നിറത്തിന്റെ പേരിലോ ജാതിയുടെ പേരിലോ, ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റിയുടെ പേര് പറഞ്ഞോ ചിലരെ മാറ്റി നിര്‍ത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി മീനാക്ഷി.
അത്തരമൊരു കാര്യത്തെ ഒരു തരത്തിലും താന്‍ അംഗീകരിക്കില്ലെന്നും അത്തരമൊരു പറച്ചിലില്‍ നിന്ന് ഒരു നല്ല വശവും നമുക്ക് ഉള്‍ക്കൊള്ളാനില്ലെന്നുമായിരുന്നു മീനാക്ഷി പറഞ്ഞത്. ദി പിങ്ക് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി.
അങ്ങനെ പറയുന്നത് എന്തുകൊണ്ടായിരിക്കാം എന്നതില്‍ പലര്‍ക്കും പല അഭിപ്രായവും ഉണ്ടാകുമെന്നും എന്നാല്‍ പണ്ടത്തെ രക്ഷിതാക്കളില്‍ വലിയൊരു വിഭാഗവും അങ്ങനെയുള്ളവരാണെന്ന് താന്‍ കരുതുന്നില്ലെന്നും മീനാക്ഷി പറഞ്ഞു.
വളരെ ചിന്തിക്കുന്ന, എല്ലാത്തിനെ കുറിച്ചും അറിവുള്ള, ഇതിലൊന്നും ഒരു കുഴപ്പവുമില്ലെന്ന് ധാരണയുള്ള ഒരുപാട് ആള്‍ക്കാര്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നും എല്ലാവരേയും ആ രീതിയില്‍ ജനറലൈസ് ചെയ്യരുതെന്നും താരം പറഞ്ഞു.
‘ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളോട് ഇങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് ആരും രംഗത്ത് വന്നിട്ടില്ല. എന്നാല്‍ അങ്ങനെ പറഞ്ഞവരില്‍ ചിലര്‍ അത് തുറന്നുപറഞ്ഞിട്ടുമുണ്ടാകാം.
അങ്ങനെ പറയുന്നത് തെറ്റാണ് എന്ന് നമുക്കറിയാം. എന്തിനാണ് അങ്ങനെ ജഡ്ജ് ചെയ്യുന്നത് എന്ന് നമുക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്. ഇങ്ങനെ അല്ലാത്ത ഒരുപാട് ആള്‍ക്കാര്‍ പണ്ടുണ്ടായിരുന്നു.
ആ സമയത്തെ അറിവില്ലായ്മയുടെ പ്രശ്‌നം ആയിരിക്കില്ല. വേറെയും ഫാക്ട്‌ഴേസ് ഉണ്ടാകും. ഒരാളെ അങ്ങനെ ജഡ്ജ് ചെയ്യാന്‍ പാടില്ലെന്ന് ഇന്നറിയാം. നമ്മുടെ ചിന്താഗതിയോട് അവര്‍ യോജിക്കുന്നുണ്ടോ എന്നത് മാത്രമാണ് ഫാക്ടര്‍,’ മീനാക്ഷി പറയുന്നു.
ഇന്ന ജാതിയിലുള്ളവരോട് കൂട്ടുകൂടേണ്ടെന്ന് പറയാന്‍ നമുക്ക് അധികാരമില്ലെന്നും അത് തെറ്റാണെന്ന തിരിച്ചറിവ് ഇന്നുള്ളവര്‍ക്ക് ഉണ്ടെന്നും മീനാക്ഷി പറയുന്നു.
‘എന്റെ സുഹൃത്തുക്കള്‍ എല്ലാവരും എന്നെപ്പോലെ ആയിരിക്കണമെന്നില്ല. എന്റെ സുഹൃത്തുക്കള്‍ ആരും ഞാന്‍ ചിന്തിക്കുന്ന രീതിയിലേ അല്ല ചിന്തിക്കുന്നത്. എന്റെ ശരിയല്ല അവരുടെ ശരി. ഡ്രസിങ്ങിലും ചിന്താഗതിയിലുമെല്ലാം വ്യത്യസ്തമായിരിക്കില്ലേ. എല്ലാവരും ഒരുപോലെയല്ല.
നമ്മള്‍ ഒരാളെ ഇത് പറഞ്ഞ് നിര്‍ബന്ധിക്കുന്നതാണ് പ്രശ്‌നം. ഞാന്‍ എന്റെ അനിയനോട് പറയുകയാണ് നീ അവരോട് അധികം കൂട്ടുകൂടേണ്ട എന്ന്. ശരിക്കും അത് പറയാനുള്ള റൈറ്റ് എനിക്കില്ല.
അത് അവര്‍ തീരുമാനിക്കേണ്ടതാണ്. ഇവരുടെ കൂടെ കൂടിയാല്‍ നല്ലതാണോ അല്ലയോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. നിര്‍ബന്ധിക്കുമ്പോഴാണ് പ്രശ്‌നം.
അവര്‍ ഇന്ന ജാതിയിലുള്ളവരാണ് കൂട്ടുകൂടണ്ട എന്ന് നമ്മള്‍ പറയണ്ട. അവര്‍ക്ക് വേണ്ട എന്ന് തോന്നിയാല്‍ കൂട്ടുകൂടണ്ട. അല്ലാതെ ഇന്നയാള്‍ക്കാരോട് മിണ്ടരുത്, ചെയ്യരുത് എന്ന് പറയരുത്.
ഇപ്പോള്‍ അങ്ങനെയുള്ളവര്‍ ഉണ്ടായിരിക്കാം. പക്ഷേ വളരെ കുറവാണ്. അതൊരു സക്‌സസ് തന്നെയല്ലേ. അങ്ങനെ പറയുന്നത് തെറ്റാണെന്ന തിരിച്ചറിവ് ഇന്ന് വന്നിട്ടുണ്ട്,’ മീനാക്ഷി പറയുന്നു.
Content Highlight: Actress Meenakshi about Friendship based on caste and religion