വാ വാത്തിയാര്‍ സിനിമയുടെ ഷൂട്ടിന് ഒരു ദിവസം മുമ്പ് താമസിച്ച ഹോട്ടലിലെ റൂമില്‍ ആത്മാവിനെ കണ്ടതായും തന്നെ മെത്തേഡ് ആക്ടിങില്‍ സഹായിക്കാനാണ് വന്നതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നടി കൃതി ഷെട്ടി. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തനിക്കുണ്ടായ വിചിത്ര അനുഭവം പങ്കു വച്ചത്.
‘ഷൂട്ടിന് ഒരു ദിവസം മുമ്പ് റിഹേഴ്‌സലെല്ലാം കഴിഞ്ഞ് വളരെ ലേറ്റായിട്ടാണ് ഞാനും അമ്മയും കിടന്നത്. ക്ഷീണം കാരണം അമ്മ നേരത്തേ ഉറങ്ങിയിരുന്നു. തല വഴി പുതപ്പ് മൂടിയാണ് ഞാന്‍ കിടന്നിരുന്നത്. റൂമില്‍ നല്ല ഇരുട്ടായിരുന്നു. പെട്ടെന്ന് ഒരു വല്ലാത്ത ഭയം തോന്നി പുതപ്പ് മാറ്റി ഞാന്‍ ചുറ്റും നോക്കി, പെട്ടെന്ന് എന്തോ റൂമില്‍ നില്‍ക്കുന്ന പോലെ എനിക്ക് തോന്നി. ഞാനാദ്യം വിചാരിച്ചത് എനിക്ക് തോന്നിയതാവും എന്നാണ്.
കണ്ണൊക്കെ തിരുമ്മി വീണ്ടും നോക്കിയപ്പോള്‍ അത് അവിടെ തന്നെയുണ്ട്. എനിക്ക് അതിന്റെ എനര്‍ജി അറിയാന്‍ പറ്റിയിരുന്നു, കാരണം ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഞാന്‍ വളരെ സെന്‍സിറ്റീവ് ആണ്. പെട്ടെന്ന് ഞാന്‍ അമ്മയെ വിളിച്ച് ലൈറ്റിടാന്‍ പറഞ്ഞു. അമ്മക്ക് മനസ്സിലായി ഞാന്‍ പേടിച്ചിട്ടുണ്ടെന്ന്. ഞങ്ങളുടെ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ ധൈര്യമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് എന്നെയെന്തെങ്കിലും പേടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ചെറിയ കാര്യമാവില്ലെന്ന് അമ്മക്ക് മനസ്സിലായി.
ഒരു പത്ത് തവണ ഹനുമാന്‍ ചാലിസയൊക്കെ ചൊല്ലിയിട്ടാണ് എനിക്ക് ഉറങ്ങാനായത്. രാവിലെ എണീറ്റപ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാന്‍. പടത്തിലെ കാരക്ടറുമായി എന്റെ അവസ്ഥക്ക് സാമ്യമുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് സൗജന്യമായി മെത്തേഡ് ആക്ടിങ് പഠിപ്പിച്ചു തരാന്‍ പ്രേതം വന്നതാണെന്നാണ് ഞാന്‍ വിചാരിച്ചത്. ആ അനുഭവത്തിനു ശേഷം എനിക്കത് മറക്കാനേ പറ്റിയിട്ടില്ല,’ താരം പറയുന്നു.
നളന്‍ കുമരസ്വാമി സംവിധാനം ചെയ്ത് കാര്‍ത്തി പ്രധാനവേഷത്തിലെത്തുന്ന വാ വാത്തിയാര്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. ചിത്രത്തില്‍ സത്യരാജ്യ മധു മിതള്‍, ശില്പ മഞ്ജുനാഥ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ചിത്രം ഡിസംബര്‍ 12 ന് തിയേറ്ററിലെത്തും.
Content Highlight: actress krithi shetty talks about an incident where she felt the super natural spirit