കടുത്ത അനീതി; നടുറോഡില്‍ ഉപദ്രവിക്കപ്പെട്ടതിന് ഇതാണോ ശിക്ഷ? യഥാര്‍ത്ഥ ശിക്ഷ അതിജീവിതയ്ക്ക്: ഭാഗ്യലക്ഷ്മി
Kerala
കടുത്ത അനീതി; നടുറോഡില്‍ ഉപദ്രവിക്കപ്പെട്ടതിന് ഇതാണോ ശിക്ഷ? യഥാര്‍ത്ഥ ശിക്ഷ അതിജീവിതയ്ക്ക്: ഭാഗ്യലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th December 2025, 6:11 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആറ് പ്രതികള്‍ക്കും ഏറ്റവും കുറഞ്ഞശിക്ഷ വിധിച്ചതിനെ വിമര്‍ശിച്ച് അതിജീവിതയുടെ സുഹൃത്തും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

നടുറോഡില്‍ വെച്ച് രാത്രിയില്‍ ഒരു പെണ്‍കുട്ടിയെ അതിക്രമത്തിനിരയാക്കിയതിന് ഇതാണോ ശിക്ഷയെന്ന് ഭാഗ്യ ലക്ഷ്മി ചോദിച്ചു. ഇതെന്ത് വിധിയാണ്. യഥാര്‍ത്ഥത്തില്‍ ശിക്ഷ ലഭിച്ചിരിക്കുന്നത് അതിജീവിതയ്ക്കാണ്.

ജീവിതകാലം മുഴുവന്‍ ഇതോര്‍ത്ത് കഴിയട്ടെയെന്നാണോ കരുതുന്നത്. പ്രതികള്‍ സ്മാര്‍ട്ടായി, ഭക്ഷണമൊക്കെ കഴിച്ച് അഞ്ചോ ഏഴോ വര്‍ഷം കഴിയുമ്പോള്‍ പുറത്തിറങ്ങി സന്തോഷകരമായ ജീവിതം നയിക്കുമെന്നും അതിജീവിത കരഞ്ഞ് ജീവിതം തീര്‍ക്കട്ടെയെന്ന് പറഞ്ഞതായാണ് ശിക്ഷാ വിധി കേട്ടപ്പോള്‍ തനിക്ക് തോന്നിയതെന്നും ഭാഗ്യലക്ഷ്മി മാതൃഭൂമി ചാനലിനോട് പറഞ്ഞു.

വിധി കേട്ട് കരച്ചില്‍ വരികയാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. എങ്ങനെയാണ് ഇങ്ങനൊരു വിധി പുറപ്പെടുവിക്കാന്‍ കഴിയുന്നത്. ആറ് മണിക്ക് ശേഷം പുറത്തിറങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് ഈ ദുര്‍ഗതിയുണ്ടാകും. ഇതൊക്കെ ഏതാനും വര്‍ഷം ശിക്ഷ അര്‍ഹിക്കുന്ന കുറ്റം മാത്രമാണെന്നാണ് വിധി സൂചിപ്പിക്കുന്നത്.

പ്രതികളുടെ പ്രായവും ജീവിതവും അമ്മയുടെ കണ്ണീരും കുടുംബത്തെയുമെല്ലാം പരിഗണിച്ചുള്ള കോടതി വിധിയെയും ഭാഗ്യലക്ഷ്മി ചോദ്യം ചെയ്തു. അതിജീവിതയ്ക്ക് പ്രായവും അമ്മയുമൊന്നുമില്ലെന്നാണോ പറയുന്നത്. ഇത് അനീതിയാണ്. സഹിക്കാനാകുന്നില്ലെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.


അതേസമയം, കേസില്‍ നിയമവ്യവസ്ഥയിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് നല്‍കിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അജകുമാര്‍ പ്രതികരിച്ചു. ശിക്ഷാ വിധിയില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം കോടതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമവ്യവസ്ഥയിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചത്. 20 വര്‍ഷം ഒരു കോടതിയുടെയും ഔദാര്യമല്ല. അപ്പീലിന് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘പരമാവധി ശിക്ഷയ്ക്കായി വാദിച്ചിരുന്നെങ്കിലും ഐ.പി.സി 376 ഡി വകുപ്പ് പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ജൂഡീഷ്യറി വിധിച്ചത്. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ് വിധി,’ അജകുമാര്‍ പറഞ്ഞു.

Content Highlight: Actress Attack Case: Severe injustice; The real punishment is for survival: Bhagyalakshmi