മകന് നല്ല അച്ഛനായിരിക്കുമെന്ന് കരുതി, പക്ഷെ എന്നെ ഒരു അമ്മയെപ്പോലെ കണ്ട് 'സ്‌പൂൺ ഫീഡ്' ചെയ്യാൻ ആവശ്യപ്പെട്ടു: മീര വാസുദേവൻ
Malayalam Cinema
മകന് നല്ല അച്ഛനായിരിക്കുമെന്ന് കരുതി, പക്ഷെ എന്നെ ഒരു അമ്മയെപ്പോലെ കണ്ട് 'സ്‌പൂൺ ഫീഡ്' ചെയ്യാൻ ആവശ്യപ്പെട്ടു: മീര വാസുദേവൻ
നന്ദന എം.സി
Sunday, 17th May 2026, 10:27 am

തന്മാത്രയിലെ ലേഖ രമേശൻ എന്ന കഥാപാത്രത്തിലൂടെയാണ് മീര വാസുദേവൻ എന്ന പേര് മലയാളി പ്രേക്ഷകർക്ക് ഇന്നും ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്നത്. മോഹൻലാൽ നായകനായ ചിത്രത്തിൽ ശക്തമായ അഭിനയ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ മീര, ഒരു ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയിരുന്നു.

എന്നാൽ അഭിനയ ജീവിതത്തിൽ വിജയങ്ങൾ സ്വന്തമാക്കിയ താരത്തിന്റെ വ്യക്തിജീവിതം പല പ്രതിസന്ധികളിലൂടെയും കടന്നുപോയിരുന്നു. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും വിവാഹ പരാജയങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ഐ ആം വിത്ത് ധന്യ എന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീര.

മീര വാസുദേവൻ, Photo: X.com

തന്റെ മൂന്നാം വിവാഹം വലിയൊരു പ്രണയത്തിന്റെ പുറത്തെടുത്ത തീരുമാനമായിരുന്നില്ലെന്ന് മീര പറയുന്നു. മറിച്ച്, തന്റെ മകനോട് ആ വ്യക്തി കാണിച്ച സ്നേഹവും കരുതലുമാണ് ആ ബന്ധത്തിലേക്ക് തന്നെ നയിച്ചതെന്ന് താരം വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു മീരയും വിപിനും വിവാഹിതരായത്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു പാലക്കാട് സ്വദേശിയായ വിപിൻ. സീരിയൽ സെറ്റിൽ നിന്നാണ് ഇരുവരുടെയും ബന്ധം ആരംഭിച്ചത്.

എന്നാൽ മകന് നല്ലൊരു അച്ഛനായിരിക്കുമെന്ന് കരുതിയ വ്യക്തിയുമായി മുന്നോട്ട് പോകാൻ പിന്നീട് ബുദ്ധിമുട്ടായി മാറിയെന്ന് മീര പറയുന്നു. പങ്കാളിയുടെ അമിതമായ ആശ്രിതത്വവും ജീവിത മൂല്യങ്ങളിലെ പൊരുത്തക്കേടുമാണ് ബന്ധം തകരാൻ കാരണമായതെന്ന് താരം വ്യക്തമാക്കി.

‘എന്റെ മകനോട് അദ്ദേഹം കാണിച്ച സ്നേഹമാണ് എന്നെ ആകർഷിച്ചത്. മകന് നല്ല അച്ഛനായിരിക്കും എന്ന് വിശ്വസിച്ചു. പക്ഷേ, പിന്നീട് ഞാൻ കണ്ട വലിയ പ്രശ്നം അദ്ദേഹത്തിന്റെ അമിതമായ ആശ്രിതത്വമായിരുന്നു.

എന്തിനാണ് ഒരു ഭാര്യയെ അമ്മയെപ്പോലെ കണ്ട് ‘സ്‌പൂൺ ഫീഡ്’ ചെയ്യാൻ ആവശ്യപ്പെടുന്നത്? ഭാര്യ അമ്മയല്ല. നിങ്ങളെ ബഹുമാനിക്കുന്നതും തുല്യനായി കാണുന്നതുമായ ഒരാളെയാണ് പങ്കാളിയായി വേണ്ടത്,’ എന്നാണ് താരം പറഞ്ഞത്.

ശാരീരികവും മാനസികവുമായ പീഡനങ്ങളും വിശ്വാസവഞ്ചനയും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മീര തുറന്നുപറഞ്ഞു. അമ്മയെപ്പോലെ പരിചരിക്കണം എന്ന് പ്രതീക്ഷിക്കുന്ന പുരുഷന്മാരുമായി മുന്നോട്ട് പോകാൻ തനിക്ക് കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

2005ൽ പ്രശസ്ത ഛായാഗ്രാഹകനായിരുന്ന അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളിനെയാണ് മീര ആദ്യമായി വിവാഹം ചെയ്തത്. പിന്നീട് 2010ൽ ആ ബന്ധം അവസാനിച്ചു. തുടർന്ന് 2012 ൽ നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ അരിഹ് ജോൺ എന്ന മകനുണ്ട്.

എന്നാൽ 2016ൽ ഇരുവരും വേർപിരിഞ്ഞു. ഇപ്പോൾ തന്റെ ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ മീരയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Content Highlight: Actress Meera Vasudevan reveals the reason behind her marriage breakup

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.