മരുമക്കളോട് എന്റെയൊരു വിഗ്രഹമുണ്ടാക്കി പൂജാമുറിയില്‍ വെച്ച് പ്രാര്‍ഥിക്കാന്‍ പറയാറുണ്ട്, ഞാന്‍ അവരുടെ പുറകേ പോകാറില്ല: മല്ലിക സുകുമാരന്‍
Entertainment news
മരുമക്കളോട് എന്റെയൊരു വിഗ്രഹമുണ്ടാക്കി പൂജാമുറിയില്‍ വെച്ച് പ്രാര്‍ഥിക്കാന്‍ പറയാറുണ്ട്, ഞാന്‍ അവരുടെ പുറകേ പോകാറില്ല: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th February 2023, 11:13 pm

മരുമക്കളായ പൂര്‍ണിമയോടും സുപ്രിയയോടും തന്റെ ഒരു വിഗ്രഹം ഉണ്ടാക്കി പൂജാമുറിയില്‍ വെച്ച് പ്രാര്‍ത്ഥിക്കാന്‍ തമാശക്ക് പറയാറുണ്ടെന്ന് നടി മല്ലിക സുകുമാരന്‍. അവരുടെ ഒരു കാര്യത്തിലും താന്‍ ഇടപെടാറില്ലെന്നും അവര്‍ എന്ത് ചെയ്താലും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും മല്ലിക പറഞ്ഞു.

ഇന്ദ്രജിത്ത് വിദേശത്തേക്ക് യാത്ര പോകുമ്പോള്‍ തന്നെയും വിളിക്കാറുണ്ടെന്നും ഭാര്യയും ഭര്‍ത്താവും പോകുമ്പോള്‍ അവരുടെ പുറകെ താന്‍ വരണോയെന്നാണ് തിരിച്ച് ചോദിക്കാറുള്ളതെന്നും മല്ലിക പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മരുമക്കള്‍ രണ്ടാളോടും എന്റെയൊരു വിഗ്രഹം ഉണ്ടാക്കി പൂജാമുറിയില്‍ വെച്ച് പ്രാര്‍ഥിക്കാന്‍ പറയാറുണ്ടെന്ന് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു കാര്യത്തിനും അമ്മായിയമ്മയില്ല. നിങ്ങളായി നിങ്ങളുടെ പാടായി, എന്നേ ഞാന്‍ അവരോട് പറഞ്ഞിട്ടുള്ളു.

ഇന്ദ്രന്‍ ഇടയ്ക്ക് എന്നെ വിളിക്കും. അമ്മേ വാ നമുക്ക് തായ്ലാന്‍ഡിലൊക്കെ പോയിട്ട് വരാമെന്ന് പറയും. നീയും ഭാര്യയും പോകുന്നതിന് പുറകേ ഞാനും വരണോ? എന്റെ പൊന്ന് മോനെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കല്ലേ എന്നാണ് തിരിച്ച് ഞാനവനോട് പറയാറുള്ളത്.

ഞാനങ്ങനെ മക്കളുടെ പുറകേ പോകാറില്ല. എനിക്കത് ഇഷ്ടവുമല്ല. അതിലും എനിക്ക് ഇഷ്ടം എന്റെ നാട്ടുകാരെയും വീട്ടുകാരെയും സുഹൃത്തുക്കളുമൊക്കെയായി സമയം ചിലവഴിക്കുന്നതാണ്.

കഴിഞ്ഞ കാലത്ത് നമ്മളൊക്കെ ജീവിച്ചത്, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ഉണ്ടാക്കി ഇടാം എന്ന് കരുതിയാണ്. ഇന്നും അവരത് ചെയ്യുന്നുണ്ട്. പക്ഷേ അതിനൊപ്പം സ്ഥലം കാണാനും കറങ്ങി നടക്കാനുമൊക്കെയുള്ള പ്രധാന്യം കൊടുക്കുന്നുണ്ട്.

ഞങ്ങളൊന്നും അങ്ങനെ കാശ് കളയുകയില്ലായിരുന്നു. രണ്ട് പേര് ദുബായില്‍ പോകുന്ന കാശുണ്ടെങ്കില്‍ അഞ്ച് സെറ്റ് സ്ഥലം വാങ്ങിക്കാമെന്നായിരുന്നു ചിന്തിക്കുക. അതാണ് ജനറേഷന്റെ വ്യത്യാസം,” മല്ലിക പറഞ്ഞു.

content highlight: actress mallika sukumaran about supriya and poornima