ഇതെന്താ തലയണമന്ത്രമോ; ഇന്ദ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ റോള്‍ ബുക്ക് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തോട് പൂര്‍ണിമ
Movie Day
ഇതെന്താ തലയണമന്ത്രമോ; ഇന്ദ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ റോള്‍ ബുക്ക് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തോട് പൂര്‍ണിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd June 2022, 1:47 pm

നടനില്‍ നിന്നും സംവിധായകനിലേക്കുള്ള യാത്രയിലാണ് ഇന്ദ്രജിത്ത് സുകുമാരന്‍. അടുത്ത വര്‍ഷത്തോടെ താന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമ സംഭവിക്കുമെന്ന് അടുത്തിടെ ഇന്ദ്രജിത്ത് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥ തയ്യാറായിട്ടുണ്ടെന്നും നിലവില്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ അവസാനിച്ചുകഴിയുന്നതോടെ സ്വന്തം സിനിമയിലേക്ക് കടക്കുമെന്നുമായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്.

ഇന്ദ്രജിത്തിന്റെ സിനിമയില്‍ ഭാഗമാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് നടിയും ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂര്‍ണിമ. ഇന്ദ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഏതെങ്കിലും കഥാപാത്രം ബുക്ക് ചെയ്ത് വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതെന്താണ് തലയണമന്ത്രമോ എന്നായിരുന്നു പൂര്‍ണിമയുടെ മറുപടി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഓഫ് സ്‌ക്രീനില്‍ നിങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഓണ്‍ സ്‌ക്രീനില്‍ നിങ്ങളെ എന്ന് ഒരുമിച്ച് കാണുമെന്നായിരുന്നു പൂര്‍ണിമയോടുള്ള ചോദ്യം. ഇന്ദ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ‘ആ റോള്‍ എനിക്ക് വേണ’മെന്ന് പറഞ്ഞ് ബുക്ക് ചെയ്ത് വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതെന്താണ്, അതെങ്ങനെയാണ് എനിക്ക് പറ്റുക എന്നായിരുന്നു പൂര്‍ണിയുടെ മറുപടി.

ഇതെന്താണ് തലയണമന്ത്രമാണോ. നമ്മളിലെ ആക്ടറിന് നമുക്ക് വിശ്വാസം കുറയുമ്പോഴാണ് നമ്മള്‍ സ്വന്തമായി പുഷ് ചെയ്യുക. ഒരു സംവിധായകന്റെ കയ്യിലാണ് എല്ലാം. അദ്ദേഹത്തിന്റെ തീരുമാനം, അദ്ദേഹത്തിന്റെ കണ്‍വിക്ഷന്‍. അത് അദ്ദേഹത്തിന്റെ മേഖലയാണ്.

ഫ്രണ്ട്ഷിപ്പിന്റെ പേരിലോ പേഴ്‌സണല്‍ റിലേഷന്‍ഷിപ്പിന്റെ പേരിലോ നമ്മള്‍ അതില്‍ ഇടപെടുന്നത് ശരിയാണോ എന്നറിയില്ല. ഭാര്യയാണെങ്കിലും സുഹൃത്താണെങ്കിലും എന്റെ പെര്‍ഫോമന്‍സ്, എന്റെ ബോഡി ലാംഗ്വേജ് അദ്ദേഹം മനസില്‍ കണ്ട കഥാപാത്രവുമായി ചേര്‍ന്നു നില്‍ക്കുന്നുണ്ടെങ്കില്‍ ഉറപ്പായിട്ടും, എനിക്കതിനുള്ള ടാലന്റ് കൂടി ഉണ്ടെങ്കില്‍ ആ കഥാപാത്രം നമ്മളെ തേടിയെത്തും. അതൊക്കെ ഓരോരുത്തരുടേയും തീരുമാനമാണ്, പൂര്‍ണിമ പറഞ്ഞു.

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിന് ശേഷം പൂര്‍ണിമ അഭിനയിക്കുന്ന ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം. ഈ മാസം പത്താം തീയതിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിലേക്ക് താന്‍ എത്തിയത് ഓഡീഷന്‍ വഴിയാണെന്ന് പൂര്‍ണിമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സുഹൃദ്ബന്ധങ്ങള്‍ കാരണം ഒരിക്കലും അവസരങ്ങള്‍ കിട്ടില്ലെന്നും നമ്മള്‍ ഒരു കഥാപാത്രത്തിന് അനുയോജ്യരാണോ എന്നത് തന്നെയാണ് ആ കഥാപാത്രം നമുക്ക് ലഭിക്കാനുള്ള
മാനദണ്ഡമെന്നുമായിരുന്നു പൂര്‍ണിമ പറഞ്ഞത്.

Content Highlight: Actress Poornima about Hunband Indrajith Directorial Debut and her Character