ആദ്യ ചിത്രത്തിന് ശേഷം ഞാനാകെ തകര്‍ന്നു; ഇന്നും സിനിമയില്‍ തുടരാന്‍ കാരണം അവര്‍: കൃതി ഷെട്ടി
Movie Day
ആദ്യ ചിത്രത്തിന് ശേഷം ഞാനാകെ തകര്‍ന്നു; ഇന്നും സിനിമയില്‍ തുടരാന്‍ കാരണം അവര്‍: കൃതി ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th December 2025, 5:16 pm

 

നവാഗതനായ ബുച്ചി ബാബു സന രചനയും സംവിധാനവും നിര്‍വഹിച്ച 2021 ലെ തെലുങ്ക് റൊമാന്റിക് ചലച്ചിത്രമായ ഉപ്പേനയിലൂടെ തുടക്കം കുറിച്ച നടിയാണ് കൃതി ഷെട്ടി.

2024-ല്‍ പുറത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ കൃതി മലയാളത്തിലേക്കുള്ള അരങ്ങേറ്റം കുറിച്ചു. എ.ആര്‍. എം കൃതിയെ മലയാളി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാക്കി.

ആദ്യ സിനിമയ്ക്ക് ശേഷം അഭിനയം തുടരാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്ന് പറയുകയാണ് കൃതി. അഭിനയം തനിക്ക് പറ്റിയ പണി അല്ലെന്ന് തോന്നിയെന്നും താരം പറയുന്നു.

ആദ്യ സിനിമയായ ‘ഉപ്പേന’ യില്‍ കുറെ ശാരീരീക ബുദ്ധിമുട്ട് നേരിട്ടു. അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നെന്നും കൃതി പറഞ്ഞു. എന്നാല്‍ പ്രേക്ഷക പിന്തുണ കൊണ്ട് മാത്രമാണ് ഇന്നും സിനിമയില്‍ തുടരുന്നതെന്നും കൃതി കൂട്ടിച്ചേര്‍ത്തു. എസ്.എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൃതി.

കൃതി ഷെട്ടി Photo: Screen Grab/ SS Music

‘എന്റെ കരിയറിന്റെ തുടക്കം കുറിച്ചത് തെലുങ്ക് ചലച്ചിത്രമായ ഉപ്പേനയിലൂടെയാണ്. ആ സിനിമയുടെ ഷൂട്ടിങ് സമയം വളരെ കഷ്ടത നിറഞ്ഞതായിരുന്നു.

അഭിനയം എനിക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതി. സിനിമയിലെ ഓവര്‍ സ്‌ട്രെസ് കാരണം ശാരീരികമായും മാനസികമായും കുറെ ബുദ്ധിമുട്ട് അനുഭവിച്ചു. എന്റെ മുടിയെല്ലാം കൊഴിയാന്‍ തുടങ്ങി. ആ നിമിഷം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു,’കൃതി പറയുന്നു.

താന്‍ ബുദ്ധിമുട്ടനുഭവിച്ചു കൊണ്ടിരിക്കുന്ന സമയം അച്ഛനും അമ്മയും ആണ് ധൈര്യം തന്നത് എന്നും കൃതി പറഞ്ഞു.

ഉപ്പേന സിനിമ റിലീസ് ആയതിനു ശേഷം പ്രേക്ഷകര്‍ തന്ന സ്‌നേഹവും പിന്തുണയും തന്നെയാണ് ഇന്നും സിനിമയില്‍ തുടരാന്‍ പ്രേരിപ്പിച്ചതെന്നും കൃതി കൂട്ടി ചേര്‍ത്തു. തന്റെ ജീവിതത്തില്‍ പ്രക്ഷകര്‍ക്ക് എന്നും വലിയ ഒരു സ്ഥാനമുണ്ടെന്നും കൃതി പറഞ്ഞു.

Content Highlight: Actress Krithi Shetti about Her First Movie experiance