എന്റെ പേര് കേൾക്കുമ്പോൾ ഓർക്കപ്പെടുന്ന ഒരു കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു; ബീന ആന്റണി
malayalam movie
എന്റെ പേര് കേൾക്കുമ്പോൾ ഓർക്കപ്പെടുന്ന ഒരു കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു; ബീന ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st June 2026, 12:15 pm

മഞ്ഞുമ്മൽ ബോയ്സിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ ‘ബാലൻ: ദി ബോയ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. റിലീസിന് മുമ്പ് തന്നെ പ്രീമിയർ പ്രദർശനങ്ങളിലൂടെ സിനിമാ മേഖലയിലെ പ്രമുഖരുടെ പ്രശംസ നേടിയ ചിത്രം പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ശ്രദ്ധ നേടിയിരിക്കുകയാണ് സീരിയൽ താരം ബീന ആന്റണിയും. നടി അവതരിപ്പിച്ച ഷംന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ടെലിവിഷൻ സീരിയൽ രംഗത്ത് വർഷങ്ങളായി തുടരുന്ന താൻ സിനിമയിലേക്കുള്ള ഒരു റീ എൻട്രിക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് ബീന ആന്റണി പറഞ്ഞു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടി.

ബാലൻ: ദി ബോയ്.Photo: screen Grab/ Facebook

‘മുപ്പത്തിയെട്ട് വർഷമായി ഞാൻ അഭിനയരംഗത്തുണ്ട്. യോദ്ധ പോലുള്ള ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് ഞാൻ അഭിനയം പഠിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. എന്നാൽ ഇന്ന് ഇത്രയും വർഷത്തെ സീരിയൽ അഭിനയരംഗത്തെ അനുഭവത്തിന്റെ പുറത്ത് ഒരു കഥാപാത്രം ഉൾക്കൊള്ളാനും അവതരിപ്പിക്കാനുമുള്ള ആത്മവിശ്വാസം എനിക്കുണ്ട്’, ബീന ആന്റണി പറഞ്ഞു

ഞാൻ നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. പക്ഷേ നാളെ ബീന ആന്റണി എന്ന് പറയുമ്പോൾ ഓർമിക്കപ്പെടുന്ന ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചതിൽ സന്തോഷമുണ്ട്,’ ബീന ആന്റണി പറഞ്ഞു.

പൊതുവേ സീരിയൽ രംഗത്ത് അഭിനയിക്കുന്നവരെ ഓവർ ആക്ടിങ് ആണെന്ന് പറഞ്ഞ് മാറ്റിനിർത്താറാണ് പതിവെന്നും ബാലനിൽ ഒരു റോൾ ഉണ്ടെന്ന് പറഞ്ഞു ഗണപതി വിളിച്ചപ്പോൾ വളരെ സന്തോഷമായി എന്നും ബീന ആന്റണി പറഞ്ഞു.

‘കുറേ വർഷങ്ങളായി ഞാൻ സീരിയൽ രംഗത്ത് തന്നെയായിരുന്നു. ഗണപതിയും ചിദംബരവും എന്റെ മക്കളായി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ചിദംബരം ‘ആലിപ്പഴം’ സീരിയലിൽ വർഷങ്ങളോളം എന്റെ മകനായി അഭിനയിച്ചിട്ടുണ്ട്. ഗണപതി ‘കുഞ്ഞാലിമരക്കാരി’ലും മകനായി അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിൽ അമ്മയായി എന്നെ വിളിച്ചില്ലല്ലോ എന്ന് ഞാൻ തമാശയായി പരാതി പറഞ്ഞിരുന്നു.
അങ്ങനെയാണ് ‘ബാലൻ’ സിനിമയിലേക്ക് ഗണപതി എന്നെ വിളിക്കുന്നത്. എന്റെ ഈ കഥാപാത്രം അംഗീകരിക്കപ്പെടുന്നതിലൂടെ സീരിയൽ രംഗത്തെ കഴിവുള്ള ഒരുപാട് കലാകാരന്മാർക്കും കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെയെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,’ ബീന ആന്റണി പറഞ്ഞു.

ബാലൻ: ദി ബോയ്.Photo: screen Grab/ Zee Music

Content Highlight: Actress beena antony talks about her role in the movie Balan;The Boy