ഇങ്ങനെ തോള്‍ മാത്രം കുലുക്കിയല്ലേ അദ്ദേഹം ചിരിക്കുന്നത്; ഇന്ദ്രന്‍സിന്റെ ചിരിയും നോട്ടവും അനുകരിച്ച് മഞ്ജു പിള്ള
Entertainment news
ഇങ്ങനെ തോള്‍ മാത്രം കുലുക്കിയല്ലേ അദ്ദേഹം ചിരിക്കുന്നത്; ഇന്ദ്രന്‍സിന്റെ ചിരിയും നോട്ടവും അനുകരിച്ച് മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st August 2021, 7:07 pm

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടജോഡികളായി മാറിയിരിക്കുകയാണ് ഇന്ദ്രന്‍സും മഞ്ജു പിള്ളയും. ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായെത്തി പ്രേക്ഷകമനം കവര്‍ന്ന ഇരുവരുടെയും അഭിമുഖങ്ങള്‍ക്കും ഇപ്പോള്‍ ആരാധകരേറെയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ഒരു അഭിമുഖത്തില്‍ ഇന്ദ്രന്‍സിന്റെ ചിരിയും മുഖഭാവങ്ങളും മഞ്ജു പിള്ള അനുകരിച്ച് കാണിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

തോള്‍ മാത്രം കുലുക്കികൊണ്ടാണ് ഇന്ദ്രന്‍സ് ചിരിക്കുകയെന്നും ഇങ്ങനെയല്ലേ ചിരിച്ചത് എന്നും അവതാരകനോട് മഞ്ജു പിള്ള ചിരിച്ചുകൊണ്ട് ചോദിക്കുന്നതാണ് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ ഈ അഭിമുഖത്തിലുള്ളത്.

ഹോം ഇറങ്ങിയതിന് തൊട്ടുപിന്നാലെ നീ വരുവോളം എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും മഞ്ജു പിള്ളയും വിവാഹവേഷത്തില്‍ നില്‍ക്കുന്ന ഭാഗങ്ങള്‍ വൈറലായിരുന്നു. ഒലിവര്‍ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും വിവാഹ ഫോട്ടോ എന്ന പേരില്‍ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു.

ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വെച്ചായിരുന്നു ഇന്ദ്രന്‍സ് ഈ ട്രോള്‍ ആദ്യമായി കണ്ടത്. അപ്പോള്‍ അദ്ദേഹം നല്‍കിയ റിയാക്ഷനെ കുറിച്ച് സംസാരിക്കുമ്പോഴാണ് മഞ്ജു പിള്ള ഇന്ദ്രന്‍സിന്റെ നോട്ടവും ഭാവങ്ങളും ചിരിയുമെല്ലാം അനുകരിച്ച് കാണിച്ചത്.

ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം കുഞ്ഞുങ്ങളെ പോലെ ആസ്വദിക്കുന്നയാളാണ് ഇന്ദ്രന്‍സേട്ടനെന്നും മഞ്ജു പിള്ള പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങളുടെ സൗഹൃദം സിനിമയില്‍ മികച്ച കെമിസ്ട്രി കൊണ്ടുവരാന്‍ സഹായിച്ചുവെന്ന് ഇന്ദ്രന്‍സും മഞ്ജു പിള്ളയും വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ഇന്ദ്രന്‍സ് വളരെ നിഷ്‌കളങ്കനും പാവവുമാണെന്നാണ് താന്‍ ഇതുവരെ വന്ന അഭിമുഖങ്ങളിലെല്ലാം പറഞ്ഞതെന്നും എന്നാല്‍ ചില സിനിമാ സെറ്റുകളില്‍ അദ്ദേഹം വലിയ കുസൃതികള്‍ ഒപ്പിക്കാറുണ്ടായിരുന്നുവെന്നും മഞ്ജു പറയുന്നുണ്ട്.

അതേസമയം ഇന്ദ്രന്‍സ് വളരെ പാവവും നിഷ്‌കളങ്കനുമായ മനുഷ്യന്‍ തന്നെയാണെന്നും മഞ്ജു പറഞ്ഞു. ഏറെ എളിമയുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

പ്രായമാകും തോറും ആളുകള്‍ ചെറുപ്പമാകുമെന്നും കുഞ്ഞുങ്ങളെ പോലെയാകുമെന്നും പറയുന്നത് ഇന്ദ്രന്‍സിലാണ് നേരിട്ടു കാണുന്നതെന്നും മഞ്ജു പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Manju Pillai imitates Indrans in an interview, video goes viral