വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. വിവാഹം എന്നാല്‍ ഒരാള്‍ മറ്റൊരാളെ സ്വന്തമാക്കലല്ലെന്നും രണ്ട് പേര്‍ ഒന്നിച്ചൊരു ജീവിതം തുടങ്ങുക മാത്രമാണെന്നും ഗ്രേസ് പറയുന്നു.
എപ്പോഴായിരിക്കണം രണ്ട് പേര്‍ വിവാഹത്തിലേക്ക് കടക്കേണ്ടതെന്നതിനെ കുറിച്ചും അശ്വതി അശോക് വിശാലുമായി നടത്തിയ അഭിമുഖത്തില്‍ ഗ്രേസ് പറയുന്നുണ്ട്. ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഗ്രേസും സുഹൃത്ത് എബിയും ജീവിതപങ്കാളികളായത്.
‘തുടക്കത്തിലെ കാര്യം പറയുകയാണെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും മാരേജിന് എതിരായിരുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് ആ ഒരു റൈറ്റ് ടൈം ഭയങ്കര പ്രധാനമായിരുന്നു. ഞാനായിരുന്നു എബിയോട് എപ്പോഴും കല്യാണം കഴിക്കാം എന്ന് പറഞ്ഞുകൊണ്ടിരുന്നത്. ഒരു 10 ശതമാനം എടുത്താല്‍ അതില്‍ 8 ശതമാനവും ഞാനായിരുന്നു കല്യാണം കഴിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നത്.
അപ്പോള്‍ എബി പറയും ഇല്ല, തനിക്ക് എന്തൊക്കെയോ ചെയ്യാന്‍ ബാക്കിയുണ്ട്, താന്‍ അതെല്ലാം കംപ്ലീറ്റ് ചെയ്തിട്ട്, അല്ലെങ്കില്‍ താന്‍ ആ ഒരു സ്റ്റേജിലേക്ക് എത്തിയിട്ട് കല്യാണത്തെ പറ്റി ആലോചിച്ചാല്‍ മതി എന്ന്.
അപ്പോള്‍ ഞാന്‍ കരുതി ഇനി ഈ മനുഷ്യന്‍ എന്നെ ഇട്ടിട്ട് പോകാന്‍ വേണ്ടിയിട്ടാണോ പറയുന്നത് എന്ന്. പക്ഷേ നമ്മള്‍ അയാളെ കൂടുതല്‍ അടുത്തറിഞ്ഞു തുടങ്ങുമ്പോള്‍ നമുക്ക് ചിലകാര്യങ്ങള്‍ മനസ്സിലാവും.
ഗ്രേസ് ആന്റണിയും പങ്കാളി എബിയും photo: Kerala9
അതിലൊന്ന് നമ്മുടെ ഗ്രോത്തും വളര്‍ച്ചയും കാണാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരെ നമ്മള്‍ ഒരിക്കലും കൈവിട്ടുകളയരുത് എന്നതാണ്. എന്റെ ഒരു ഗ്രോത്ത് എന്റെ മാതാപിതാക്കളെക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് എന്റെ ഹസ്ബന്‍ഡ് ആണ്. അത് ഭയങ്കര റെയര്‍ ആണ്, ഇറ്റ് ഈസ് ബ്യൂട്ടിഫുള്‍. ഒരു പോയിന്റ് എത്തിയപ്പോള്‍ എന്റെ കാര്യത്തില്‍ മാത്രം കണ്‍സേണ്‍ഡ് ആവരുതെന്നും സ്വന്തം കരിയര്‍ ഉള്‍പ്പെടെ നോക്കണമെന്നും ഞാന്‍ എബിയോട് പറയുന്ന സമയം വരെ ഉണ്ടായിട്ടുണ്ട്.
അങ്ങനെ ‘എടോ നമുക്ക് കല്യാണം കഴിച്ചാലോ’ എന്ന് ചോദിക്കുമ്പോഴെല്ലാം സമയം ആയിട്ടില്ല, താന്‍ ഒരു ലെവലില്‍ എത്തട്ടെ, തനിക്ക് തന്റെ ഫ്യൂച്ചര്‍ ഓക്കെ ആണെന്ന് തോന്നുന്ന സമയം വരട്ടെ എന്ന് പറയും. അപ്പോഴേക്ക് എനിക്ക് 30 വയസ്സൊക്കെ കഴിയും എന്ന് പറഞ്ഞപ്പോള്‍ വയസല്ല പ്രധാനമെന്നും രണ്ടുപേര്‍ക്കും ഒരേപോലെ തോന്നണം എന്നും പുള്ളി പറഞ്ഞു.
