ഇവര്‍ അല്പമെങ്കിലും മനുഷ്യത്വം കാണിക്കണം; സര്‍ക്കാര്‍ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ: ഹണി റോസ്
Malayalam Cinema
ഇവര്‍ അല്പമെങ്കിലും മനുഷ്യത്വം കാണിക്കണം; സര്‍ക്കാര്‍ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ: ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th December 2025, 5:59 pm

സൈബര്‍ ബുളളിയിങ് ഏറ്റവും മോശമായ കാര്യമാണെന്നും മറ്റൊരാളുടെ ജീവിതം അപകടത്തിലാക്കാന്‍ ഇതിന് കഴിയുമെന്നും നടി ഹണി റോസ്. സൈബര്‍ ബുള്ളിയിങ് അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഇടപെടല്‍പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു. റേച്ചല്‍ സിനിമയുമായി ബന്ധപ്പെട്ട് റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ഹണി റോസ്. Photo: screen grab/ rachel movie trailer/ youtube.com

‘വലിയ രീതിയില്‍ സൈബര്‍ ബുള്ളിയിങ് നേരിട്ട ആളാണ് ഞാന്‍. ചില ദിവസങ്ങളില്‍ എഴുന്നേല്‍ക്കുന്നത് തന്നെ ബോളിവുഡ് താരങ്ങളുമായി എനിക്ക് അവിഹിതമുണ്ടെന്ന വാര്‍ത്ത കേട്ടിട്ടാണ്. എയര്‍പോട്ടില്‍ പോവുമ്പോഴെല്ലാം ഹിന്ദിക്കാരെല്ലാം എന്നെ അറിയാമെന്ന് പറഞ്ഞ് അടുത്തേക്ക് വരും. എനിക്ക് ഉണ്ടാവുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് അവരാരും ആലോചിക്കാറില്ല.

ഏറ്റവും നല്ല രീതിയില്‍ പോസിറ്റീവ് ആയി ആളുകളെ നമുക്ക് ട്രീറ്റ് ചെയ്യാന്‍ പറ്റുന്ന സ്ഥലമാണ് സോഷ്യല്‍ മീഡിയ. പക്ഷേ ഇത്തരത്തിലുള്ള സൈബര്‍ ബുള്ളിയിങും, ഹറാസ്‌മെന്റും, അബ്യൂസുമെല്ലാം ആളുകള്‍ക്ക് നേരിടേണ്ടി വരുന്നുവെന്നത് സങ്കടകരമായ കാര്യമാണ്. ഇതിനൊരു അന്ത്യം ഗവണ്‍മെന്റ് ഇടപെട്ട് കൊണ്ടുവന്നാല്‍ നല്ലതായിരുന്നു,’ താരം പറയുന്നു.

‘സൈബര്‍ ബുള്ളിയിങ് നേരിട്ട സമയത്താണ് നമുക്ക് വേണ്ടി നമ്മള്‍ തന്നെ നില്‍ക്കണമെന്ന് മനസ്സിലായത്. അതിനുള്ള ധൈര്യം നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ട്. ഫിസിക്കല്‍ ഹെല്‍ത്ത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് മെന്റല്‍ ഹെല്‍ത്തും. മെന്റല്‍ ഹെല്‍ത്തിന്റെ പ്രാധാന്യം അറിയുന്ന ആളുകള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ആരെങ്കിലും മാനസിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ പലരും ചോദിക്കുന്നത് പണ്ട് കാലത്ത് ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ, ഇപ്പോള്‍ ഓരോന്ന് ഉണ്ടാക്കി കൊണ്ടുവരികയാണോ എന്നാണ്.

ഹണി റോസ്. Photo: TV9 telugu

ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ പലരും ചോദിക്കുന്ന കാര്യം ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ, സീരിയസ് ആയി എടുക്കണോ എന്നാണ്. എന്നാല്‍ അവര്‍ മനസ്സിലാക്കാത്ത കാര്യം അവര്‍ പറഞ്ഞതിനു ശേഷം മറ്റുള്ളവരും ഇത് റിപ്പീറ്റ് ചെയ്യുന്നുണ്ടെന്നും കേള്‍ക്കുന്ന ആളില്‍ ഇത് വലിയ ഇന്‍സെക്യൂരിട്ടി ആയി മാറുന്നുണ്ട് എന്നതുമാണ്. ചെറിയ മനുഷ്യത്വമെങ്കിലും ഉള്ളില്‍ ഉണ്ടെങ്കില്‍ നമുക്ക് അത്തരത്തിലൊരു ആളായി മാറാന്‍ പറ്റില്ല,’ ഹണി റോസ് പറയുന്നു.

ഹണി റോസ്. Photo: theatrical poster/ rachel movie

ആനന്ദിനി ബാലയുടെ സംവിധാനത്തില്‍ ഹണി റോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചല്‍ ഡിസംബര്‍ ആറിന്  തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ റോഷന്‍ ബഷീര്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: actress Honey Rose talks about cyber bullying and mental health