സെക്സ് എജ്യുക്കേഷന്റെ നാലാമത് സീസണിന്റെ ഭാഗമായേക്കില്ലെന്ന് എമ്മ മാക്കേ; മേവ് ഇല്ലാതെ എന്ത് സീരിസെന്ന് ആരാധകര്‍
Entertainment news
സെക്സ് എജ്യുക്കേഷന്റെ നാലാമത് സീസണിന്റെ ഭാഗമായേക്കില്ലെന്ന് എമ്മ മാക്കേ; മേവ് ഇല്ലാതെ എന്ത് സീരിസെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th September 2021, 1:37 pm

നെറ്റ്ഫ്ളിക്സ് സീരിസായ ‘സെക്‌സ് എജ്യുക്കേഷന്റെ’ നാലാമത് സീസണിന്റെ ഭാഗമായിരിക്കില്ലെന്ന സൂചനകളുമായി താരം എമ്മ മാക്കേ. സീരിസില്‍ മേവ് എന്ന കഥാപാത്രമായി വന്ന് ഏറെ പ്രേക്ഷകപ്രീതിയും ആരാധകരെയും നേടിയെടുത്ത താരമാണ് 25 കാരിയായ എമ്മ.

പുറത്തിറങ്ങിയ സെക്‌സ് എജ്യുക്കേഷന്റെ മൂന്ന് സീസണുകളുടേയും ഭാഗമായിരുന്നു എമ്മ. തനിക്ക് എല്ലാക്കാലവും 17കാരിയായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു എമ്മയുടെ പ്രതികരണം.

‘ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സങ്കീര്‍ണമായൊരു കാര്യമാണ്. സെക്‌സ് എജ്യുക്കേഷനിലെ അഭിനേതാക്കളെല്ലാം തന്നെ ഏറെ മികച്ചവരാണ്. ഞാന്‍ അവരെയെല്ലാം സ്‌നേഹിക്കുന്നു, എല്ലാവരും എന്റെ സുഹൃത്തുക്കളാണ്.

ഞങ്ങളെല്ലാം ഇതിലൂടെ ഒരുമിച്ച് വളര്‍ന്നു വന്നവരാണ്. എന്നാല്‍ ഇതിന്റെ കയ്‌പ്പേറിയ ഭാഗമെന്തെന്നാല്‍ എനിക്ക് ജീവിതത്തില്‍ എല്ലാക്കാലവും 17കാരിയായിരിക്കാന്‍ സാധിക്കില്ല,’ എന്നായിരുന്നു എമ്മയുടെ പ്രതികരണം.

വാര്‍ത്ത പുറത്തുവന്നതോടെ നിരവധി ആരാധകരാണ് തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയത്. മേവ് ഇല്ലാതെ എന്ത് സെക്സ് എജ്യുക്കേഷന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സെക്സ് എജ്യുക്കേഷന്റെ മൂന്നാമത് സീസണ്‍ സെപ്റ്റംബര്‍ 17നായിരുന്നു റിലീസ് ചെയ്തത്. അസ ബട്ടര്‍ഫീല്‍ഡ്, ഗില്ലിയന്‍ ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോറി നൂണ്‍ സൃഷ്ടിച്ച സെക്സ് എജ്യുക്കേഷന്റെ മൂന്നാം സീസണ്‍ സംവിധാനം ചെയ്തത് ബെന്‍ ടെയ്‌ലറാണ്. 2019 ലായിരുന്നു ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. ഓട്ടിസ് എന്ന കൗമാരക്കാരന്റെയും കൂട്ടുകാരുടെയും കഥയാണ് സീരീസ് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Emma Mackey hints she won’t be in season 4 of Sex Education