ജീവിക്കാനായി തമ്പ്‌നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തലക്കെട്ട് എഴുതണം: മാല പാര്‍വതി
Entertainment news
ജീവിക്കാനായി തമ്പ്‌നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തലക്കെട്ട് എഴുതണം: മാല പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th July 2022, 12:46 pm

ഓണ്‍ലൈന്‍ മീഡിയയില്‍ തന്റെ ചിത്രത്തോടൊപ്പം വന്ന വാര്‍ത്തയില്‍ തെറ്റായ തലക്കെട്ട് നല്‍കിയതിനെതിരെ നടി മാല പാര്‍വതി.

‘മാല പാര്‍വതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍’ എന്ന തലക്കെട്ടോടെ വാര്‍ത്ത കൊടുത്ത ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നേരെയാണ് താരം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

ഒരു നടന് നേരെയും താന്‍ ‘ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍’ നടത്തിയിട്ടില്ലെന്നും. മോശമായി സ്പര്‍ശിച്ചാല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ലെന്നുമാണ് മാല പാര്‍വതി പറഞ്ഞത്. ജീവിക്കാനായി തമ്പ്‌നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ്‌നെയില്‍ എഴുതണമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

‘അച്ഛന്‍ മരിച്ചപ്പോള്‍, ഞാന്‍ മരിച്ചു എന്ന് ചില ഓണ്‍ലൈന്‍ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു.
എന്നാല്‍ മറ്റൊരു ഓണ്‍ലൈന്‍ മീഡിയയില്‍ മറ്റൊരു തമ്പ്‌നെയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഒരു നടന് നേരെയും, ‘ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍’ ഞാന്‍ നടത്തിയിട്ടില്ല. മോശമായി സ്പര്‍ശിച്ചാല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു ഇന്റർവ്യൂ ആസ്പദമാക്കിയാണ് വാര്‍ത്ത. എന്നാല്‍ പറയാന്‍ ഒരു മസാല തലക്കെട്ട് കൈയ്യില്‍ കിട്ടിയതോടെ ഇന്റര്‍വ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ്‌നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ്‌നെയില്‍ എഴുതണം’ – മാല പാര്‍വതി പറഞ്ഞു.

ഇതിന് മുമ്പ് താരം മരിച്ചു എന്ന പേരില്‍ വ്യാജ വാര്‍ത്ത വന്നിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താന്‍ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മാല പാര്‍വതി തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെ താരം പൊലീസില്‍ പരാതിപ്പെടുകയും ചെയ്തതാണ്.
Content Highlight : Actress Maala Parvathy against senstional thumbnail and captions of online media about her