന്നു പ്രയാഗയുടെ മറുപടി. ‘നാലുവര്‍ഷമായി സിനിമയില്‍ സജീവമായിട്ട്. കുറച്ചുകൂടെ സിനിമകള്‍ ചെയ്ത് സ്വയം തെളിയിക്കട്ടെ. അപ്പോള്‍ എനിക്ക് സിനിമയെ കുറിച്ച് കുറച്ചുകൂടെ സംസാരിക്കാനുണ്ടാകും.

ഇപ്പോള്‍ പറഞ്ഞാല്‍ എന്ത് അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്ന് ആള്‍ക്കാര്‍ ചോദിച്ചെന്നിരിക്കും. അതിന് മുന്നോടിയായി സ്വയം തെളിയിക്കണം. അതുകഴിഞ്ഞ് ഞാന്‍ തിരിച്ചുവരും. എല്ലാവരോടും സംസാരിക്കാന്‍. ഇത്രയും കാലം അടക്കിപ്പിടിച്ചിട്ടുള്ള, എതിര്‍പ്പുണ്ടായിട്ടുപോലും ഇപ്പോള്‍ പറയേണ്ട എന്നുകരുതി മാറ്റിവെച്ച കാര്യങ്ങള്‍ കൂടി അപ്പോള്‍ വിളിച്ചുപറയും’, പ്രയോഗ പറയുന്നു.

ഉള്ളില്‍ എതിര്‍പ്പുണ്ടായിട്ടുകൂടി അത് പ്രകടിപ്പിക്കാതെ ഇരിക്കുന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്നില്ലേ എന്ന ചോദ്യത്തിന് സമ്മര്‍ദ്ദമൊന്നും ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇപ്പോള്‍ കിട്ടിയ അവസരങ്ങളൊക്കെ എനിക്ക് വന്നത് ഞാനും കൂടി കഠിനാധ്വാനം ചെയ്തിട്ടു തന്നെയാണ്. പലരും എന്നില്‍ വിശ്വാസം അര്‍പ്പിച്ച് എന്നെ ഏര്‍പ്പിച്ചതുകൊണ്ടുമാണ്, പ്രയാഗ പറഞ്ഞു.

സോഷ്യല്‍മീഡിയ ഒരു നടനോട് എടുക്കുന്ന നിലപാടല്ല നടിയുടെ കാര്യത്തില്‍ എടുക്കുന്നത്. അത് ശരിയല്ലേ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതെ എന്നായിരുന്നു പ്രയാഗയുടെ മറുപടി. ഊരും പേരും അറിയാതെ ആര്‍ക്കും ആരെക്കുറിച്ചും കമന്റ് പറയാം എന്ന അവസ്ഥയാണെന്നും ആ ഒരു സ്വാതന്ത്ര്യം ദുരുപയോഗിക്കുകയാണ് ചിലരൊക്കെയെന്നും പ്രയാഗ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Prayaga Martin About Her Planning about Career