'ഇത് എന്റെ എന്‍ഗേജ്‌മെന്റ് റിങ്'; വിഘ്‌നേഷുമായുള്ള വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് നയന്‍താര
Malayalam Cinema
'ഇത് എന്റെ എന്‍ഗേജ്‌മെന്റ് റിങ്'; വിഘ്‌നേഷുമായുള്ള വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് നയന്‍താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th August 2021, 1:48 pm

ആരാധകരുടെ ഇഷ്ടജോഡികളാണ് തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹം എന്ന് നടക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരെ താരങ്ങള്‍ മറുപടി നല്‍കിയിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ വിവാഹക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍. വിഘ്നേഷ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നയന്‍താര സൂചിപ്പിക്കുന്നത്.

ഇരുവരുടെയും വിവാഹത്തെപ്പറ്റി പല അഭ്യൂഹങ്ങളും പരന്നിരുന്നെങ്കിലും വിവാഹക്കാര്യത്തില്‍ നയന്‍സ് മനസുതുറക്കുന്നത് ഇതാദ്യമാണ്.

വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നേരത്തെ വിഘ്‌നേഷും പ്രതികരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മീ എനിത്തിംഗ് സെഷനിലായിരുന്നു വിവാഹത്തെപ്പറ്റിയുള്ള ചോദ്യത്തിന് വിഘ്നേഷ് കിടിലന്‍ മറുപടി നല്‍കിയത്. നിങ്ങളും നയന്‍താരയും എന്ന് വിവാഹം കഴിക്കുമെന്നായിരുന്നു വിഘ്നേഷിനോട് ഒരാള്‍ ചോദിച്ചത്.

കല്യാണമൊക്കെ വലിയ ചെലവല്ലെയെന്നും കൊറോണക്കാലം കഴിയാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു വിഘ്നേഷിന്റെ മറുപടി.

‘വിവാഹത്തിനൊക്കെ വലിയ ചെലവ് വരില്ലേ സഹോദരാ. അതുകൊണ്ട് വിവാഹത്തിനായുള്ള പണം സ്വരൂപിക്കുകയാണ് ഇപ്പോള്‍. കൊറോണ കഴിയാന്‍ കാത്തിരിക്കുന്നു,’ എന്നായിരുന്നു വിഘ്നേഷ് പറഞ്ഞത്.

നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ്-നയന്‍താര ജോഡികളെ ആരാധകര്‍ ഏറ്റെടുത്തത്. ‘കാത്ത് വാക്കുള്ള രെണ്ട് കാതല്‍’ ആണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

അതേസമയം നയന്‍താര ബോളിവുഡിലേക്കെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ നായികയായിട്ടാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര ഹീറോയിന്‍ ആവുന്നതെന്നാണ് റിപ്പോര്‍ട്ട്. അറ്റ്‌ലി സംവിധാനം ചെയ്ത ബിഗിലില്‍ നയന്‍താരയായിരുന്നു നായികയായി എത്തിയത്.

പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത രാജ റാണി എന്ന ചിത്രത്തിലൂടെയായിരുന്നു താരം തമിഴ് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.

നെട്രിക്കണ്‍ ആണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. രജനികാന്ത് നായകനാവുന്ന അണ്ണാത്തയിലും നയന്‍താരയാണ് നായിക.കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച നിഴല്‍ ആണ് നയന്‍താരയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Nayanthara Opens Up About her Wedding