ഫാന്‍സിന്റെ അടുത്ത് നിന്ന് വരുന്ന കത്തുകളിലെല്ലാം സുരേഷേട്ടന്‍ പിന്മാറണം എന്നെഴുതി: മേനക
Entertainment news
ഫാന്‍സിന്റെ അടുത്ത് നിന്ന് വരുന്ന കത്തുകളിലെല്ലാം സുരേഷേട്ടന്‍ പിന്മാറണം എന്നെഴുതി: മേനക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th January 2023, 7:47 am

താനും സുരേഷും വിവാഹിതരാവുന്നത് തന്റെ ഫാന്‍സിന് ഇഷ്ടമല്ലായിരുന്നുവെന്ന് നടി മേനക. ആ സമയത്ത് എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന പെയറായിരുന്നു താനും ശങ്കറുമെന്നും മേനക പറഞ്ഞു.

തനിക്ക് ഫാന്‍സിന്റെ അടുത്ത് നിന്നും നിരവധി കത്തുകള്‍ വരാറുണ്ടായിരുന്നുവെന്നും അതിലൊക്കെ സുരേഷേട്ടനോട് പിന്മാറണം എന്നായിരുന്നു എഴുതിയതെന്നും നടി പറഞ്ഞു. അമൃത ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മേനക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പാവം സുരേഷേട്ടനെ എല്ലാവരും പ്രാകിയ ഒരു സമയമുണ്ടായിരുന്നു. ഞങ്ങള്‍ ഇത്രയും നല്ല പെയറാണെന്ന് അഭിനയം നിര്‍ത്തിയതിന് ശേഷമാണ് മനസിലായത്. അന്ന് അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ചെയ്യാം അങ്ങനെ ചെയ്യാമെന്നൊന്നും ഞങ്ങള്‍ പ്ലാന്‍ഡ് അല്ല. തന്നെ വന്ന പടങ്ങളാണ് ഇതെല്ലാം.

ശരിക്കും പറഞ്ഞാല്‍ എനിക്ക് ഫാന്‍സിന്റെ അടുത്ത് നിന്നും കത്തുകള്‍ വരും. ഈ കത്തുകളെല്ലാം ശങ്കര്‍ ഏട്ടനും സുരേഷേട്ടനും എന്റെ വീട്ടില്‍ ഇരുന്ന് ഒരുമിച്ച് വായിക്കുമായിരുന്നു. അതിനകത്തെല്ലാം ഉള്ളത് സുരേഷേട്ട നിങ്ങള്‍ പിന്മാറണം എന്നായിരുന്നു. ചേട്ടനല്ല മേനകയെ കെട്ടേണ്ടത്, ശങ്കറേട്ടനാണെന്നായിരുന്നു അതിനകത്ത് മുഴുവനും ഉണ്ടായിരുന്നത്. ഇത് ഇവര്‍ രണ്ടു പേരും ഇരുന്നാണ് വായിക്കുക.

അത്രത്തോളം ഫാന്‍സ് ആ പെയറിനെ ഇഷ്ടപ്പെട്ടിരുന്നു. അതു കഴിഞ്ഞ് ഒരു സീരിയലിന് അഭിനയിക്കാന്‍ ലൊക്കേഷനില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ ഓടിവന്ന് ശങ്കര്‍ ഏട്ടന്‍ വന്നില്ലെയെന്നാണ് ചോദിക്കുന്നത്. അങ്ങനെയൊരു പെയര്‍ കിട്ടുകയെന്നത് ഭാഗ്യമാണ്.

ശങ്കര്‍ ഏട്ടനും സുരേഷേട്ടനും നല്ല സുഹൃത്തുക്കളായത് കൊണ്ട് എനിക്കും അത് നല്ലതായിരുന്നു. ശങ്കറേട്ടനാണ് സുരേഷേട്ടനെക്കുറിച്ച് എന്നോട് പറയുന്നത്. അദ്ദേഹം പറഞ്ഞുതുകൊണ്ടാണ് പൂച്ചക്ക് ഒരു മൂക്കുത്തി എന്ന സിനിമ ഞാന്‍ ചെയ്യുന്നത്,” മേനക പറഞ്ഞു.

content highlight: actress menaka about shankar