മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ മാതാവിന്റെ വേഷം ചെയ്ത് കൊണ്ട് നമിത തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. എന്നാൽ നമിതക്ക് ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചിരുന്നു.

നമിത പ്രമോദ്.Photo. Screen Grab/ Youtube.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിന്ന് വരുന്ന അധിക്ഷേപ കമന്റുകൾക്കും വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾക്കുമെതിരെ പലപ്പോഴും പ്രതികരിക്കാറുണ്ടെന്ന് തുറന്നു പറയുകയാണ് നടി. ഇത്തരം സംഭവങ്ങളിൽ പലർക്കുമെതിരെ കേസ് നൽകിയിട്ടുണ്ടെന്നും ചിലരെ കണ്ടെത്തി നടപടിയെടുപ്പിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു.
സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇടുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും സിനിമാ റിവ്യൂകളിലടക്കം അനാവശ്യമായ നെഗറ്റീവ് പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും താരം ഒർജിനൽസിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
‘സോഷ്യൽ മീഡിയയിൽ വരുന്ന പല കമന്റുകൾക്കും മറുപടി കൊടുക്കണമെന്ന് തോന്നാറുണ്ട്. ചില കമന്റുകൾ ഇടുന്നവരുടെ വീട്ടിൽ പോയി തല്ലാൻ വരെ തോന്നിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ വരുന്ന ചില കമന്റുകൾക്ക് ഞാൻ മറുപടി കൊടുക്കാറുണ്ട്. യൂട്യൂബിൽ വരുന്ന കമന്റുകളേക്കാൾ ഇൻസ്റ്റഗ്രാമിലെ കമന്റുകൾക്കാണ് മറുപടി നൽകാറുള്ളത്.
ഫേക്ക് അക്കൗണ്ടുകളിൽ നിന്ന് മെസേജ് അയക്കുന്നതും കമന്റുകൾ ഇടുന്നതുമൊക്കെ എനിക്ക് ഇപ്പോഴും മനസിലാകാത്ത കാര്യമാണ്. ഇത്തരത്തിൽ പലർക്കുമെതിരെ ഞാൻ കേസ് കൊടുത്തിട്ടുണ്ട്. ചിലരെ കണ്ടെത്തി നടപടിയെടുപ്പിച്ചിട്ടുമുണ്ട്. പരാതി നൽകിയാൽ വ്യാജ അക്കൗണ്ടുകൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സാധിക്കും. പക്ഷേ, പലർക്കും അതിനെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടായിരിക്കാം ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നാണ് എനിക്ക് തോന്നുന്നത്,’ നമിത പറഞ്ഞു.
സിനിമാ റിവ്യൂകളിലും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിലും കൂടുതൽ ഉത്തരവാദിത്തം വേണമെന്നും നടി പറഞ്ഞു. സിനിമ കണ്ടിട്ടുപോലും ഇല്ലാതെ ചിലർ അഭിപ്രായങ്ങൾ പറയുന്നുണ്ടെന്നും, സിനിമയിലായാലും മറ്റേതെങ്കിലും മേഖലയിലായാലും ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും താരം പറഞ്ഞു.
‘സിനിമയെക്കുറിച്ച് റിവ്യൂ ചെയ്യുന്ന ഒരുപാട് പേരുണ്ട്. സിനിമയുടെ കാര്യത്തിൽ മാത്രമല്ല, ഏത് മേഖലയിലായാലും ഒരാൾ എന്തെങ്കിലും പറയുമ്പോൾ അത് ഉത്തരവാദിത്തത്തോടെ പറയണമെന്നാണ് എന്റെ അഭിപ്രായം. ചിലർ സിനിമ കണ്ടിട്ടുപോലും ഉണ്ടാകില്ല, എന്നിട്ടായിരിക്കും അഭിപ്രായം പറയുന്നത്.

അഖിത,നമിത പ്രമോദ്. Photo. Screen Grab/ Youtube
ഓരോരുത്തരുടെയും അഭിപ്രായങ്ങൾ വ്യക്തിപരമാണ്. എന്നാൽ ഭയങ്കര നെഗറ്റീവ് ആയിട്ടുള്ള കമന്റുകൾ ഇടുന്നതും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ പ്രതികരിക്കുന്നതും ഒഴിവാക്കണം. അഭിപ്രായം പറയുമ്പോൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചാൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നാറുണ്ട്,’ നമിത പറഞ്ഞു.
Content Highlight: Actress Namitha Pramod has openly stated that she often responds to abusive comments on social media and messages from fake accounts
