കംഫര്‍ട്ട് സോണിലുള്ളവര്‍ക്ക് മാത്രമേ എന്റെ ഈ സ്വഭാവം അറിയൂ; ജയഹേയുടെ ആളുകള്‍ക്ക് ചെറുതായി മനസിലായിട്ടുണ്ട്: ദര്‍ശന രാജേന്ദ്രന്‍
Entertainment news
കംഫര്‍ട്ട് സോണിലുള്ളവര്‍ക്ക് മാത്രമേ എന്റെ ഈ സ്വഭാവം അറിയൂ; ജയഹേയുടെ ആളുകള്‍ക്ക് ചെറുതായി മനസിലായിട്ടുണ്ട്: ദര്‍ശന രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th October 2022, 5:33 pm

കംഫര്‍ട്ട് സോണിലുള്ള, ഏറ്റവുമടുത്ത ആളുകള്‍ക്കിടയില്‍ താന്‍ വളരെ ഫണ്ണിയും എനര്‍ജറ്റിക്കും വികൃതിയുമുള്ള ആളാണെന്നും ഏറ്റവും ക്ലോസായ ആളുകള്‍ക്ക് മാത്രമേ തന്റെ ഈ സ്വഭാവം അറിയൂവെന്നും നടി ദര്‍ശന രാജേന്ദ്രന്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ ജയ ജയ ജയ ജയഹേയുടെ പ്രൊമോഷന്റെ ഭാഗമായി വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ദര്‍ശന ഒരു എനര്‍ജി ബോംബാണെന്ന് ഏറ്റവുമടുത്ത ആളുകള്‍ പറയുന്നുണ്ടല്ലോ, എങ്ങനെയാണ് ഈ എനര്‍ജി കാത്തുസൂക്ഷിക്കുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഞാന്‍ വളരെ പ്ലേഫുള്ളാണ്, ഒരു വികൃതിക്കുട്ടിയാണെന്ന് വേണമെങ്കില്‍ പറയാം.

എന്റെ ഒരു ക്ലോസ് കൂട്ടത്തിലെത്തിയാല്‍ ഞാന്‍ ഇരുത്തം വന്ന, ശാന്തയായ ഒരാളൊന്നുമല്ല. അത് എന്റെ ഒരു വശമാണ്. എനിക്ക് ഏറ്റവും കംഫര്‍ട്ടബിളായ ആളുകള്‍ക്കെല്ലാം ഇതറിയാം.

സിനിമയില്‍ ചില സന്ദര്‍ഭങ്ങളില്‍ മാത്രം ഈ സ്വഭാവം പുറത്തേക്ക് വരും. ജയഹേയുടെ ആളുകള്‍ക്ക് എന്നെ ചെറുതായി മനസിലായിട്ടുണ്ട് (ചിരി).

എനിക്ക് കുട്ടികളെ നല്ല ഇഷ്ടമാണ്. അവര് ചെയ്യുന്ന കാര്യങ്ങള്‍ ഇഷ്ടമാണ്. അവരില്‍ നിന്നായിരിക്കും ഒരുപക്ഷേ ഈ എനര്‍ജി വരുന്നത്. തോന്നുന്നതൊക്കെ ചെയ്യുന്ന ആ രീതി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ലൈഫിലും ഞാന്‍ അതാണ് തുടരാന്‍ ശ്രമിക്കുന്നത്,” ദര്‍ശന പറഞ്ഞു.

അതേസമയം, ബേസില്‍ ജോസഫിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയഹേ ഒക്ടോബര്‍ 21നാണ് തിയേറ്ററുകളിലെത്തുന്നത്.

നേരത്തെ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. കൊവിഡിന് ശേഷം തിയേറ്ററുകളില്‍ യൂത്ത് ആഘോഷമാക്കി മാറ്റിയ ചിത്രം കൂടിയായിരുന്നു ഇത്.

ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഹൃദയം നേടിയിരുന്നു.

Content Highlight: Actress Darshana Rajendran talks about her personal behaviour in close spaces