അഹാനയേക്കാള്‍ സിനിമയില്‍ എത്തണമെന്ന ആഗ്രഹം എനിക്കായിരുന്നു; മനസുതുറന്ന് ഇഷാനി
Malayalam Cinema
അഹാനയേക്കാള്‍ സിനിമയില്‍ എത്തണമെന്ന ആഗ്രഹം എനിക്കായിരുന്നു; മനസുതുറന്ന് ഇഷാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th March 2021, 12:55 pm

ചേച്ചി അഹാനയേക്കാള്‍ സിനിമയില്‍ എത്തണമെന്നും അഭിനയിക്കണമെന്നുമുള്ള ആഗ്രഹം തനിക്കായിരുന്നെന്ന് പറയുകയാണ് നടി ഇഷാനി. മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ മോഹം പൂവണിയുന്നതിന്റെ ആവേശത്തിലാണ് ഇഷാനി. ചെറുപ്പം മുതലേ സിനിമയും അഭിനയും തന്റെ ഉള്ളിലെ വലിയ മോഹമായിരുന്നെന്നും ഇപ്പോള്‍ അഭിനയത്തോട് ഇഷ്ടം കൂടുകയാണെന്നും ഇഷാനി വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘വീട്ടില്‍ അഹാനയേക്കാളും സിനിമയില്‍ എത്തണം, അഭിനയിക്കണം എന്ന ആഗ്രഹം എനിക്കായിരുന്നു. എനിക്ക് മുന്‍പേ അഹാന സിനിമയില്‍ എത്തുകയും നല്ല നടി എന്ന പേര് നേടുകയും ചെയ്തു. ഇപ്പോള്‍ എനിക്കും അഭിനയത്തോട് ഇഷ്ടം കൂടുകയാണ് ഉണ്ടായത്. വണ്‍ എന്ന സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ട്. ഷൂട്ടിങ് സമയത്ത് ഒരു സീന്‍ കഴിഞ്ഞ് ഓടിപ്പോയി സ്‌ക്രീനില്‍ ഞാന്‍ ചെയ്തത് എങ്ങനെ ഉണ്ടെന്ന് കാണാറുണ്ടായിരുന്നു. അമ്മ ഷൂട്ടിങ് സെറ്റില്‍ കൂടെത്തന്നെ ഉണ്ടെങ്കിലും എപ്പോഴും നല്ലതാണെന്ന് പറയുമെങ്കിലും എനിക്ക് എന്നെത്തന്നെ സ്‌ക്രീനില്‍ കണ്ടാല്‍ മാത്രമാണ് വിലയിരുത്താന്‍ കഴിയുകയെന്നാണ് തോന്നുന്നത്.

അച്ഛനും അഹാനയുമൊക്കെ സിനിമയില്‍ സജീവമാണെങ്കിലും ഞാന്‍ സിനിമയും ആയി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ്. അതുകൊണ്ട് സെറ്റില്‍ ആദ്യദിവസം പോയപ്പോള്‍ എനിക്ക് എല്ലാം പുതിയതായിരുന്നു.

സെറ്റിലെത്തിയ ദിവസം തന്നെ എനിക്ക് ഒരു സീനില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ എല്ലാവരുടെയും പുറകെ നടന്ന് എന്താണ് ഞാന്‍ ചെയ്യേണ്ടത്, ചെയ്യേണ്ടത് എന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു പുതുമുഖതാരം ആയതുകൊണ്ട് എനിക്ക് പറഞ്ഞു തരാന്‍ അവിടെ കുറെ ആളുകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ ആക്ഷന്‍ കേട്ടപ്പോള്‍ എന്താണ് ചെയേണ്ടത് എന്ന ടെന്‍ഷന്‍ ആയിരുന്നു. കൂടാതെ ആദ്യ ടേക്ക് ഒകെ ആയില്ലെങ്കില്‍ പോലും എന്റെ അഭിനയം നല്ലതാണെന്ന് പറഞ്ഞപ്പോള്‍ അതെനിക്കൊരു അഭിമാനം ആയിരുന്നു.

സിനിമയാണ് ആഗ്രഹമെങ്കില്‍ പോലും എനിക്ക് ഇങ്ങനെ ഉള്ള ഒരു കഥാപാത്രമാണ് ആദ്യസിനിമയില്‍ അഭിനയിക്കേണ്ടത് എന്ന ആഗ്രഹം ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും അംഗീകരിക്കുകയും കണ്ടാല്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കഥാപാത്രത്ത അവതരിപ്പിക്കണം എന്നേ ഉണ്ടാ യിരുന്നുള്ളൂ. വണ്ണിലെ കഥാപാതം തീര്‍ച്ചയായും അങ്ങനെ തന്നെയാണ്, ഇഷാനി പറയുന്നു.

കുടുംബത്തിലെ പലര്‍ക്കും സിനിമയില്‍ അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് ഒരു സംശയം വരുമ്പോഴും ഒരു തീരുമാനം എടുക്കേണ്ട സാഹചര്യം വരുമ്പോഴും അത് എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് എനിക്ക് അവര്‍ വഴി അറിയാമായിരുന്നു. വണ്ണിന്റെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ അച്ഛനോട് ആയിരുന്നു ചോദിച്ചത് എന്താണ് ചെയ്യേണ്ടത് എന്ന്. ഷൂട്ടിന് മുന്‍പ് തന്നെ അച്ഛന്‍ എനിക്ക് വ്യക്തമായ ഒരു ഐഡിയ തന്നിരുന്നു, ഇഷാനി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Ishaani Krishna About Her Passion to cinema and sister Ahaana