പൃഥ്വിരാജ് എന്ത് പറഞ്ഞാലും എതിര്‍ക്കുക, ഇതാണ് കുറച്ചുകാലമായി ഇവിടെ കാണുന്നത്: മല്ലിക സുകുമാരന്‍
Film News
പൃഥ്വിരാജ് എന്ത് പറഞ്ഞാലും എതിര്‍ക്കുക, ഇതാണ് കുറച്ചുകാലമായി ഇവിടെ കാണുന്നത്: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th July 2021, 11:05 pm

കൊച്ചി: പൃഥ്വിരാജ് എന്ത് പറഞ്ഞാലും എതിര്‍ക്കുക എന്നതാണ് കുറച്ചുകാലമായി ഇവിടെ കണ്ടുവരുന്നതെന്ന് നടിയും താരത്തിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിയുടെ പ്രതികരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ തനിക്ക് ചിരിയാണ് വന്നതെന്നും മല്ലിക പറഞ്ഞു.

‘ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ല. ദ്വീപില്‍ രണ്ട് മൂന്ന് തവണ പോയി ഒന്നരമാസത്തോളം താമസിച്ച വ്യക്തിയാണ് പൃഥ്വി. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ആ പ്രശ്നത്തെ കുറിച്ച് സംസാരിച്ചാല്‍ കുറച്ച് കൂടി ആളുകള്‍ ശ്രദ്ധിക്കുമെന്നതിനാലാണ് പൃഥ്വി അങ്ങനെ ചെയ്തത്,’ മല്ലിക സുകുമാരന്‍ പറയുന്നു.

എന്നാല്‍ അതിന് ശ്രദ്ധ കിട്ടിയെന്ന് മാത്രമല്ല ഭയങ്കര ചര്‍ച്ചായി. ഇപ്പോഴത്തെ കാലത്ത് അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം പറയുന്നത് ഭയങ്കരമായ സംഭവമാക്കി മാറ്റുന്ന പ്രവണതയാണ് ഉള്ളതെന്നും മല്ലിക പറഞ്ഞു.

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് വലിയ രീതിയില്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. കേരളത്തിലെ ജനങ്ങള്‍ മുതല്‍ സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ വരെ സംഭവത്തില്‍ പൃഥ്വിരാജിന് പിന്തുണയും അറിയിച്ചിരുന്നു.

ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന, അവിടുത്തുകാര്‍ പറയുന്നതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്നുമായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

നൂറ്റാണ്ടുകളായി സമാധാനപരമായി ജീവിച്ചുപോന്ന ഒരു ജനതയുടെ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെയാണ് പുരോഗതിയുടെ ഭാഗമായി മാറുന്നതെന്നും പൃഥ്വിരാജ് ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Mallika Sukumaran Prithviraj Sukumaran Lakshadweep