നേരിട്ട് എന്റെ മുന്നില്‍ വന്ന് ഒരാള്‍ പോലും അങ്ങനെ പറഞ്ഞിട്ടില്ല; വസ്ത്രധാരണത്തെ കുറിച്ച് ഹണി റോസ്
Entertainment news
നേരിട്ട് എന്റെ മുന്നില്‍ വന്ന് ഒരാള്‍ പോലും അങ്ങനെ പറഞ്ഞിട്ടില്ല; വസ്ത്രധാരണത്തെ കുറിച്ച് ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th December 2022, 11:47 am

ഇനാഗുറേഷന്‍ സ്റ്റാര്‍ എന്ന വിളിപ്പേര് നല്‍കി സോഷ്യല്‍ മീഡിയ ഏറ്റവുമധികം ട്രോള്‍ ചെയ്ത നായികയാണ് ഹണി റോസ്. ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനേക്കാളേറെ ഉദ്ഘാടനം ചെയ്യാനാണ് താരം താത്പര്യപ്പെടുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന കമന്റുകള്‍.

ഉദ്ഘാടനങ്ങള്‍ക്കൊപ്പം തന്നെ ചടങ്ങിലെ താരത്തിന്റെ വേഷവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഹണി റോസിന്റെ വസ്ത്രധാരണ ശൈലി മോശമാണെന്നും എക്‌സ്‌പോസ്ഡ് ആയ വസ്ത്രങ്ങള്‍ മാത്രമേ ഹണി റോസ് ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് ധരിക്കൂ എന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

എന്നാല്‍ താന്‍ ഏത് തരത്തിലുള്ള വസ്ത്രം ധരിച്ച് ചെന്നാലും അതിപ്പോള്‍ പര്‍ദയായാലും ഇത്തരത്തിലുള്ള അഭിപ്രായം മാത്രമേ ചിലര്‍ പറയൂ എന്നാണ് ഹണി റോസ് പറയുന്നത്.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാനിപ്പോള്‍ എന്ത് ഡ്രസ് ഇട്ടാലും ഇതിപ്പോള്‍ പര്‍ദ ഇട്ട് പോയാലും എനിക്ക് ഇത്തരത്തിലുള്ള കമന്റുകള്‍ വരാനുള്ള ചാന്‍സ് ഉണ്ട്. എനിക്ക് കംഫേര്‍ട്ട് ആയുള്ള വസ്ത്രമാണ് ഞാന്‍ ധരിക്കുന്നത്. ഓരോ ഒക്കേഷനും അത് നോക്കി തന്നെയായിരിക്കും വസ്ത്രം തെരഞ്ഞെടുക്കുന്നത്.

എനിക്ക് എന്റെ വസ്ത്രം കംഫേര്‍ട്ടാണ്. അവിടെ നില്‍ക്കുന്ന ആളുകള്‍ക്കൊന്നും എന്റെ വസ്ത്രധാരണത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്നെ ഇന്‍വൈറ്റ് ചെയ്യുന്ന ആളുകള്‍ക്ക് പ്രശ്‌നമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

പിന്നെ ആര്‍ക്കാണ് പ്രശ്‌നം എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഈ ഫോണിനുള്ളിലെ വലിയ ശതമാനം ആളുകളിലെ ഒരു കുഞ്ഞുശതമാനം ആളുകള്‍ക്കാണ്. എന്റെ മുന്നില്‍ വന്നിട്ട് ഒരാള്‍ പോലും ഇതേകുറിച്ച് ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല,’ ഹണി റോസ് പറയുന്നു.

താന്‍ ഏതെങ്കിലും തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നമെന്നും വസ്ത്രധാരണം ഒരാളുടെ ഫ്രീഡമാണെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

‘ഒന്നാലോചിച്ചു നോക്കിക്കേ, നമുക്ക് ഒരു ലൈഫേ ഉള്ളൂ. അപ്പോള്‍ എനിക്ക് തോന്നുകയാണ് എനിക്കിത് ചെയ്യണം, ഇന്ന കാര്യം ചെയ്യണം, ഇന്ന വസ്ത്രം ഇടണം എന്നൊക്കെ. അപ്പോള്‍ കുറേ ആളുകള്‍ പറയുന്നു അത് ചെയ്യരുത് എന്ന്. അങ്ങനെ ജീവിക്കാന്‍ ആര്‍ക്ക് പറ്റും.

നമുക്ക് ഒരു ബന്ധവുമില്ലാത്ത, നമുക്ക് ഒരു പരിചയവുമില്ലാത്ത, നമ്മുടെ ലൈഫുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകള്‍ അത് ചെയ്യരുതെന്ന് പറഞ്ഞാല്‍, അവരെ പേടിച്ചിരുന്നാല്‍ പിന്നെ നമ്മുടെ ലൈഫിന് എന്താണൊരു ഗുമ്മുള്ളത്. ഒന്നുമില്ല. അപ്പോള്‍ അങ്ങനെ ഒന്നും നമുക്ക് ജീവിക്കാന്‍ സാധിക്കില്ല,’ ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Actress Honey Rose about dressing during inaugurations