ഗ്രേസ് ആന്റണിയും പങ്കാളി എബിയും photo: Kerala9
അപ്പോഴാണ് ഞാന്‍ മനസ്സിലാക്കി തുടങ്ങിയത് ശരിയാണ്, എന്റെ മാത്രം ഒരു ചോയ്‌സ് അല്ല അവിടെ വരേണ്ടത്. അദ്ദേഹത്തിനും കൂടെ ഫീല്‍ ചെയ്യണമല്ലോ എന്ന്. ഒരു ദിവസം ഞങ്ങള്‍ ഇങ്ങനെ കോള്‍ ചെയ്തുകൊണ്ടിരുന്ന സമയത്ത് രണ്ടുപേരും ഒന്നിച്ച് ‘എടോ കല്യാണം കഴിച്ചാലോ’ എന്ന് ചോദിച്ചു.
ഫാമിലി ഒന്‍പത് വര്‍ഷത്തോളമായി എന്നോട് കല്യാണത്തിന്റെ കാര്യം പറയുന്നുണ്ടായിരുന്നു. ഫൈനലി എനിക്ക് തോന്നിയ ആ റൈറ്റ് ടൈമില്‍ ഞങ്ങള്‍ അത് വീട്ടില്‍ പ്രസന്റ് ചെയ്തു, അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തിയത്.
കല്യാണം കഴിഞ്ഞ ശേഷം എനിക്ക് ഫീല്‍ ചെയ്യുന്നത്, അല്ലെങ്കില്‍ ഇപ്പോഴും ഞാന്‍ ആള്‍ക്കാരോട് പറയാന്‍ ആഗ്രഹിക്കുന്നത്, എപ്പോള്‍ നിങ്ങള്‍ക്കും നിങ്ങളുടെ പാര്‍ട്ണറിനും സ്വയമേ തോന്നുന്നോ അപ്പോഴേ നമ്മള്‍ വിവാഹം ചെയ്യാവൂ എന്നതാണ്.
ഗ്രേസ് ആന്റണി Photo: Facebook.com
ഒരാളുടെ ഫോഴ്‌സ് കൊണ്ടോ ഒരാളുടെ പ്രഷര്‍ കൊണ്ടോ അല്ലെങ്കില്‍ പല റീസണ്‍സ് (പുറത്തേക്ക് പോകാന്‍, അത് കിട്ടാന്‍) ഇതിനൊന്നും വേണ്ടി ആവരുത് നമ്മള്‍ ഒരു കല്യാണം കഴിക്കുന്നത്, അല്ലെങ്കില്‍ ഒരു പാര്‍ട്ണറെ ചൂസ് ചെയ്യുന്നത്.
അത് നമ്മുടെ ലൈഫില്‍ ഒരു മേജര്‍ ഡിസിഷന്‍ ആണ്. ചിലര്‍ പറയും മേജര്‍ സംഭവമൊന്നുമല്ല, വേണ്ടെങ്കില്‍ വേണ്ട എന്ന് വെച്ച് പോയാല്‍ പോരെ എന്ന്. അപ്പോഴൊക്കെ ഞാന്‍ ആലോചിക്കും അങ്ങനെ വേണ്ട എന്ന് വെക്കാന്‍ പറ്റുന്ന ഒരു സംഭവമാണോ മറ്റൊരാളുടെ ഇമോഷന്‍ എന്ന്.
ഓരോരുത്തരുടെ ഇമോഷനും നമ്മള്‍ വാല്യൂ കൊടുക്കണം. റൈറ്റ് ടൈമും റൈറ്റ് പേഴ്‌സണും ഫീല്‍ ചെയ്യുന്ന ഒരു സമയത്ത് മാത്രമേ അത് സംഭവിക്കാവൂ. നമ്മള്‍ ഒരാളെ സ്വന്തമാക്കാക്കുകയല്ല, മറിച്ച് രണ്ടുപേരും ഈക്വലി ഒരു ലൈഫ് സ്റ്റാര്‍ട്ട് ചെയ്യുന്നതാണ് വിവാഹം.
ബ്യൂട്ടിഫുള്ളല്ലാത്ത ഒരു സാധനവും നമ്മള്‍ മേടിക്കില്ല, അല്ലെങ്കില്‍ മനോഹരമല്ലാത്ത ഒരു സാഹചര്യത്തില്‍ ചെന്ന് നില്‍ക്കാന്‍ നമ്മള്‍ താത്പര്യപ്പെടില്ല. അതാണ് കാര്യം.
എബിയുടെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ അതിന് എതിരുനില്‍ക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ അവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. അത് അവര്‍ എനിക്ക് ചെയ്തു തന്ന ഏറ്റവും നല്ല കാര്യമാണ്. അതില്‍ ഞാന്‍ ഗ്രേറ്റ്ഫുളാണ്,’ ഗ്രേസ് പറഞ്ഞു.
Content Highlight: Actress Grace Antony about her relationship and Marriage
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.