നിങ്ങള്‍ ശരീരം മൂടിപ്പുതച്ച് അഭിനയിക്കാനാണോ വന്നതെന്ന് വരെ ചോദിച്ചിട്ടുണ്ട്; ഹരാസ്മെന്റായി തന്നെയാണ് ആ സമയത്ത് ഫീല്‍ ചെയ്തത്: ഹണി റോസ്
Entertainment news
നിങ്ങള്‍ ശരീരം മൂടിപ്പുതച്ച് അഭിനയിക്കാനാണോ വന്നതെന്ന് വരെ ചോദിച്ചിട്ടുണ്ട്; ഹരാസ്മെന്റായി തന്നെയാണ് ആ സമയത്ത് ഫീല്‍ ചെയ്തത്: ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st December 2022, 1:10 pm

സിനിമയില്‍ സ്ലീവ്‌ലെസ് ഡ്രസുകളും ഷോര്‍ട്‌സും ധരിക്കാന്‍ തനിക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നുവെന്ന് ഹണി റോസ്. സ്ലീവ്‌ലെസ് ടോപ്പ് ഇടാന്‍ തന്നപ്പോള്‍ അവരുമായി വഴക്കായെന്നും ഡ്രസ് മാറ്റി തരുമോയെന്ന് താന്‍ കുറേ ചോദിച്ചിരുന്നുവെന്നും ഹണി പറഞ്ഞു.

തമിഴില്‍ ചെറിയ വസ്ത്രങ്ങള്‍ ധരിക്കില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ തനിക്ക് ഒരുപാട് വഴക്ക് കിട്ടിയിട്ടുണ്ടെന്നും പിന്നെ കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് അതില്‍ കുഴപ്പമില്ലെന്ന് മനസിലാക്കി ഷോര്‍ട്ടായ വസ്ത്രങ്ങള്‍ ധരിച്ച് അഭിനയിക്കാന്‍ തുടങ്ങിയതെന്നും ഹണി റോസ് പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

”ഞാന്‍ ആദ്യം സിനിമ ചെയ്യാനായി പോയപ്പോള്‍ എനിക്ക് ഒരു ടോപ്പ് തന്നു. സ്ലീവ്‌ലെസ് ആയിരുന്നു. എനിക്ക് ഭയങ്കര സങ്കടമായിരുന്നു അത് ഇടാന്‍. ഞാന്‍ അവിടെ വലിയ പ്രശ്‌നം ഉണ്ടാക്കി.

സാര്‍ എനിക്ക് സ്ലീവ്‌ലെസ് വേണ്ട സാര്‍, അത് ഞാന്‍ ഇടില്ലെന്നൊക്കെ പറഞ്ഞു. അവരെ സംബന്ധിച്ച് അതെല്ലാം കോമഡി ആയിരിക്കും എന്താണ് ഈ കുട്ടി പറയുന്നത് എന്നായിരിക്കും അവര്‍ ചിന്തിക്കുക. പിന്നെ കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് അതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്. ഒരു ഡ്രസ് എന്നതിലപ്പുറം വേറെ ഒന്നുമില്ലെന്ന് ചിന്തിച്ചത്.

പക്ഷെ നമ്മുടെ മൈന്‍ഡ് സെറ്റ് അങ്ങനെയാണല്ലോ. അതെല്ലാം നമ്മുടെ കുഴപ്പമാണ്. തമിഴില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കുറേ ചീത്ത വരെ ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള് മൂടി പുതച്ച് വന്ന് അഭിനയിക്കാമെന്നാണോ വിചാരിച്ചതെന്നൊക്കെ അവരെന്നോട് ചോദിച്ചിട്ടുണ്ട്.

തമിഴ് ഇന്‍ഡസ്ട്രിയെക്കുറിച്ച് അന്ന് എനിക്ക് പ്രോപ്പറായ അറിവില്ലായിരുന്നു. ആരെങ്കിലും പറയുന്നത് കേട്ടിട്ടാകും പോയി അഭിനയിക്കുക. അതില്‍ ചെല്ലുമ്പോഴാണ് ഗ്ലാമറസായ വേഷങ്ങള്‍ ധരിക്കണമെന്നൊക്കെ അറിയുക. അതിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

സൈന്‍ ചെയ്തതിന് ശേഷമാണ് ഇതൊക്കെ ഉണ്ടാവുക. ശരിക്കും പറഞ്ഞാല്‍ അതൊക്കെ നമുക്ക് ഹരാസ്‌മെന്റ് പോലെയാണ് ആ സമയത്ത് ഫീല്‍ ചെയ്യുക. പിന്നെ നമ്മള്‍ തന്നെ അതില്‍ യൂസ്ഡ് ആകും.

ഗോവയില്‍ ചങ്ക്‌സ് സിനിമയുടെ സമയത്താണ് ഞാന്‍ ആദ്യമായിട്ട് ഷോട്‌സ് ഇടുന്നത്. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷെ അവിടെ നമ്മളെ ആരും നോക്കില്ല. അവര്‍ നമ്മള്‍ ഷോര്‍ട്‌സാണ് ഇട്ടതെന്നൊന്നും ശ്രദ്ധിക്കുന്നേ ഇല്ല,” ഹണി റോസ് പറഞ്ഞു.

content highlight: actress Honey Rose says that she initially found it difficult to wear sleeveless dresses in the film