നടി ആക്രമിക്കപ്പെട്ട കേസ്: വിസ്താരത്തിനിടെ ഇടവേള ബാബു ദിലീപിന് അനുകൂലമായി കൂറുമാറി
kERALA NEWS
നടി ആക്രമിക്കപ്പെട്ട കേസ്: വിസ്താരത്തിനിടെ ഇടവേള ബാബു ദിലീപിന് അനുകൂലമായി കൂറുമാറി
ന്യൂസ് ഡെസ്‌ക്
Thursday, 5th March 2020, 5:30 pm

എറണാകുളം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനിടെ ഇടവേള ബാബു കൂറുമാറി. കേസില്‍ പ്രതിയായ ദിലീപിന് അനുകൂലമായാണ് കൂറുമാറ്റം. നേരത്തെ അവസരങ്ങള്‍ ദിലീപ് തട്ടികളയുന്നുവെന്ന് നടി പറഞ്ഞതായി ഇടവേള ബാബു പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയില്‍ നിന്നാണ് ഇടവേള ബാബു പിന്മാറിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിനെതിരായുള്ള ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്. എറണാകുളം സിബിഐ കോടതിയില്‍ രഹസ്യമായാണ് മൊഴിയെടുക്കലും എതിര്‍ വിസ്താരവും നടക്കുന്നത്.

മൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ ഹാജരാകാതിരുന്ന കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ ഫെബ്രുവരി 27നാണ് മഞ്ജു വാര്യര്‍ മൊഴി രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ കൃത്യമായ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ഉന്നയിച്ചത് മഞ്ജു വാര്യരാണ്. കൊച്ചിയില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു മഞ്ജു വാര്യരുടെ പ്രസ്താവന.