മകളെ ഉപദ്രവിച്ച ഭര്‍ത്താവിനെതിരെ പരാതി നല്‍കി ബോളിവുഡ് നടി
Bollywood
മകളെ ഉപദ്രവിച്ച ഭര്‍ത്താവിനെതിരെ പരാതി നല്‍കി ബോളിവുഡ് നടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th August 2019, 12:53 pm

ഭര്‍ത്താവിനെതിരെ പരാതി നല്‍കി ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ ശ്വേത തിവാരി. മകളെ ഉപദ്രവിച്ചു എന്നാരോപിച്ചാണ് ഭര്‍ത്താവ് അഭിനവ് കോലിക്കെതിരെ നടി പരാതി നല്‍കിയത്.

ശ്വേതയുടെ ആദ്യ വിവാഹത്തിലെ മകള്‍ പാലക്കിനെ അഭിനവ് മര്‍ദ്ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നു. സ്ഥിരം മദ്യപാനിയായ അഭിനവ് മകളെയും തന്നെയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നു.

മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് പാലക്. 2017 മുതലാണ് പാലക് മോഡലിങ് ആരംഭിക്കുന്നത്. അന്ന് മുതല്‍ അഭിനവ് മകളെ മോഡലിങ് ചിത്രങ്ങളുടെ പേരില്‍ അധിക്ഷേപിക്കുകയാണെന്നും പരിഹസിക്കുകയാണെന്നും ശ്വേത പറയുന്നു.

ശ്വേതയുടെ പരാതിയെ തുടര്‍ന്ന് അഭിനവിനെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ അദ്ദേഹം കുറ്റം സമ്മതിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വേതയ്ക്കൊപ്പം മകളും പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

ശ്വേതയുടെയും നടന്‍ രാജാ ചൗധരിയുടെയും മകളാണ് പാലക് ചൗധരി. 1998 ല്‍ വിവാഹിതരായ ഇവര്‍ 2007 ല്‍ വേര്‍പിരിഞ്ഞു. 2013 ലാണ് ശ്വേത അഭിനവിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്.