എടോ നീയല്ല, ഞാനാണ് സംവിധായകന്‍; ആ ഫ്രോഡ് കോള്‍ 777 ചാര്‍ലിയുടെ ഒറിജിനല്‍ സംവിധായകനെ കൊണ്ട് എടുപ്പിച്ചു
Movie Day
എടോ നീയല്ല, ഞാനാണ് സംവിധായകന്‍; ആ ഫ്രോഡ് കോള്‍ 777 ചാര്‍ലിയുടെ ഒറിജിനല്‍ സംവിധായകനെ കൊണ്ട് എടുപ്പിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th October 2023, 12:43 pm

777 ചാര്‍ലിയുടെ സംവിധായകനാണെന്ന് പറഞ്ഞ് തനിക്ക് വന്ന ഫ്രോഡ് കോളിനെ കുറിച്ച് സംസാരിക്കുകയാണ് നടി മാല പാര്‍വതി. 22 ദിവസത്തെ ഡേറ്റാണ് തന്നോട് അയാള്‍ ചോദിച്ചതെന്നും സിനിമയുടെ ബഡ്ജറ്റും തന്റെ പേയ്‌മെന്റും വരെ അവര്‍ പറഞ്ഞെന്നും മാല പാര്‍വതി പറയുന്നു. തനിക്ക് ഒരു സംശയം തോന്നി ഒറിജിനല്‍ സംവിധായകനുമായി ബന്ധപ്പെട്ടെന്നും കോള്‍ മെര്‍ജ് ചെയ്ത് സംസാരിച്ചെന്നുമാണ് മാല പാര്‍വതി പറയുന്നത്.

മാസ്റ്റര്‍പീസ് വെബ്‌സീരിസുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാല പാര്‍വതി.

‘ എനിക്ക് 777 ചാര്‍ലിയുടെ ഡയറക്ടറാണെന്ന് പറഞ്ഞ് ഒരു കോള്‍ വന്നു. 19 മുതല്‍ 22 ദിവസം വരെയുള്ള ഡേറ്റാണ് ചോദിച്ചത്. സിനിമയുടെ ബഡ്ജറ്റ് വരെ പറയുകയാണ് അവര്‍. അപ്പോള്‍ തന്നെ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി. ഞാന്‍ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. എനിക്ക് 777 ചാര്‍ലിയുടെ ഡയറക്ടറെ അറിയില്ല. ഞങ്ങളുടെ ഒരു കോമണ്‍ സുഹൃത്തുണ്ട്. ഞാന്‍ അദ്ദേഹത്തെ വിളിച്ച് എനിക്ക് ഇങ്ങനെ ഒരു കോള്‍ വന്നിട്ടുണ്ടെന്നും ചില സംശയമുണ്ടെന്നും പറഞ്ഞു. ഒന്ന് അദ്ദേഹത്തെ വിളിച്ചു ചോദിക്കാമോ എന്ന് ചോദിച്ചു. വിളിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവമേയില്ല. ആരാ ഇത് ഇങ്ങനെ വിളിക്കുന്നതെന്ന് ചോദിച്ച് അദ്ദേഹം ഇറിറ്റേറ്റായി. അതോടെ ഞാന്‍ അയാളെ വിളിക്കാമെന്നും എന്നിട്ട് നമുക്ക് കോള്‍ മെര്‍ജ് ചെയ്യാമെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു.

അങ്ങനെ ഞാന്‍ കോള്‍ മെര്‍ജ് ചെയ്ത് ഇയാളെ വിളിച്ചു. 777 ചാര്‍ലിയുടെ ഡയറക്ടര്‍ ആണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞ് സംസാരിക്കാന്‍ തുടങ്ങി. സിനിമ തുടങ്ങാന്‍ പോകുകയാണെന്നും ഡേറ്റ് ഇന്നതാണെന്നും ബഡ്ജറ്റ് ഇത്രയാണെന്നുമൊക്കെ പറയാന്‍ തുടങ്ങി.

അപ്പോള്‍ അപ്പുറത്ത് നിന്ന് ഒറിജിനല്‍ ഡയറക്ടര്‍ ‘ഹലോ, ഹലോ ഞാനാണ് 777 ചാര്‍ലിയുടെ സംവിധായകന്‍ എന്ന് ഇയാളോട് പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും നിങ്ങളെ കോടതിയില്‍ കയറ്റുമെന്നൊക്കെ പറഞ്ഞ് ചൂടായി. പിന്നെ പുള്ളി കേസൊക്കെ കൊടുത്തു. അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ഈ കാര്യം എഴുതിയിട്ടിരുന്നു.

നമുക്ക് വരുന്ന എല്ലാ കോളുകളും വിശ്വസിക്കാനാവില്ല. ഇവരുടെ വാക്ക് കേട്ട് നമ്മള്‍ ഡേറ്റൊക്കെ ലോക്ക് ചെയ്തിട്ടിരുന്നെങ്കിലുള്ള അവസ്ഥ ആലോചിച്ചു നോക്ക്. ആ മാസം പട്ടിണിയാവില്ലേ (ചിരി), മാല പാര്‍വതി പറഞ്ഞു.

മാസ്റ്റര്‍പീസ് എന്ന പ്രൊജക്ടില്‍ വന്നതില്‍ ഏറ്റവും ലക്കിയാണ് താനെന്നും തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് മാസ്റ്റര്‍പീസിലേതെന്നും മാല പാര്‍വതി പറഞ്ഞു.

ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രമാണ് മാസ്റ്റര്‍പീസിലേത്. ബ്രില്യന്റ് കാസ്റ്റാണ് എല്ലാം. നിത്യയില്ലെങ്കില്‍ ഈ പ്രൊജക്ട് ഇല്ല. അതുപോലെ ഷറഫുദ്ദീന്റെ കഥാപാത്രം. ഇവരാണ് കഥയെ കൊണ്ടുപോകുന്നത്,’ മാല പാര്‍വതി പറഞ്ഞു.

Content Highlight: Actress mala Parvathi about aFraud Call