ജന ഗണ മന ഷൂട്ട് ചെയ്യുമ്പോള്‍ ആ കാര്യം ഞാന്‍ അങ്ങോട്ട് പറഞ്ഞു; ഒഴിവാക്കിയാല്‍ പിന്നെ ഒരുമിച്ച് വര്‍ക്ക് ചെയ്യില്ലെന്നും അറിയിച്ചു: മംമ്ത മോഹന്‍ ദാസ്
Entertainment news
ജന ഗണ മന ഷൂട്ട് ചെയ്യുമ്പോള്‍ ആ കാര്യം ഞാന്‍ അങ്ങോട്ട് പറഞ്ഞു; ഒഴിവാക്കിയാല്‍ പിന്നെ ഒരുമിച്ച് വര്‍ക്ക് ചെയ്യില്ലെന്നും അറിയിച്ചു: മംമ്ത മോഹന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th February 2023, 10:51 am

നടിമാരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം സിനിമയില്‍ കിട്ടുന്നില്ലെന്ന് നടി മംമ്ത മോഹന്‍ദാസ് നേരത്തെ പറഞ്ഞിരുന്നു. നടിമാരുടെ മുഖത്തേക്ക് ക്യാമറ പിടിക്കുന്നത് കുറവാണെന്നും നടന്മാരുടെ ഷോട്ട് എടുക്കാനാണ് സംവിധായകര്‍ക്ക് താല്‍പര്യമുള്ളതെന്നുമായിരുന്നു മംമ്ത പറഞ്ഞത്.

എന്നാല്‍ അഭിനയിച്ച് സ്വന്തമായി കോണ്‍ഫിഡന്‍സ് കിട്ടി തുടങ്ങിയതോടെ തന്റെ സീനുകള്‍ കട്ട് ചെയ്ത് മാറ്റാന്‍ പാടില്ലെന്നുള്ള കാര്യം സംവിധായകരെ അറിയിക്കാറുണ്ടെന്ന് പറയുകയാണ് ഇപ്പോള്‍ മംമ്ത.

ജന ഗണ മനയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ ഡിജോയോടും താന്‍ ആ കാര്യം പറഞ്ഞിരുന്നെന്നും മംമ്ത പറഞ്ഞു. തന്റെ സീനുകള്‍ കട്ട് ചെയ്ത് മാറ്റിയാല്‍ പിന്നെ ഒരിക്കലും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് താന്‍ പറഞ്ഞിരുന്നെന്നും താരം പറഞ്ഞു. റെഡ്. എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരു കഥാപാത്രം കിട്ടി കഴിഞ്ഞാല്‍ സ്വന്തമായിട്ട് എന്തെങ്കിലും കൊടുത്ത് ആ കഥാപാത്രത്തെ മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ആ സാഹചര്യത്തിലാണ് ഞാന്‍ സംവിധായകരുടെ അടുത്തേക്ക് ചെന്ന് പറയാന്‍ തുടങ്ങിയത്.

എന്റെ സീന്‍ മുഴുവനായിട്ട് വെക്കണമെന്ന് അവരോട് അങ്ങോട്ട് പറയും. ഡിജോയുടെ അടുത്ത് വരെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ജന ഗണ മനയില്‍ സഭയുടെ ക്ലാസ് റൂം സീനുണ്ട്. അതാണ് കഥാപാത്രത്തിന്റെ പ്രധാന സീന്‍.

ഞാന്‍ ആ സീന്‍ ചെയ്യുമ്പോള്‍ എനിക്ക് ഓര്‍മയുണ്ട്. ഫസ്റ്റ് ടേക്കില്‍ കിട്ടുന്ന മാജിക്ക് പിന്നെ കിട്ടില്ല. ഡിജോ.. ഇതിന്റെ മേലില്‍ കത്തി വെച്ചാല്‍ പിന്നെ നമ്മള്‍ ഒരിക്കലും ഒരുമിച്ച് വര്‍ക്ക് ചെയ്യില്ലെന്ന് ഞാന്‍ ഡിജോയോട് പറഞ്ഞു.

നാളെ ഇനിയും സീന്‍ ബാക്കിയുണ്ട്. പിന്നെ ഈ മംമ്തയെ ആയിരിക്കില്ല കാണുകയെന്നൊക്കെ ഞാന്‍ അവനോട് പറഞ്ഞു. ഇപ്പോള്‍ അങ്ങോട്ട് ചെന്ന് പറയാന്‍ എനിക്ക് കഴിയുന്നുണ്ട്,” മംമ്ത പറഞ്ഞു.

content highlight: actress mamtha mohandas about janaganamana movie