സീതയാകാന്‍ 12 കോടി വാങ്ങിയതെന്തിനെന്ന് ചോദ്യം; ചിരിച്ചുതള്ളി കരീന കപൂര്‍
Bollywood
സീതയാകാന്‍ 12 കോടി വാങ്ങിയതെന്തിനെന്ന് ചോദ്യം; ചിരിച്ചുതള്ളി കരീന കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th August 2021, 3:45 pm

മുംബൈ: പ്രതിഫലം വര്‍ധിപ്പിച്ചതിന്റെ പേരില്‍ ഏറെ വിവാദങ്ങളാണ് ബോളിവുഡ് നടി കരീന കപൂറിനെ തേടിയെത്തിയിരിക്കുന്നത്. രാമായണം എന്ന സിനിമയ്ക്കായി 12 കോടി രൂപയാണ് താരം പ്രതിഫലമായി ആവശ്യപ്പെട്ടത്.

ഇതിനെതിരെ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്ക് ആദ്യമായി മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരമിപ്പോള്‍.

സീതയായി അഭിനയിക്കാന്‍ പ്രതിഫലം വര്‍ധിപ്പിച്ചതിലൂടെ തങ്ങളുടെ വിശ്വാസങ്ങളെയും മതവികാരങ്ങളേയും അപമാനിക്കുകയാണെന്ന് ആരോപിച്ച് ഒട്ടേറെ ആളുകള്‍ രംഗത്ത് വന്നിരുന്നു. ഈ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെ മൗനമവലംബിച്ച കരീന ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്.

ഈയിടെ നടന്ന ഒരു ഇന്റര്‍വ്യൂവില്‍, ഇതുമായി നടക്കുന്ന വിവാദങ്ങളെപ്പറ്റിയും മറ്റ് താരങ്ങള്‍ പിന്തുണയുമായി എത്തിയതിനെയും കുറിച്ച് ചോദിച്ചപ്പോള്‍ പുഞ്ചിരിച്ച് തലയാട്ടുക മാത്രമാണ് കരീന ചെയ്തത്. താരത്തിന്റെ ഈയൊരു പ്രവര്‍ത്തിയെ വിമര്‍ശിച്ച് ധാരാളമാളുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്.

എന്നാല്‍ കരീനയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ പ്രശസ്തരും രംഗത്ത് വന്നിട്ടുണ്ട്. തപ്സി പാന്നു, പ്രിയ മണി, പൂജ ഹെഗ്ഡെ എന്നിവരാണ് കരിനയ്ക്ക് പിന്തുണയുമായി പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്.

ഒരു സ്വകാര്യ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് തപ്സി കരീനയ്ക്ക് പിന്തുണയറിയിച്ച് സംസാരിച്ചത്. കരീന ഇന്ത്യയിലെ തന്നെ മികച്ച നടിയാണ്. താന്‍ ചെയ്യുന്ന ജോലിയുടെ ശമ്പളം മാത്രമാണ് കരീന ആവശ്യപ്പെട്ടത്.

ആ ചിത്രത്തിലഭിനയിക്കുന്ന പുരുഷതാരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് മതവികാരം വ്രണപ്പെടുന്നവര്‍ ഒന്നും തന്നെ പറയുന്നില്ലെന്നും തപ്സി ഇന്റര്‍വ്യൂവില്‍ പറഞ്ഞു.

തനിക്ക് അര്‍ഹതപ്പെട്ടത് മാത്രമാണ് അവര്‍ ചോദിച്ചത്, കരീന അത് ആവശ്യപ്പെടാന്‍ കാരണം അവരത് അര്‍ഹിക്കുന്നത് കൊണ്ടാണ്. കരീനയുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നുണ് പ്രിയാമണി ഇതിനോട് പ്രതികരിച്ചത്.

അമീര്‍ ഖാനൊപ്പമുള്ള ലാല്‍ സിംഗ് ഛദ്ധയാണ് കരീനയുടെ അടുത്ത ചിത്രം. കരണ്‍ ജോഹറിനൊപ്പമുള്ള താകത്തും ഹന്‍സല്‍ മേത്തയുടെയും എക്താ കപൂറിന്റേയും ചിത്രങ്ങളും പുറത്ത് വരാനുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Kareena Kapoor Khan reacts to reports of her demanding Rs 12 crore to play the role of Sita for the FIRST time