ഇതുവരെ എന്റെ ഒരു സിനിമയുടെയും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടില്ല; പക്ഷേ ജയഹേ ആദ്യഷോ തന്നെ കാണാന്‍ എത്തിയതിന് കാരണമുണ്ട്: ദര്‍ശന
Movie Day
ഇതുവരെ എന്റെ ഒരു സിനിമയുടെയും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടില്ല; പക്ഷേ ജയഹേ ആദ്യഷോ തന്നെ കാണാന്‍ എത്തിയതിന് കാരണമുണ്ട്: ദര്‍ശന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th October 2022, 4:23 pm

ബേസില്‍-ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബേസിലിന്റേയും ദര്‍ശനയുടേയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈെൈലറ്റ്. കുടുംബപശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തിലെ ഓരോ താരങ്ങളുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ ദര്‍ശനയും ബേസിലും സംവിധായകനും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. തന്റെ ഒരു സിനിമയുടെയും ആദ്യ ഷോ ഇതുവരെ തിയേറ്ററില്‍ വന്ന് കണ്ടിട്ടില്ലെന്നും എന്നാല്‍ ജയഹേ കാണാന്‍ എത്തിയതിന് ഒരു കാരണമുണ്ടെന്നും പറയുകയാണ് ദര്‍ശന. ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘ആദ്യമായിട്ടാണ് ഞാന്‍ എന്റെ ഒരു സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് വരുന്നത്. എനിക്ക് ഭയങ്കര പേടിയുള്ള ഒരു കാര്യമാണ് അത്. അതുകൊണ്ട് തന്നെ ഞാന്‍ ആരേയും അങ്ങനെ വിളിക്കാറൊന്നും ഇല്ല. പക്ഷേ ഇത്തവണ എനിക്ക് തോന്നി എന്ത് ഔട്ട് കം വന്നാലും കുഴപ്പമില്ലെന്ന്.

കാരണം ഈ സിനിമ ഞാന്‍ അത്രയ്ക്കും സെലിബ്രേറ്റ് ചെയ്ത് അഭിനയിച്ച സിനിമയാണ്. ഓരോ ദിവസവും അത്രയ്ക്ക് ആവേശത്തോടെ വന്ന് ഷൂട്ട് ചെയ്ത സിനിമയാണ്. അങ്ങനെ എനിക്ക് ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞതിന്റെ സെലിബ്രേഷന്‍ എന്ന നിലയില്‍ തന്നെ ഞാന്‍ ഇത്തവണ എല്ലാവരേയും ആദ്യ ഷോ കാണാന്‍ വിളിച്ചു. എന്റെ ഫ്രണ്ട്‌സും റിലേറ്റീവ്‌സും എല്ലാം ആദ്യ ഷോ കാണാന്‍ എത്തി.

എന്നെ അവരാരും ഇങ്ങനെ ഒരു സ്‌പേസില്‍ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഇത് ഭയങ്കര സ്‌പെഷ്യലാണ്. ഈ കഥാപാത്രം എന്നിലേക്ക് എത്തിയതില്‍ സന്തോഷമുണ്ട്. കാരണം ആരും ആലോചിക്കാത്ത ഒരു കാസ്റ്റിങ് ആയിരുന്നു എന്റേയും ബേസിലിന്റേയും. അതുകൊണ്ട് തന്നെ അത് പ്രൂവ് ചെയ്യണമെന്നുണ്ടായിരുന്നു. എന്നെ കൊണ്ട് ഇത് ചെയ്യാന്‍ പറ്റുമോ എന്നറിയില്ലായിരുന്നു. പക്ഷേ നല്ല രീതിയില്‍ ചെയ്യണമെന്നത് ആഗ്രഹമായിരുന്നു. അതിന് വേണ്ടി കുറേ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിന്റെ റിസള്‍ട്ട് ഉണ്ടായിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും സിനിമ കാണണം. സിനിമ കണ്ട് പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയാണ്,’ ദര്‍ശന പറഞ്ഞു.

കുറേ നാളത്തെ തന്റേയും ടീമിന്റേയും അധ്വാനമാണ് ജയ ജയ ജയ ജയഹേയെന്നും എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെട്ടെന്നാണ് കരുതുന്നതെന്നും സംവിധായകന്‍ വിപിന്‍ പറഞ്ഞു. സിനിമ സ്‌ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷമായെന്നും നല്ല ഫീലാണ് കിട്ടിയത്. ഇനി അഭിപ്രായം പറയേണ്ടത് പ്രേക്ഷകരാണെന്നും അദ്ദേഹം പറഞ്ഞു.

Content highlight: Actress Darshana rajendran about Jaya he Movie after Watching First Show